ഷെന്‍ഗെന്‍ വിസ ഇന്ത്യക്കാര്‍ക്ക് എളുപ്പമാകും; പുതിയ പരിഷ്‌കാരവുമായി യൂറോപ്യന്‍ യൂണിയന്‍

ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കായി വാതില്‍ തുറന്നിട്ട് ഷെന്‍ഗെന്‍ വിസയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് യൂറോപ്യന്‍ യൂണിയന്‍. ഇനി ഓരോ യാത്രയ്ക്കും പ്രത്യേക ഷെന്‍ഗെന്‍ വിസയ്ക്ക് അപേക്ഷിക്കേണ്ട ആവശ്യമില്ല. 5 വര്‍ഷം വരെ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ഷെന്‍ഗെന്‍ വിസകള്‍ ഇന്ത്യക്കാര്‍ക്ക് ഇനിമുതല്‍ ലഭിക്കും.
ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള കരാറിന്റെ ഭാഗമായിട്ടാണ് പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചത്. യൂറോപ്പിലേക്ക് സന്ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് പുതിയ ഇളവുകള്‍ വലിയ തോതില്‍ ഗുണം ചെയ്യും. ഷെന്‍ഗെന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ നേരിട്ടിരുന്ന പ്രധാന പ്രശ്‌നമായിരുന്നു വിസ കാലാവധിയിലെ കുറവ്. മാത്രവുമല്ല വിസ ലഭിക്കുന്നതിന് വലിയ കടമ്പകള്‍ മറികടക്കേണ്ട അവസ്ഥയും നിലനിന്നിരുന്നു.
ഇന്ത്യക്കാര്‍ക്കും യൂറോപ്പിനും ഗുണം
പുതിയതായി കൊണ്ടുവന്ന കാസ്‌കേഡ് സംവിധാനം അനുസരിച്ച് ഇന്ത്യക്കാര്‍ക്ക് ആദ്യം രണ്ടുവര്‍ഷ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയാകും കിട്ടുക. തൊട്ടുമുമ്പുള്ള മൂന്ന് വര്‍ഷത്തിനിടെ രണ്ട് ഷെന്‍ഗെന്‍ വിസ കിട്ടുകയും അത് കൃത്യമായി ഉപയോഗിക്കുകയും ചെയ്തിരിക്കണമെന്നാണ് വ്യവസ്ഥ. ഈ പ്രക്രിയ പൂര്‍ത്തിയായാല്‍ അഞ്ചു വര്‍ഷ കാലാവധിയുള്ള വിസയായിരിക്കും ലഭിക്കുക.
ഈ ഷെന്‍ഗെന്‍ വിസ ഉപയോഗിച്ച് അഞ്ചുവര്‍ഷം യൂറോപ്പിലേക്ക് യാത്ര ചെയ്യാം. ഓരോ തവണയും പുതുതായി അപേക്ഷിക്കുകയെന്ന വലിയ തലവേദനയാകും ഇതുവഴി ഇല്ലാതാകുന്നത്. യൂറോപ്പിലേക്ക് കൂടുതല്‍ ഇന്ത്യക്കാര്‍ വരുന്നത് അവരുടെ ടൂറിസം വരുമാനത്തില്‍ ഉള്‍പ്പെടെ വലിയ ഗുണം ചെയ്യും.

ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്ഡേറ്റുകളും ലഭിക്കാന്‍ അംഗമാകൂ: വാട്സ്ആപ്പ്, ടെലഗ്രാം

നിലവില്‍ 29 രാജ്യങ്ങളിലാണ് ഷെന്‍ഗെന്‍ വിസ വഴി ഈ ആനുകൂല്യം നേടാവുന്നത്. ബെല്‍ജിയം, ബള്‍ഗേറിയ, ക്രൊയേഷ്യ, ചെക് റിപ്പബ്ലിക്, ഡെന്‍മാര്‍ക്ക്, ജര്‍മനി, എസ്റ്റോണിയ, ഗ്രീസ്, സ്‌പെയ്ന്‍, ഫ്രാന്‍സ്, ഇറ്റലി, ലാറ്റ്‌വിയ, ലക്‌സംബര്‍ഗ്, ഹംഗറി, മാള്‍ട്ട, നെതര്‍ലന്‍ഡ്‌സ്, ഓസ്ട്രിയ, പോളണ്ട്, പോര്‍ച്ചുഗല്‍, റൊമാനിയ, സ്ലോവേനിയ, സ്ലോവാക്യ, ഫിന്‍ലാന്‍ഡ്, സ്വീഡന്‍, ഐസ്‌ലാന്‍ഡ്, ലിച്ചെന്‍സ്‌റ്റൈന്‍, നോര്‍വെ, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവയാണ് ഷെന്‍ഗെന്‍ രാജ്യങ്ങള്‍.
എന്താണ് ഷെന്‍ഗെന്‍ വീസ
യൂറോപ്പിലെ 29 രാജ്യങ്ങള്‍ ഒറ്റ വീസയില്‍ സന്ദര്‍ശിക്കാവുന്ന വീസ സൗകര്യമാണിത്. നിശ്ചിത കാലയളവില്‍ ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കാം. അവിടങ്ങളില്‍ താമസിക്കാം. ആദ്യം ഏത് രാജ്യത്തേക്കാണോ പോകുന്നത് ആ രാജ്യത്തിന്റെ എംബസിയില്‍ വേണം വീസയ്ക്കായി അപേക്ഷിക്കാന്‍.
ആ രാജ്യമാകും ഇത്രയും രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള ഒറ്റ വീസ അനുവദിക്കുക. പ്രത്യേകിച്ച് അതിര്‍ത്തിയൊന്നും തിരിച്ചിട്ടില്ലാത്ത നിരവധി യൂറോപ്യന്‍ രാജ്യങ്ങളിലൂടെ കുറഞ്ഞ ചെലവില്‍ സുഖയാത്ര ചെയ്യാന്‍ സഹായിക്കുന്നതാണ് ഷെന്‍ഗെന്‍ വീസ. 1985ല്‍ ഏഴു രാജ്യങ്ങളാണ് തുടക്കത്തില്‍ ഷെന്‍ഗെന്‍ വീസ ഉടമ്പടിയില്‍ ഒപ്പുവച്ചത്.
Related Articles
Next Story
Videos
Share it