Begin typing your search above and press return to search.
സഞ്ചാരികള്‍ കേരളത്തെ വിട്ട് രാവണക്കോട്ടയിലേക്ക് പറക്കും; ദക്ഷിണേന്ത്യയ്ക്ക് ചെക്ക് വച്ച് ലങ്കന്‍ നീക്കം!
ദക്ഷിണേന്ത്യ ലക്ഷ്യമിടുന്ന സഞ്ചാരികളെ റാഞ്ചാന്‍ വിപുലമായ പദ്ധതികളുമായി ശ്രീലങ്കന്‍ ടൂറിസം നടത്തുന്ന നീക്കം കേരളത്തിന് തിരിച്ചടിയായേക്കും. ഇപ്പോള്‍ തന്നെ ടൂറിസ്റ്റുകള്‍ പലവിധ കാരണങ്ങളാല്‍ കേരളത്തെ ഒഴിവാക്കുന്ന പ്രവണതയുണ്ട്. വയനാട് പ്രകൃതിക്ഷോഭം ടൂറിസം രംഗത്തെ വലിയ രീതിയില്‍ ബാധിച്ചിരുന്നു. സമാനമായ പ്രതിസന്ധികള്‍ കേരളത്തിലേക്ക് എത്തേണ്ട ടൂറിസ്റ്റുകളെ ശ്രീലങ്കയിലേക്ക് അടുപ്പിക്കുകയാണ്.
വിമാന നിരക്ക് ഉയര്‍ന്നതും ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് ദുഷ്‌കരമായതും കേരളത്തിലേക്കുള്ള ഉത്തരേന്ത്യന്‍ സഞ്ചാരികളുടെ വരവ് കുറയാന്‍ ഇടയാക്കിയിട്ടുണ്ട്. ദീപാവലിയോട് അനുബന്ധിച്ചുണ്ടായ തിരക്ക് കുറയുകയും ചെയ്തിട്ടുണ്ട്. ഈ അവസരത്തില്‍ ശ്രീലങ്കയുടെ ടൂറിസം സൗഹൃദ പദ്ധതികള്‍ കേരളത്തിലെ ടൂറിസം രംഗത്തിന് വലിയ തിരിച്ചടിയാകും.
ടൂറിസം അനുകൂല നയവുമായി ലങ്ക
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് വരുന്ന വിനോദസഞ്ചാരികളെ തങ്ങളുടെ രാജ്യത്തേക്ക് ആകര്‍ഷിക്കുകയെന്ന തന്ത്രം ശ്രീലങ്ക കുറച്ചു നാളായി പയറ്റുന്നുണ്ട്. കേരളത്തിലേക്ക് വന്നിരുന്ന സൗദി അറേബ്യന്‍ സഞ്ചാരികളെ ലക്ഷ്യമിട്ട് വീസ രഹിത പ്രവേശനം പ്രഖ്യാപിച്ചത് ഇതിന്റെ ഭാഗമായിട്ടാണ്. കേരളത്തിലേക്ക് എത്തുന്ന സൗദി സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളായിരുന്നു മൂന്നാറും വായനാടുമെല്ലാം.
കേരളത്തിലെ കാലാവസ്ഥയും ഭൂപ്രകൃതിയുമായും വലിയ സാമ്യമുള്ളതാണ് ലങ്കയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളും. ഇവിടെയാണ് ലങ്കയുടെ ബുദ്ധിപരമായ ഇടപെടല്‍. വിദേശ പൗരന്മാരെ കൂടുതലായി ആകര്‍ഷിക്കാന്‍ അവര്‍ ആവുന്നതെല്ലാം ചെയ്യുന്നു. ലങ്കയിലെ പുതിയ സര്‍ക്കാര്‍ ടൂറിസം വികസനത്തിനായി വലിയ പദ്ധതികളും കൊണ്ടുവരുന്നുണ്ട്.
പ്രസിഡന്റ് അരുണ കുമാര ദിസനായകെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീസ ചട്ടങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടു വന്നു. ടൂറിസ്റ്റ് വീസകള്‍ക്കായി ഓണ്‍ലൈന്‍ സംവിധാനം പുനരാരംഭിക്കുന്നതാണ് ശ്രദ്ധേയമായ മാറ്റം. ഇതിനുള്ള 25 ഡോളര്‍ അപേക്ഷാഫീസ് ഒഴിവാക്കി. ഇന്ത്യയുള്‍പ്പടെ 35 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഫ്രീ വീസ സംവിധാനം ലഭ്യമാണ്. ആറു മാസത്തേക്കാണ് പുതിയ ഇളവുകള്‍.
കരുക്കള്‍ നീക്കി ലങ്കന്‍ എയര്‍വെയ്‌സും
കേരളം ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കു യാത്ര പദ്ധതിയിടുന്നവരെ മാത്രമല്ല ലങ്ക ലക്ഷ്യമിടുന്നത്. ഇൗ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ ലങ്കയിലെത്തിക്കാനും അവര്‍ വലിയ പ്രചാരണം നടത്തുന്നുണ്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ ശ്രീലങ്കന്‍ എയര്‍ലൈന്‍സ് അടുത്തിടെ തീരുമാനിച്ചിരുന്നു. ന്യൂഡല്‍ഹിയില്‍ നിന്ന് ചെന്നൈയിലേക്ക് അവര്‍ ഇന്ത്യയിലെ ഓഫീസ് മാറ്റിയിരുന്നു. ദക്ഷിണേന്ത്യന്‍ സഞ്ചാരികളെ ലക്ഷ്യംവച്ചായിരുന്നു ഈ നീക്കം. നിലവില്‍ 17 മുതല്‍ 21 വരെ പ്രതിവാര ട്രിപ്പുകള്‍ ചെന്നൈയിലേക്ക് ശ്രീലങ്കന്‍ എയര്‍വെയ്‌സ് നടത്തുന്നുണ്ട്. ഇത് വീണ്ടും കൂട്ടാനാണ് നീക്കം.
Next Story
Videos