റെയില്‍വേ വരുന്നൂ സൂപ്പര്‍ ആപ്പുമായി; ടിക്കറ്റ് ബുക്ക് ചെയ്യാം, ട്രെയിന്‍ ട്രാക്ക് ചെയ്യാം

ടിക്കറ്റ് ബുക്ക് ചെയ്യാനും ട്രെയിന്‍ എവിടെ എത്തി എന്ന് ട്രാക്ക് ചെയ്യാനും നിലവില്‍ നിരവധി മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉപയോക്താക്കള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. റെയില്‍വേ തന്നെ ഡസനിലധികം ആപ്പുകള്‍ പലവിധ സേവനങ്ങള്‍ക്കായി പുറത്തിറക്കിയിരുന്നു. നിരവധി സ്വകാര്യ ആപ്പുകളും പലരും ഉപയോഗിക്കുന്നുണ്ട്.

എന്നാല്‍, വിവിധ സേവനങ്ങള്‍ക്കായി ഇനി വെവ്വേറെ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ബുദ്ധിമുട്ടേണ്ട. എല്ലാ സേവനങ്ങളും വിരല്‍ത്തുമ്പില്‍ കിട്ടുന്ന ഒറ്റ മൊബൈല്‍ ആപ്പ് - സൂപ്പര്‍ ആപ്പ് - പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് റെയില്‍വേ. 86.56 കോടി രൂപ ചെലവഴിച്ചാണ് പുതിയ ആപ്പ് ഒരുക്കുന്നത്.
ഒരേയൊരു ആപ്പ്
സേവനങ്ങളെല്ലാം ഒറ്റ ആപ്പില്‍ കിട്ടുമെന്നത് ഉപയോക്താക്കളെ നിരവധി ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് ഒഴിവാക്കാന്‍ സഹായിക്കും. മാത്രമല്ല, സ്വകാര്യ ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ പലര്‍ക്കും സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടാകും.
റെയില്‍വേയുടെ സ്വന്തം ആപ്പ് ഉപയോഗിക്കുമ്പോള്‍ ആ ആശങ്കയും വേണ്ടെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു. റെയില്‍വേയുടെ വിവിധ ആപ്പുകളുടെ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ് സൂപ്പര്‍ ആപ്പിലൂടെ. സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് (CRIS) ആണ് ആപ്പ് സജ്ജമാക്കുന്നത്.
ഏതൊക്കെ സേവനങ്ങള്‍
അണ്‍-റിസര്‍വ്ഡ് ടിക്കറ്റ് ബുക്കിംഗ് (UTS), ട്രെയിന്‍ എന്‍ക്വയറി, പരാതികള്‍ നല്‍കല്‍, ട്രെയിന്‍ എവിടെ എത്തിയെന്നറിയാന്‍ ട്രാക്കിംഗ് തുടങ്ങിയ സേവനങ്ങള്‍ സൂപ്പര്‍ ആപ്പ് വഴി യാത്രക്കാര്‍ക്ക് ലഭിക്കും.
റെയില്‍ കണക്റ്റ് (ടിക്കറ്റ് ബുക്കിംഗ് ആന്‍ഡ് കാന്‍സലേഷന്‍), ഇ-കാറ്ററിംഗ്, വിമാന ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയ ഐ.ആര്‍.സി.ടി.സി സേവനങ്ങളും ലഭിക്കുമെന്നതാണ് മറ്റൊരു സവിശേഷത.
Related Articles
Next Story
Videos
Share it