കേരളത്തിന് പുത്തന്‍ ദ്വൈവാര എക്‌സ്പ്രസ് ട്രെയിന്‍, പച്ചക്കൊടി കാട്ടി മോദി; വന്ദേഭാരത് മംഗലാപുരത്തേക്കും

കേരളത്തിന് പുത്തന്‍ എക്‌സ്പ്രസ് ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊല്ലത്തുനിന്ന് തിരുപ്പതിയിലേക്ക് സര്‍വീസ് നടത്തുന്ന കൊല്ലം-തിരുപ്പതി ദ്വൈവാര എക്‌സ്പ്രസ് ട്രെയിനിനാണ് പ്രധാനമന്ത്രി ഓണ്‍ലൈനായി പച്ചക്കൊടി വീശിയത്.
ബുധന്‍, ശനി ദിവസങ്ങളില്‍ കൊല്ലത്തുനിന്ന് പുറപ്പെടുന്ന ട്രെയിനാണിത്. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് തിരുപ്പതിയില്‍ നിന്ന് പുറപ്പെടുക. ഉച്ചയ്ക്ക് 2.40ന് തിരുപ്പതിയില്‍ നിന്ന് സര്‍വീസ് ആരംഭിക്കും. അടുത്തദിവസം രാവിലെ 6.20ന് കൊല്ലത്തെത്തും. കൊല്ലത്തുനിന്ന് രാത്രി 10.45ന് പുറപ്പെടും; അടുത്തദിവസം രാവിലെ 3.20ന് തിരുപ്പതിയിലെത്തും.
കേരളത്തില്‍ നിന്ന് തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിന് പോകുന്നവര്‍, തമിഴ്‌നാട്ടിലും ആന്ധ്രയിലും പഠന, ജോലി ആവശ്യങ്ങള്‍ക്ക് പോകുന്നവര്‍ തുടങ്ങിയവര്‍ക്ക് പ്രയോജനപ്പെടുന്നതാണ് സര്‍വീസ്. മാത്രമല്ല, ആന്ധ്ര, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നും മദ്ധ്യകേരളത്തില്‍ നിന്നും ശബരിമലയിലേക്ക് പോകുന്നവര്‍ക്കും പുതിയ എക്‌സ്പ്രസ് ഉപകാരപ്രദമാകുമെന്നാണ് പ്രതീക്ഷകള്‍. ശബരിമല-തിരുപ്പതി തീര്‍ത്ഥാടകര്‍ക്ക് പ്രയോജനപ്പെടുംവിധം ട്രെയിന്‍ സര്‍വീസ് വേണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യത്തിനാണ് ഇതോടെ പച്ചവെളിച്ചം തെളിഞ്ഞത്.
ട്രെയിന്‍ കോട്ടയം വഴി, സ്റ്റോപ്പുകള്‍ ഇങ്ങനെ
കേരളത്തില്‍ കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗണ്‍ (നോര്‍ത്ത്), ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, പാലക്കാട് ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.
കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ടൈ, കാട്പാടി, ചിറ്റൂര്‍, തിരുപ്പതി എന്നിവയാണ് ട്രെയിനിന്റെ മറ്റ് സ്റ്റോപ്പുകള്‍.
വന്ദേഭാരത് ഇനി മംഗലാപുരത്തേക്ക്
ആലപ്പുഴ വഴിയോടുന്ന കേരളത്തിന്റെ രണ്ടാം വന്ദേഭാരത് ഇന്നുമുതല്‍ മംഗലാപുരത്തേക്കാണ് സര്‍വീസ് നടത്തുക. ഇതുവരെ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയായിരുന്നു ഓട്ടം.
നിലവില്‍ തിരുവനന്തപുരം-കാസര്‍ഗോഡ് വന്ദേഭാരതിന് തിങ്കളാഴ്ച സര്‍വീസില്ല. തിരികെ, ചൊവ്വാഴ്ച കാസര്‍ഗോഡ്-തിരുവനന്തപുരം സര്‍വീസും നടത്താറില്ല. ജൂലൈ 5 മുതല്‍ ബുധനാഴ്ചകളിലൊഴികെ എല്ലാദിവസവും ട്രെയിന്‍ സര്‍വീസ് നടത്തും. അതേസമയം, ഇതിനകം ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ജൂലൈ 4 വരെ ട്രെയിന്‍ എല്ലാ ദിവസവും സര്‍വീസ് നടത്തും.
Related Articles
Next Story
Videos
Share it