സ്‌നാപ്ചാറ്റിന്റെ പ്രഖ്യാപനം: സോഷ്യല്‍ മീഡിയ ഓഹരികള്‍ക്ക് വന്‍ തിരിച്ചടി

അമേരിക്കന്‍ വിപണിയില്‍ ടെക് ഓഹരികള്‍ക്കുണ്ടായ തകര്‍ച്ച ഇന്ത്യയിലും തുടരുകയാണ് തുടക്കത്തില്‍ നിഫ്റ്റി (Nifty) ഐടി സൂചിക 2.4 ശതമാനം ഇടിഞ്ഞു. സൂചികയിലെ 10 ഓഹരികളും താഴ്ചയിലായി. മൈന്‍ഡ് ട്രീ (4.31%), എംഫസിസ് (4.25%), എല്‍ ആന്‍ഡ് ടി ഇന്‍ഫോ (3.65%), ടെക് മഹീന്ദ്ര (3.06%), എല്‍ ആന്‍ഡ് ടി ടെക് (2.7%), കോ ഫോര്‍ജ് (2.6%), ടിസിഎസ് (2.82) എന്നിവയ്ക്കാണ് ഇന്ന് രാവിലെ വരെ (മെയ് 25) കൂടുതല്‍ ഇടിവ്.

സ്‌നാപ് ചാറ്റും ഓഹരികളുടെ ഇടിവും
ഒന്നാം പാദ വരുമാനം ഇടിഞ്ഞതായ സ്‌നാപ്ചാറ്റിന്റെ (Snapchat) ഉടമകളായ സ്‌നാപ് ഇന്‍ കോര്‍പറേറ്റഡ് ഫലം പുറത്തുവിട്ടത് ഓണ്‍ലൈന്‍ സോഷ്യല്‍ മീഡിയ (Social Media stocks) കമ്പനികളെയെല്ലാം തകര്‍ച്ചയിലാക്കി. ഓണ്‍ലൈന്‍ പരസ്യ വരുമാനം ഇടിയുകയാണെന്നും വരും പാദങ്ങളില്‍ ഇടിവ് വര്‍ധിക്കുകയേ ഉള്ളൂവെന്നും സ്‌നാപ് സാരഥികള്‍ പറഞ്ഞു.
സ്‌നാപ് ഓഹരി 43 ശതമാനം തകര്‍ച്ചയിലായി. ആല്‍ഫബെറ്റ്, ട്വിറ്റര്‍, പിന്ററസ്റ്റ് തുടങ്ങിയവ നാലു മുതല്‍ 10 വരെ ശതമാനം ഇടിഞ്ഞു. സോഷ്യല്‍ മീഡിയ കമ്പനികളുടെ വിപണിമൂല്യത്തില്‍ ഇന്നലെ 16,500 കോടി ഡോളറിന്റെ നഷ്ടം വന്നു. പരസ്യമാണു സോഷ്യല്‍ മീഡിയയുടെ മുഖ്യ വരുമാനമാര്‍ഗം. അതു കുത്തനേ താഴുകയും ഇനി മാന്ദ്യം വരാമെന്ന ഭീഷണി നിലനില്‍ക്കുകയും ചെയ്യുന്നത്
ടെക് മേഖലയില്‍ മൊത്തം ക്ഷീണമാണ് വരുത്തുന്നത്. ഈ വര്‍ഷമാദ്യം മുതല്‍ ടെക് മേഖല നേരിടുന്ന തിരിച്ചടികള്‍ക്ക് അവസാനമായിട്ടില്ലെന്നാണ് ഇതു കാണിക്കുന്നത്. അമിത വിലയില്‍ ലിസ്റ്റ് ചെയ്ത ഓണ്‍ലൈന്‍ സേവന കമ്പനികളുടെയും ഫിന്‍ ടെക്കുകളുടെയും ഓഹരികള്‍ 60 മുതല്‍ 80 വരെ ശതമാനം ഇടിഞ്ഞു. ടെക് മേഖലയിലെ പല നവാഗതരും കമ്പനി വില്‍ക്കാനോ ലയിപ്പിക്കാനോ മാര്‍ഗം തേടുകയാണ്.


Related Articles
Next Story
Videos
Share it