കോഴിക്കോട് വിമാനത്താവളത്തിന്റെ സ്വകാര്യവല്‍ക്കരണം അടുത്ത വര്‍ഷം? സൂചനകള്‍ ഇങ്ങനെ

തിരുവനന്തപുരം വിമാനത്താവളത്തിന് ശേഷം കേരളത്തില്‍ നിന്ന് കോഴിക്കോട് വിമാനത്താവളം കൂടി സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള നീക്കം കേന്ദ്രവ്യോമയാന മന്ത്രാലയത്തിന്റെ സജീവ പരിഗണയിൽ. അടുത്ത വര്‍ഷത്തോടെ സ്വകാര്യവല്‍ക്കരണം നടന്നേക്കും. അദാനി ഗ്രൂപ്പ് ഉള്‍പ്പടെയുള്ള കമ്പനികള്‍ വിമാനത്താവളം ഏറ്റെടുക്കാനായി തയ്യാറെടുക്കുന്നുണ്ട്. രാജ്യത്ത് എയര്‍പോര്‍ട്ട് അതോരിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള കൂടുതല്‍ വിമാനത്താവളങ്ങള്‍ ഏറ്റെടുക്കുന്നതിന് ശ്രമിക്കുമെന്ന് അദാനി ഗ്രൂപ്പ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് വ്യക്തമാക്കിയിരുന്നു. കോഴിക്കോട് വിമാനത്താവളത്തിന്റെ സ്വകാര്യവല്‍ക്കരണം അടുത്ത വര്‍ഷമുണ്ടാകുമെന്ന് എം.കെ.രാഘവന്‍ എം.പി കഴിഞ്ഞ ദിവസം മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് കോഴിക്കോട്ട് സംഘടിപ്പിച്ച ഒരു ചടങ്ങില്‍ അറിയിച്ചിരുന്നു.

ഘട്ടംഘട്ടമായി 25 വിമാനത്താവളങ്ങള്‍ കൂടി

എയര്‍പോര്‍ട്ട് അതോരിറ്റിയുടെ കീഴില്‍ വിവിധ സംസ്ഥാനങ്ങളിലുള്ള 25 വിമാനത്താവളങ്ങള്‍ ഘട്ടംഘട്ടമായി സ്വകാര്യവല്‍ക്കരിക്കുമെന്നാണ് സൂചനകള്‍. 2025 ഓടെ ഇത് പ്രാബല്യത്തിലാക്കുമെന്നാണ് ഒരു വര്‍ഷം മുമ്പ് അന്നത്തെ വ്യോമയാന സഹമന്ത്രി വി.കെ.സിംഗ് രാജ്യസഭയില്‍ പറഞ്ഞത്. കോഴിക്കോടിന് പുറമെ ഭുവനേശ്വര്‍, വാരണാസി, അമൃത്സര്‍, തിരുച്ചിറപ്പള്ളി, ഇന്‍ഡോര്‍, റായ്പൂര്‍, കോയമ്പത്തൂര്‍, നാഗ്പൂര്‍, പറ്റ്‌ന, മഥുര, സൂറത്ത്, റാഞ്ചി, ജോധ്പൂര്‍, ചെന്നൈ, വിജയവാഡ, വഡോദര, ഭോപ്പാല്‍, തിരുപ്പതി, ഹുബ്ലി, ഇംഫാല്‍, അഗര്‍ത്തല, ഉദയ്പൂര്‍, ഡെറാഡൂണ്‍, രാജമുണ്ട്രി എന്നീ വിമാനത്താവളങ്ങളാണ് കേന്ദ്രസര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണ പട്ടികയിലുള്ളത്. ഒന്നോ രണ്ടോ ഘട്ടമായായിരിക്കും സ്വകാര്യ വല്‍ക്കരണം നടക്കുന്നത്.

വകുപ്പുമാറ്റം ബാധിക്കുമോ?

വിമാനത്താവള സ്വകാര്യവല്‍ക്കരണം ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷമുണ്ടാകുമെന്ന് കോര്‍പ്പറേറ്റ് ലോകത്ത് പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. ഇതു സംബന്ധിച്ച സൂചനകള്‍ ഇത്തവണത്തെ കേന്ദ്രബജറ്റില്‍ ഉണ്ടാകുമെന്ന് കണക്കുകൂട്ടിയിരുന്നെങ്കിലും തെരഞ്ഞെടുപ്പ് ഫലം കാര്യങ്ങള്‍ മാറ്റിമറിച്ചതായാണ് സംശയിക്കുന്നത്. വകുപ്പു വിഭജനത്തില്‍ വ്യോമയാന മന്ത്രാലയത്തിന്റെ ചുമതല ഘടകകക്ഷിയായ തെലുങ്ക് ദേശം പാര്‍ട്ടിക്കാണ് ലഭിച്ചത്. ഇതോടെ നയപരമായ കാര്യങ്ങളില്‍ മാറ്റങ്ങള്‍ക്കുള്ള സാധ്യത വളര്‍ന്നു. ബി.ജെ.പി അംഗമായിരുന്ന ജ്യോതിരാദിത്യ സിന്ധ്യക്കു പകരം വകുപ്പിന്റെ ചുമതല ഇപ്പോൾ ടി.ഡി.പിയുടെ രാം മോഹന്‍ നായിഡുവിനാണ്. ഈ മാറ്റം സ്വകാര്യവല്‍ക്കരണ തീരുമാനങ്ങളെ സ്വാധീനിക്കാമെന്നാണ് വിലയിരുത്തല്‍.

കോഴിക്കോട് രണ്ടാം ഘട്ടത്തില്‍

കോഴിക്കോടിന്റെ സ്വകാര്യവല്‍ക്കരണം രണ്ടാംഘട്ടത്തിലായിരിക്കുമെന്നാണ് സുചനകള്‍. സംസ്ഥാന സര്‍ക്കാരിന് കൂടി പങ്കാളിത്തമുള്ള വിമാനത്താവളത്തില്‍ നിലവില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നുണ്ട്. ഈ ഘട്ടത്തില്‍ വിമാനത്താവളം ഏറ്റെടുക്കാന്‍ സ്വകാര്യ കമ്പനികള്‍ മുന്നോട്ടു വന്നേക്കില്ല. സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് വികസന പ്രവൃത്തികള്‍ പൂര്‍ത്തിയാകുമ്പോള്‍ മാത്രമായിരിക്കും കമ്പനികള്‍ താല്‍പര്യം കാണിക്കുന്നത്. അമൃത്സര്‍, വരാണസി, ഭുവനേശ്വര്‍, ഇന്‍ഡോര്‍, റായ്പൂര്‍, തിരുച്ചിറപ്പള്ളി വിമാനത്താവളങ്ങളുടെ സ്വകാര്യവല്‍ക്കരണം വേഗത്തില്‍ ഉണ്ടായേക്കും. ഇതിനായി അദാനി ഗ്രൂപ്പ് ഉള്‍പ്പടെയുള്ള ഏതാനും കമ്പനികള്‍ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ തയ്യാറെടുപ്പുകള്‍ തുടങ്ങിയിട്ടുണ്ട്. കമ്പനിയുടെ നിലവിലുള്ള എയര്‍പോര്‍ട്ട് നെറ്റ്‌വര്‍ക്ക് വിപുലപ്പെടുത്താനായി പൊതു ഉടമയിലുള്ള കൂടുതല്‍ വിമാനത്താവളങ്ങള്‍ ഏറ്റെടുക്കുമെന്ന് അദാനി ഗ്രൂപ്പ് തെരഞ്ഞെടുപ്പിന് മുമ്പ് വ്യക്തമാക്കിയിരുന്നു. ഉപഭോക്താക്കളുടെ ക്ഷേമത്തിന്റെ കാര്യത്തിലും കാര്‍ഗോ മേഖലയിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്താനും കൂടുതല്‍ വിമാനത്താവളങ്ങള്‍ കമ്പനിയുടെ പ്രധാന പരിഗണനയാണെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Next Story

Videos

Share it