നികുതി അടയ്ക്കാന്‍ മസ്‌ക് ടെസ്‌ലയുടെ ഓഹരി വില്‍ക്കുമോ.. അനുകൂലിച്ച് ട്വിറ്റര്‍ പോള്‍

ഇന്നലെയാണ് ഇലക്ട്ക് വാഹന കമ്പനിയായ ടെസ്‌ലയുടെ 10 ശതമാനം ഓഹരി വില്‍ക്കുന്നതിനെ അനുകൂലിക്കുന്നുണ്ടോ എന്ന് ചോദിച്ചുകൊണ്ട് എലോണ്‍ മസ്‌ക് ട്വിറ്ററില്‍ പോള്‍ നടത്തിയത്. അതോടെ മസ്‌കിന്റെ നടപടി ലോകം മുഴുവന്‍ ചര്‍ച്ചയായി. 3,519,252 പേരാണ് പോളില്‍ പങ്കെടുത്തത്. അതില്‍ 57.9 ശതമാനം പേരും മസ്‌കിന്റെ ഓഹരി വില്‍പ്പനയെ അനുകൂലിച്ചു. 42.1 ശതമാനം വേണ്ട എന്നാണ് പറഞ്ഞത്.

വ്യക്തിഗത നികുതി അടയ്ക്കാനാണ് മസ്‌ക് ഓഹരികള്‍ വില്‍ക്കാന്‍ തീരുമാനിച്ചത്. ശതകോടീശ്വരന്മാരുടെ മൂലധന നേട്ടത്തില്‍ നികുതി ചുമത്താനായി അമേരിക്കന്‍ ഭരണകൂടം പദ്ധതിയിടുന്നുണ്ട്. അതിന് പിന്നാലെയാണ് മസ്‌കിന്റെ നടപടി. ലോകത്തെ ഏറ്റവും സമ്പന്നനായ മസ്‌കിന് 31,840 കോടി ഡോളറിന്റെ ആസ്ഥിയുണ്ട്. തൊട്ട് പിന്നിലുള്ള ആമസോണ്‍ സ്ഥാപകന്‍ ജഫ് ബെസോസിന്റെ ആസ്തി 20,300കോടി ഡോളറാണ്.

രണ്ട് അഭിപ്രായങ്ങളില്‍ ഏതെങ്കിലും ഒന്ന് താന്‍ തെരഞ്ഞെടുക്കുമെന്ന് മസ്‌ക് വ്യക്തമാക്കി. നിലവില്‍ 17.05 കോടി ഓഹരികളാണ് മസ്‌കിന് ടെസ്‌ലയിലുള്ളത്. 10 ശതമാനം ഓഹരികള്‍ വിറ്റഴിച്ചാല്‍ തന്നെ ഏകദേശം 21 ബില്യണ്‍ ഡോളര്‍ ലഭിക്കും. പണമോ ബോണസോ ശമ്പളമോ കമ്പനിയില്‍ നിന്ന് എടുക്കാറില്ലെന്നും ഓഹരികള്‍ മാത്രമാണ് ഉള്ളതെന്നും മസ്‌ക് പറഞ്ഞിരുന്നു.

ടെസ്‌ലയിലുള്ള ഓഹരികള്‍ വിറ്റ് 6 ബില്യണ്‍ ഡോളര്‍ ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യപദ്ധതിയിലേക്ക് സംഭാവന നല്‍കുമെന്ന് മസ്‌ക് അറിയിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച എലോണ്‍ മസ്‌കിന്റെ സഹോദരൻ കിംബാല്‍ മസ്‌ക് ടെസ്‌ലയിലെ 88,500 ഓഹരികള്‍ വിറ്റിരുന്നു.


Related Articles
Next Story
Videos
Share it