ദുബൈയില്‍ ടൂറിസം വളര്‍ച്ച ഹൈസ്പീഡില്‍, ജി.സി.സിയില്‍ ഒന്നാം സ്ഥാനത്ത്

ടൂറിസം കൊണ്ട് വളരുന്ന ദുബൈ നഗരം സഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഈ വര്‍ഷം ആദ്യ പാദത്തിലെ കണക്കുകള്‍ പ്രകാരം സഞ്ചാരികളുടെ എണ്ണത്തിലും ഹോട്ടല്‍ ബുക്കിംഗിലും ഇതര ഗള്‍ഫ് നഗരങ്ങളെ അപേക്ഷിച്ച് ദുബൈ മുന്നിലാണ്. ഈ കാലയളവില്‍ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ലോകത്ത് മൂന്നാം സ്ഥാനത്തുമാണ്. 93 ലക്ഷം വിനോദ സഞ്ചാരികളാണ് ആറ് മാസത്തിനിടെ ദുബൈയില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒമ്പത് ശതമാനത്തിന്റെ വര്‍ധന. 2023 ലെ വാര്‍ഷിക കണക്കുകള്‍ പ്രകാരം 1.72 കോടി സന്ദര്‍ശകരാണ് ദുബൈ നഗരത്തില്‍ എത്തിയത്.

ഹോട്ടലുകൾക്ക് ചാകര

പ്രമുഖ റിയല്‍ട്ടി സ്ഥാപനമായ നൈറ്റ് ഫ്രാങ്കിന്റെ ഡാറ്റ പ്രകാരം ദുബൈയിലെ ഹോട്ടലുകളില്‍ 80 ശതമാനവും കഴിഞ്ഞ ആറു മാസം ബുക്കിംഗ് പൂര്‍ത്തിയാക്കി. 155 ഡോളറാണ് ഹോട്ടല്‍ റൂമുകളുടെ ശരാശരി വരുമാനം. ഗള്‍ഫ് നഗരങ്ങളിലുള്ള 2,12,000 ലക്ഷ്വറി ഹോട്ടല്‍ റൂമുകളില്‍ 1,54,000 എണ്ണവും ദുബൈയിലാണ്. നിലവില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ നഗരത്തില്‍ ലക്ഷ്വറി റൂമുകളുടെ എണ്ണം 10 ശതമാനം വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്. ആദ്യ പാദത്തില്‍ യു.എ.ഇ സന്ദര്‍ശിച്ച മൊത്തം ടൂറിസ്റ്റുകളുടെ എണ്ണം 2.82 കോടിയാണ്. 2.74 കോടി ടൂറിസ്റ്റുകള്‍ എത്തിയ സൗദി അറേബ്യയാണ് ജി.സി.സിയില്‍ രണ്ടാം സ്ഥാനത്ത്. ലോക രാജ്യങ്ങള്‍ക്കിയില്‍ 13-ാം സ്ഥാനമാണ് സൗദിക്ക്.

ഗള്‍ഫിന്റെ നട്ടെല്ലായി വിനോദസഞ്ചാരം

വിനോദ സഞ്ചാരത്തിലൂടെ വരുമാനം വര്‍ധിപ്പിക്കുകയെന്ന ഗള്‍ഫ് രാജ്യങ്ങളുടെ സമീപകാല തന്ത്രം വിജയം കാണുന്നുണ്ട്. നൈറ്റ് ഫ്രാങ്കിന്റെ കണക്കുകള്‍ പ്രകാരം ട്രാവല്‍ ആന്റ് ടൂറിസം മേഖലയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഗള്‍ഫ് രാജ്യങ്ങള്‍ 45.3 ശതമാനം വളര്‍ച്ചയുണ്ടാക്കിയിട്ടുണ്ട്. സൗദി സര്‍ക്കാരിന്റെ വിഷന്‍ 2030 പദ്ധതിയും യു.എ.ഇയുടെ ഡി-33 സാമ്പത്തിക അജണ്ടയും ഇക്കാര്യത്തില്‍ ഏറെ സഹായകരമാകുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ഈ വര്‍ഷം ആദ്യ പാദത്തില്‍ സൗദിയിലെ ലക്ഷ്വറി ഹോട്ടല്‍ മുറികളില്‍ 64 ശതമാനം ബുക്കിംഗ് നടന്നു. അടുത്ത രണ്ട് വര്‍ഷത്തില്‍ ഈ മേഖലയിൽ 29 ശതമാനത്തിന്റെ വളര്‍ച്ച പ്രതീക്ഷിക്കുന്നുണ്ട്. ഖത്തറില്‍ ലോക കപ്പ് ഫുട്ബാളിന് ശേഷം ടൂറിസം രംഗത്തും ഹോട്ടല്‍ ബുക്കിംഗിലും വര്‍ധനവുണ്ടായി. 2022 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം 46 ശതമാനം ടൂറിസ്റ്റുകളാണ് അധികമായി ഖത്തറില്‍ എത്തിയത്.

Related Articles

Next Story

Videos

Share it