ശ്രീലങ്കയിലേക്ക് ഇനി കപ്പലില്‍ പോകാം; 12 വര്‍ഷത്തിന് ശേഷം വീണ്ടും സര്‍വീസ്

ഒരു വ്യാഴവട്ടക്കാലത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യക്കും ശ്രീലങ്കയ്ക്കുമിടയില്‍ യാത്രാക്കപ്പല്‍ സര്‍വീസിന് വീണ്ടും തുടക്കം. ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, തമിഴ്‌നാട് മാരീടൈം ബോര്‍ഡ് എന്നിവ സഹകരിച്ചാണ് സര്‍വീസിന് തുടക്കമിടുന്നത്.

തമിഴ്‌നാട്ടിലെ നാഗപട്ടിണത്ത് നിന്ന് ശ്രീലങ്കയിലെ ജാഫ്‌നയിലുള്ള കങ്കേശന്‍തുറയിലേക്കാണ് സര്‍വീസ്. യാത്രാക്കപ്പലിന്റെ പരീക്ഷണയാത്ര വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.
സര്‍വീസിനായുള്ള എച്ച്.എസ്.സി ചെറിയപാനി (HSC Cheriyapani) എന്ന ചെറുകപ്പല്‍ (Vessel) നിര്‍മ്മിച്ചത് കൊച്ചി കപ്പല്‍ശാലയിലാണ് (കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്).
150 പേര്‍, മൂന്ന് മണിക്കൂര്‍

ഇന്ത്യയ്ക്കും പ്രത്യേകിച്ച് തമിഴ്‌നാടിനും ശ്രീലങ്കയ്ക്കും ഇടയിലെ യാത്ര, ചരക്ക് ആവശ്യങ്ങള്‍ക്ക് പുത്തന്‍ ഊര്‍ജം പകരാന്‍ യാത്രാക്കപ്പല്‍ സര്‍വീവിസിന് കഴിയുമെന്നാണ് പ്രതീക്ഷ. ഒരേസമയം 150 പേര്‍ക്ക് യാത്ര ചെയ്യാന്‍ ചെറിയപാനിയില്‍ സൗകര്യമുണ്ട്. പൂര്‍ണമായും എ.സിയാണ് കപ്പല്‍. ഏകദേശം മൂന്ന് മണിക്കൂറാണ് ഒറ്റ സര്‍വീസിനെടുക്കുന്ന സമയം. 7,670 രൂപയാണ് ടിക്കറ്റ് നിരക്ക്. 40 കിലോഗ്രാം വരെ ലഗേജ് സൗജന്യമായി കൊണ്ടുപോകാം.

ചരിത്രപരമായ ബന്ധം
ഇന്ത്യയും ശ്രീലങ്കയും തമ്മിലെ ചരിത്രപരമായ ബന്ധങ്ങള്‍ക്ക് തെളിവുകള്‍ ധാരാളം. പതിറ്റാണ്ടുകള്‍ക്ക് മുമ്പുവരെ തമിഴ്‌നാടിനും ശ്രീലങ്കയ്ക്കുമിടയില്‍ കപ്പല്‍ സര്‍വീസ് സാധാരണമായിരുന്നു.
ശ്രീലങ്കയിലെ ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് പിന്നീട് 1982ല്‍ സര്‍വീസുകള്‍ നിലച്ചു. തൂത്തുക്കുടി തുറമുഖത്തെ ബന്ധിപ്പിച്ച് ചെന്നൈ-കൊളംബോ പാതയിലായിരുന്നു നേരത്തേ സര്‍വീസുകള്‍.
ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം പിന്നീട് രാമേശ്വരത്തെ ധനുഷ്‌കോടി, ശ്രീലങ്കയിലെ തലൈമാന്നാര്‍ എന്നിവയെ ബന്ധിപ്പിച്ച് 2011ല്‍ സര്‍വീസ് ആരംഭിച്ചെങ്കിലും അഭയാര്‍ത്ഥി പ്രവാഹം വര്‍ദ്ധിച്ച പശ്ചാത്തലത്തില്‍ നിറുത്തുകയായിരുന്നു.
ശ്രീലങ്കയുമായി ബന്ധിപ്പിച്ചുള്ള പുതിയ സര്‍വീസ് മധുര, തിരുച്ചിറപ്പിള്ളി, തഞ്ചാവൂര്‍, വേളാങ്കണ്ണി തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള ശ്രീലങ്കക്കാരുടെ ഒഴുക്കും വര്‍ദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷ. ശ്രീലങ്കയിലേക്ക് കപ്പലില്‍ വിനോദ സഞ്ചാരത്തിന് പോകാനാഗ്രഹിക്കുന്നവര്‍ക്കും സര്‍വീസ് നേട്ടമാണ്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it