വനിതാ ജീവനക്കാര്‍ 'സേഫ്' ആവട്ടെ; ഒരു ലക്ഷം പേര്‍ക്ക് ഹോസ്റ്റല്‍ നിര്‍മിക്കാന്‍ ആപ്പിളിന് പദ്ധതി

വനിതാ ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട താമസ സൗകര്യമൊരുക്കുന്നതിന് പ്രമുഖ ടെക് കമ്പനിയായ ആപ്പിളിന്റെ ബൃഹദ് പദ്ധതി വരുന്നു. ഒരു ലക്ഷം വനിതാ ജീവനക്കാര്‍ക്ക് സുരക്ഷിതമായി താമസിക്കാന്‍ അനുയോജ്യമായ ഹോസ്റ്റലുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആപ്പിള്‍ വിഭാവനം ചെയ്യുന്നത്. ആപ്പിള്‍ കമ്പനിയുടെ സപ്ലൈ ചെയിനുകളില്‍ ജോലി ചെയ്യുന്ന വനിതാ ജീവനക്കാര്‍ക്ക് വേണ്ടിയാണ് ഹോസ്റ്റലുകള്‍. ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്റ്റല്‍ സംവിധാനമായി ഇത് മാറും. ചൈനയിലും വിയറ്റ്‌നാമിലും നടപ്പാക്കിയ മോഡലാണ് ഇന്ത്യയില്‍ കൊണ്ടു വരുന്നത്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാകും ഹോസ്റ്റലുകളുടെ നിര്‍മാണം

ചരിത്രത്തില്‍ ഇടം പിടിക്കും

ഇന്ത്യയുടെ വ്യവസായ ചരിത്രത്തില്‍ ഇടം പിടിക്കാവുന്ന കാല്‍വെപ്പാണ് ആപ്പിള്‍ നടത്തുന്നതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇത്രയും ബൃഹത്തായ ഹോസ്റ്റല്‍ പദ്ധതി ഇന്ത്യയില്‍ വേറെയില്ല. നിര്‍മാണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുകള്‍, സ്വകാര്യ കമ്പനികള്‍ എന്നിവരുമായി ആപ്പിള്‍ ചര്‍ച്ച നടത്തി വരികയാണ്. ആപ്പിള്‍ കമ്പനിയുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ഈ സാമ്പത്തിക വര്‍ഷം രണ്ട് ലക്ഷം ജീവനക്കാരെയാണ് നിയമിക്കുന്നത്. ഇതില്‍ 1.75 ലക്ഷം പേരെ വിവിധ സ്ഥലങ്ങളില്‍ നിയമിച്ചു കഴിഞ്ഞു. ഇവരില്‍ 70 ശതമാനം പേരും 18 നും 24 നും ഇടയില്‍ പ്രായമുള്ളവരാണ്. തമിഴ്‌നാട്ടിലും കര്‍ണാടകയിലുമായി ടാറ്റ ഇലക്ട്രോണിക്‌സ്, ഫോക്‌സ് കോണ്‍, പെഗാട്രോണ്‍ എന്നീ കമ്പനികളുടെ ഐഫോണ്‍ നിര്‍മാണ യൂണിറ്റുകളില്‍ 80,000 പേരെ നിയമിച്ചിട്ടുണ്ട്.

40,000 പേര്‍ക്ക് ടാറ്റയുടെ ഹോസ്റ്റല്‍

തമിഴ്‌നാട്ടിലെ ഹൊസൂരില്‍ ടാറ്റ ഇലക്ട്രോണിക്‌സിന്റെ ഐഫോണ്‍ നിര്‍മാണ യൂണിറ്റിലെ വനിതാ ജീവനക്കാര്‍ക്കുള്ള ഹോസ്റ്റല്‍ ടാറ്റ നിര്‍മിക്കും. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള 40,000 വനിതാ ജീവനക്കാര്‍ക്കാണ് ഇവിടെ താമസ സൗകര്യമുണ്ടാകുക. ടാറ്റയുടെ രണ്ട് യൂണിറ്റുകളിലായി 55,000 പേരാണ് ഹൊസൂരില്‍ ജോലി ചെയ്യുന്നത്.

ആപ്പിളിന്റെ മറ്റൊരു നിര്‍മാണ പങ്കാളിയായ സാല്‍കോംപ്, 4,000 വനിതാ ജീവനക്കാര്‍ക്കുള്ള ഹോസ്റ്റല്‍ നിര്‍മിക്കും. ആപ്പിളിന്റെ ഇന്ത്യയിലെ പ്രധാന പങ്കാളിയായ ഫോക്‌സ്‌കോണ്‍ ചെന്നൈയില്‍ നിര്‍മിക്കുന്ന ഹോസ്റ്റല്‍ അവസാനഘട്ടത്തിലാണ്. തമിഴ്‌നാട് സ്‌റ്റേറ്റ് ഇന്‍ഡസ്ട്രീസ് പ്രൊമോഷന്‍ കോര്‍പ്പറേഷനാണ് 18,720 പേര്‍ക്കുള്ള ഈ കെട്ടിടം നിര്‍മിക്കുന്നത്. ശ്രീപെരുമ്പുതൂരില്‍ എസ്.പി.ആര്‍ സിറ്റി എസ്റ്റേറ്റ്‌സ് നിര്‍മിക്കുന്ന ഹോസ്റ്റല്‍ കെട്ടിടത്തില്‍ 16,112 പേര്‍ക്കുള്ള താമസസൗകര്യമുണ്ടാകും. ഫോക്‌സ്‌കോണിന്റെ ആപ്പിള്‍ ഫോണ്‍ നിര്‍മാണ യൂണിറ്റുകളില്‍ 41,000 ജീവനക്കാരാണുള്ളത്. ഇതില്‍ 35,000 പേര്‍ സ്ത്രീകളാണ്.

Related Articles
Next Story
Videos
Share it