
ഓണ്‍ലൈന്‍ ടാക്സികള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കുകയാണ്. ഓല, ഉബര്‍ തുടങ്ങിയവയുടെ ജനപ്രീതി ഇതാണ് വെളിവാക്കുന്നത്. കുറഞ്ഞ നിരക്കില്‍ മെച്ചപ്പെട്ട സേവനം നല്‍കുന്നതിനായി സംസ്ഥാന സർക്കാർ ആരംഭിച്ച ഓൺലൈൻ ടാക്‌സി സർവീസ് ആയിരുന്നു 'കേരള സവാരി'.
സോഫ്റ്റ്‌വെയർ പ്രശ്‌നങ്ങളും സർക്കാർ അംഗീകൃത നിരക്കിൽ സർവീസ് നടത്താൻ ഡ്രൈവർമാർ വിമുഖത കാട്ടിയതും മൂലം തുടങ്ങി കുറച്ചു നാളുകള്‍ക്ക് ശേഷം പദ്ധതി താല്‍ക്കാലികമായി നിര്‍ത്തുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും പദ്ധതിക്ക് ജീവന്‍ വെച്ചിരിക്കുകയാണ്.
പുതിയ രീതിയില്‍ സവാരി ആരംഭിക്കാനുളള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു. ഇതിനായി കൂടുതൽ തുക ചെലവഴിക്കാനാണ് തീരുമാനം.
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡാണ് പദ്ധതിയുടെ നടത്തിപ്പു ചുമതല നിര്‍വഹിക്കുന്നത്. പദ്ധതിയുടെ പരസ്യത്തിനും ബോധവൽക്കരണത്തിനുമായി 69.32 ലക്ഷം രൂപയാണ് ചെലവഴിച്ചത്. എന്നിട്ടും പൊതുജനങ്ങൾക്കിടയിൽ ശ്രദ്ധ നേടുന്നതിന് സേവനത്തിന് സാധിച്ചില്ല. നേരത്തെ സംഭവിച്ച പിഴവുകള്‍ ഒഴിവാക്കിയാകും പുതിയ രൂപത്തില്‍ പദ്ധതി അവതരിപ്പിക്കുക.
സർക്കാർ അംഗീകൃത നിരക്കിൽ സർവീസ് നടത്താൻ ഡ്രൈവർമാർ വിമുഖത കാട്ടിയതിനെ തുടർന്ന് നിരക്ക് പുതുക്കുന്ന കാര്യം സർക്കാർ പരിഗണനയിലാണ്. വിഷയം പഠിക്കാൻ ജൂണിൽ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. സർക്കാർ അംഗീകരിച്ച നിരക്കിനേക്കാൾ ഉയർന്ന നിരക്ക് ഈടാക്കുന്നതിന് നിരോധനമുണ്ട്. ഇത് ലംഘിക്കുന്ന സ്വകാര്യ ഓൺലൈൻ ടാക്‌സി ഓപ്പറേറ്റർമാരെ നിയന്ത്രിക്കാൻ സർക്കാർ നിയമ ഭേദഗതിക്ക് ഒരുങ്ങുകയാണ്. ഇതിനിടെയാണ് 'കേരള സവാരി'യുടെ നിരക്ക് വർധിപ്പിക്കാനുളള നിര്‍ദേശങ്ങള്‍ അധികൃതര്‍ പരിഗണിക്കുന്നത്.
സവാരിയുടെ സോഫ്റ്റ്‌വെയർ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസിനെയാണ് (ഐ.ടി.ഐ) ചുമതലപ്പെടുത്തിയിരിക്കുന്നത്.
മറ്റ് ഏജൻസികളുമായി സഹകരിച്ച് 'കേരള സവാരി' പുനരാരംഭിക്കാൻ സർക്കാർ പദ്ധതിയിടുന്നതായി വാർത്തകളുണ്ടായിരുന്നു. എന്നാല്‍ ഇത്തരം ഒരു നീക്കം നടത്തുന്നില്ലെന്നാണ് മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കിയത്.
തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ 2022 ലാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആരംഭിച്ചത്. എന്നാല്‍ കുറച്ചു നാളുകള്‍ക്ക് ശേഷം പദ്ധതി മുടങ്ങുകയായിരുന്നു. തുടര്‍ന്ന് പദ്ധതി ഘട്ടംഘട്ടമായി സംസ്ഥാനമാകെ നടപ്പാക്കാനായിരുന്നു തീരുമാനം.
സംവിധാനത്തിന്റെ ഭാഗമായ ഡ്രൈവർമാർക്ക് ആവശ്യമായ പിന്തുണ ലഭിച്ചില്ലെന്നും പരാതികള്‍ ഉയര്‍ന്നിരുന്നു. ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് ആരംഭിക്കുന്നതില്‍ ക്ഷേമനിധി ബോര്‍ഡിന് സംഭവിച്ച ആസൂത്രണ കുറവ് നികത്തിയായിരിക്കും പുതിയ രൂപത്തില്‍ എത്തുക.
Read DhanamOnline in English
Subscribe to Dhanam Magazine