യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് യൂറോപ്പിലേക്കുള്ള യാത്ര ഇനി കൂടുതല്‍ എളുപ്പം
യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് യൂറോപ്പിലേക്കുള്ള യാത്രകള്‍ ഇനി കൂടുതല്‍ എളുപ്പമാകും. താങ്ങാനാവുന്ന വിമാന നിരക്കില്‍ ഇനി യു.എ.ഇയില്‍ നിന്നും യൂറോപ്പിലെത്താം. മാത്രമല്ല ഷെന്‍ഗെന്‍ വീസകളുടെ പ്രോസസിംഗ് സമയം ശരാശരി രണ്ടാഴ്ചയോ അതില്‍ താഴെയോ ആയി കുറയുകയും ചെയ്യും.
അടുത്തിടെ ആരംഭിച്ച ശൈത്യകാല യാത്രാ സീസണില്‍ ക്രിസ്മസ്, ന്യൂ ഇയര്‍ സമയത്ത് യു.എ.ഇ, ജി.സി.സി എന്നിവിടങ്ങളില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് അവധി ആഘോഷിക്കാന്‍ പോയവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണുണ്ടായത്.
ഇനി അധികം കാത്തിരിക്കേണ്ട
ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ അവസാനം വരെയുള്ള കാലയളവില്‍ ഷെന്‍ഗെന്‍ വീസയ്ക്ക് അപേക്ഷിച്ചാല്‍ സാധാരണയായി അത് പ്രോസസ് ചെയ്യാന്‍ ഒന്നോ രണ്ടോ മാസം വരെ എടുക്കും. ഇത് പലപ്പോഴും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഈ കാത്തിരിപ്പ് സമയമാണ് യു.എ.ഇയിലെ പ്രവാസികള്‍ക്ക് രണ്ടാഴ്ചയോ അതില്‍ താഴെയോ ആയി കുറയുന്നത്. നിലവില്‍ യു.എ.ഇയിലെ യൂറോപ്യന്‍ എംബസികള്‍ ബുക്കിംഗിനായി സ്ലോട്ടുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇത് വീസകള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രോസസ് ചെയ്യാന്‍ അനുവദിക്കുന്നു.
സ്വിറ്റ്‌സര്‍ലന്‍ഡ്, സ്‌പെയിന്‍, ഫ്രാന്‍സ്, ഇറ്റലി, ഹംഗറി, ഓസ്ട്രിയ തുടങ്ങി യൂറോപ്പിലെ 27 രാജ്യങ്ങള്‍ ഒറ്റ വീസയില്‍ സന്ദര്‍ശിക്കാവുന്ന സൗകര്യമാണ് ഷെന്‍ഗെന്‍ വീസ. നിശ്ചിത കാലയളവില്‍ ഈ 27 രാജ്യങ്ങള്‍ സന്ദര്‍ശിക്കാനും അവിടങ്ങളില്‍ താമസിക്കാനുമാകും.