ഇലോണ്‍ മസ്‌ക് എന്ന തിരക്കഥാകൃത്ത്, ആളത്ര വെടിപ്പല്ലെന്ന് സോഷ്യല്‍ മീഡിയ

ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ട്വിറ്ററിന്റെ ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനത്തേക്ക് എത്തുമെന്ന് പലരും പ്രതീക്ഷിച്ചതാണ്. ഏറ്റവും വലിയ ഓഹരി ഉടമയായി മസ്‌ക് മാറിയപ്പോള്‍ തന്നെ ട്വിറ്ററിലുണ്ടാവാന്‍ ഇടയുള്ള മാറ്റങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരികളാണ് മസ്‌ക് കൈവശം വെച്ചിരിക്കുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ട്വിറ്ററിന്റെ മോഡറേഷന്‍ പോളിസികളെ മസ്‌ക് ചോദ്യം ചെയ്ത് വരുകയായിരുന്നു. ഡിസംബറില്‍ ട്വിറ്റര്‍ സിഇഒ പരാഗ് അഗള്‍വാളിനെ സോവിയറ്റ് ഏകാധിപതി ആയിരുന്ന ജോസഫ് സ്റ്റാലിനോട് ഉപമിക്കുക പോലും ചെയ്തു. ട്വിറ്ററില്‍ അഭിപ്രായ സ്വാതന്ത്ര്യം സംരംക്ഷിക്കപ്പെടുന്നുണ്ടോ..? എന്ന പോളായിരുന്നു ഇപ്പോഴത്തെ ക്ലൈമാക്‌സ് ഇത്രയും ആവേശകരമാക്കിയത്. താന്‍ പുതിയൊരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം തുടങ്ങുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നുണ്ട് എന്ന് പോലും മസ്‌ക് തട്ടിവിട്ടു.

ശേഷം സിനിമകളിലൊക്കെ കാണും പോലെ, ഞാനാണ് ട്വിറ്ററിലെ ഏറ്റവും വലിയ ഓഹരി ഉടമ എന്ന വെളിപ്പെടുത്തലും, അങ്ങനെ കമ്പനി ബോര്‍ഡിലേക്കും. ഏറ്റവും ഒടുവില്‍ നടത്തിയ പോള്‍ ട്വിറ്ററില്‍ എഡിറ്റ് ഓപ്ഷന്‍ വേണോ എന്ന ചോദ്യവുമായി ആണ്.

യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ തന്റെ ട്വീറ്റുകള്‍ നിരീക്ഷിക്കുന്നതിനെ എതിര്‍ക്കാനാണ് മസ്‌ക് അഭിപ്രായ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്നത് എന്നാണ് ഒരു വിഭാഗം പറയുന്നത്. ട്വീറ്റുകളിലൂടെ ഓഹരി, ക്രിപ്‌റ്റോ വിപണികളെ മസ്‌ക് എങ്ങനെയാണ് സ്വാധീനിക്കുന്നത് എന്ന് എല്ലാവര്‍ക്കും അറിയാം. മസ്‌കിന് ഓഹരികള്‍ സ്വന്തമാക്കി എന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ ട്വിറ്ററിന്റെ ഓഹരിവിലയും കുത്തനെ ഉയര്‍ന്നിരുന്നു.

മസ്‌കിന്റെ സ്വാതന്ത്ര്യവും ട്രംപിന്റെ തിരിച്ചുവരവും

2018ല്‍ തായ് വാനിലെ ഗുഹയില്‍ കുടുങ്ങിയ 12 കുട്ടികളെയും അവരുടെ ഫുഡ്‌ബോള്‍ കോച്ചിനെയും രക്ഷിക്കാന്‍ സഹായിച്ച ബ്രിട്ടീഷ് ഡൈവറെ പീഡോഫൈല്‍ (കുട്ടികളോട് ലൈംഗിക ആസക്തിയുള്ള ആള്‍) എന്ന് ഇലോണ്‍ മസ്‌ക് വിളിച്ചിരുന്നു. രക്ഷാ ദൗത്യത്തിന് താൻ വാഗ്ദാനം ചെയ്ത ചെറു മുങ്ങിക്കപ്പല്‍ അധികൃതര്‍ നിരസിച്ചതായിരുന്നു മസ്‌കിനെ ചൊടിപ്പിച്ചത്. വിമര്‍ശിക്കുന്നവര്‍ക്കെതിരെയും ടെസ്‌ല വാഹനങ്ങളുടെ സുരക്ഷയെപ്പറ്റി ആശങ്ക ഉന്നയിക്കുന്ന ഉപഭോക്താക്കള്‍ക്കെതിരെയും മാനനഷ്ടത്തിന് കേസ് കൊടുക്കുന്നത് മസ്‌കിന്റെ ശീലമാണ്.

ടെസ്‌ല കാറിനെ കുറിച്ചുള്ള പരാതികള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തവരെ, കമ്പനി അധികൃതര്‍ വിളിച്ച് ഭീക്ഷണിപ്പെടുത്തിയ വാര്‍ത്ത ബ്ലൂംബെര്‍ഗ് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അങ്ങനെയുള്ളപ്പോളാണ് അഭിപ്രായ സ്വാതന്ത്രത്തിന്റെ വക്താവായി സ്വയം അവരോധിക്കാനുള്ള മസ്‌കിന്റെ ശ്രമം.

ട്വിറ്ററില്‍ നിര്‍ണായ ശക്തിയായി മസ്‌ക് മാറിയതോടെ , മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിലക്ക് പിന്‍വലിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എന്നാല്‍ ട്രംപിനുള്ള ആജീവനാന്ത വിലക്ക് പിന്‍വലിക്കാന്‍ ആലോചിക്കുന്നില്ല എന്നാണ് ട്വിറ്റര്‍ അറിയിച്ചത്. മസ്‌ക് ഉയര്‍ത്തിപ്പിടിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യ നയം, ട്വിറ്റര്‍ പിന്തുടര്‍ന്നാല്‍ അധികം വൈകാതെ ട്രംപും തിരിച്ചെത്തിയേക്കും.


Amal S
Amal S  

Sub Editor

Related Articles

Next Story

Videos

Share it