Begin typing your search above and press return to search.
കുറഞ്ഞ വിലയില്‍ കൂടുതല്‍ മെച്ചം: 'ജിയോഫോണ്‍ നെക്സ്റ്റ്' പുറത്തിറക്കും, റിലയന്‍സ് എജിഎമ്മിലെ പ്രഖ്യാപനങ്ങള്‍ അറിയാം
44 ാമത് ആന്വല്‍ ജനറല്‍ മീറ്റില്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജിയോഫോണ്‍ നെക്സ്റ്റ് സെപ്റ്റംബര്‍ 10ന് പുറത്തിറക്കുമെന്നതടക്കമുള്ള തങ്ങളുടെ ബിസിനസ് വിപുലീകരണ - നിക്ഷേപ പദ്ധതികളുമാണ് മുകേഷ് അംബാനി എജിഎമ്മില്‍ പ്രഖ്യാപിച്ചത്. റിലയന്‍സിന്റെ അന്താരാഷ്ട്രതലത്തിലേക്കുള്ള ചുവടുവയ്പ്പിന്റെ പ്രഖ്യാപനത്തിന് കൂടിയാണ് 44 ാമത് എജിഎം വേദിയായത്.
പ്രഖ്യാപനങ്ങള്‍ ഇങ്ങനെ
* സൗദി അരംകോ ചെയര്‍മാനും പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഗവര്‍ണറുമായ യാസിര്‍ അല്‍-റുമയ്യാനെ റിലയന്‍സ് ബോര്‍ഡില്‍ സ്വതന്ത്ര ഡയറക്ടറായി ഉള്‍പ്പെടുത്തി. റിലയന്‍സും അരംകോയുമായുള്ള കരാര്‍ ഈ വര്‍ഷത്തോടെ യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുമുന്നോടിയാണ് ഈ തീരുമാനം. സൗദി അരംകോയുമായുള്ള കരാറിലൂടെ അന്താരാഷ്ട്ര തലത്തിലേക്കുള്ള വലിയൊരു ചുവടുവയ്പ്പിനാണ് റിലയന്‍സ് ഒരുങ്ങുന്നത്. ''റിലയന്‍സിന്റെ അന്താരാഷ്ട്രവല്‍ക്കരണത്തിന്റെ തുടക്കമാണിത്, വരും കാലങ്ങളില്‍ ഞങ്ങളുടെ അന്താരാഷ്ട്ര പദ്ധതികളെക്കുറിച്ച് നിങ്ങള്‍ കൂടുതല്‍ കേള്‍ക്കും,'' അംബാനി പറഞ്ഞു.
* ഇന്ത്യയില്‍ ഡിജിറ്റലൈസേഷന് അടിത്തറ പാകുന്നതിന് 5 ജി ഗൂഗ്ള്‍ ഐക്ലൗഡും ജിയോയും സംയുക്തമായി പ്രവര്‍ത്തിക്കും. ഇതിന്റെ ഭാഗമായി ഗൂഗ്ള്‍ ഐക്ലൗഡിന്റെ സാങ്കേതികവിദ്യ ജിയോ ഉപയോഗിക്കും. ജിയോ ഇന്ത്യയെ '2 ജി-മുക്ത് മാത്രമല്ല, 5 ജി-യുക്ത്' ആക്കാനും ശ്രമിക്കുകയാണെന്ന് മുകേഷ് അംബാനി പറയുന്നു. ഇന്ത്യയില്‍ ആദ്യമായി 5 ജി സേവനം ആരംഭിക്കുന്നതില്‍ തനിക്ക് വിശ്വാസമുണ്ടെന്നും അംബാനി പറഞ്ഞു.
* ഗൂഗ്‌ളും ജിയോയും സംയുക്തമായുള്ള ജിയോഫോണ്‍ നെക്സ്റ്റ് സെപ്റ്റംബര്‍ 10ന് പുറത്തിറക്കും. പൂര്‍ണമായും ആന്‍ഡ്രോയ്ഡ് സവിശേഷതയുള്ള ജിയോഫോണ്‍ നെക്‌സ്റ്റ് ഏവര്‍ക്കും താങ്ങാവുന്നതാണെന്ന് അംബാനി പറഞ്ഞു. അതിനാല്‍ ജിയോഫോണ്‍ നെക്‌സ്റ്റിന് വലിയ വില വേണ്ടി വരില്ലെന്ന് പ്രതീക്ഷിക്കാം.
* ഊര്‍ജ വ്യവസായ രംഗത്ത് ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായി ധീരുഭായ് അംബാന്‍ ഗ്രീന്‍ എനര്‍ജി ഗിഗാ കോംപ്ലക്‌സ് സൃഷ്ടിക്കും. ഇതിന്റെ പ്രാരംഭ നിക്ഷേപം 75,000 കോടി രൂപയായിരിക്കും.
* റിലയന്‍സ് റീട്ടെയില്‍ 6,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുവെന്ന് അംബാനി പറഞ്ഞു. അടുത്ത 3-5 വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് മൂന്ന് മടങ്ങ് വളര്‍ച്ച കൈവരിക്കാനുള്ള ഉയര്‍ന്ന വളര്‍ച്ചാ പാതയിലാണ് റിലയന്‍സ് റീട്ടെയില്‍.
Next Story
Videos