Begin typing your search above and press return to search.
വേഗതയേറിയ ഇമിഗ്രേഷൻ ക്ലിയറന്‍സ്, അന്താരാഷ്‌ട്ര യാത്ര സുഗമമാക്കുന്നതിന് ഇതിനോടകം രജിസ്റ്റര്‍ ചെയ്തത് 19,000 ത്തിലധികം ഒ.സി.ഐ ക്കാര്‍
ഇന്ത്യ ആദ്യമായി അവതരിപ്പിച്ച ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ-ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാമിൽ (എഫ്.ടി.ഐ-ടി.ടി.പി) ഇതിനകം എൻറോൾ ചെയ്തത് ഓവർസീസ് കാർഡ് ഓഫ് ഇന്ത്യ (ഒ.സി.ഐ) കൈവശമുള്ള 19,000 ത്തിലധികം പേര്‍. ജൂണിലാണ് ഈ പ്രോഗ്രാം ആരംഭിക്കുന്നത്.
ഡൽഹി വിമാനത്താവളത്തിൽ ആരംഭിച്ച ഈ സൗകര്യം ഇപ്പോൾ മുംബൈ, ചെന്നൈ, കൊൽക്കത്ത, ബംഗളൂരു, ഹൈദരാബാദ്, കൊച്ചി, അഹമ്മദാബാദ് എന്നിവയുൾപ്പെടെ 31 അന്താരാഷ്‌ട്ര വിമാനത്താവളങ്ങളിൽ ലഭ്യമാണ്.
ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം
ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പ്രോഗ്രാമില്‍ എൻറോൾ ചെയ്യുന്ന വ്യക്തി ബയോമെട്രിക് വിവരങ്ങള്‍ നൽകേണ്ടതുണ്ട്. വേഗതയേറിയതും സുരക്ഷിതവുമായ ഇമിഗ്രേഷൻ ക്ലിയറൻസിലൂടെ അന്താരാഷ്‌ട്ര യാത്ര സുഗമമാക്കുകയാണ് എഫ്.ടി.ഐ-ടി.ടി.പി ലക്ഷ്യമിടുന്നത്.
യു.എസ് ഗ്ലോബൽ എൻട്രി പ്രോഗ്രാമിന് സമാനമായാണ് ഈ പ്രോഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ പ്രോഗ്രാമില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. യു.എസിന്റെ ട്രസ്റ്റഡ് ട്രാവലേഴ്‌സ് പ്രോഗ്രാമില്‍ ഇന്ത്യയെ ഉൾപ്പെടുത്താമെന്ന് അറിയിച്ചിട്ടുണ്ട്. സാധുവായ രേഖകളുമായി യു.എസിൽ പ്രവേശിക്കുമ്പോൾ അന്താരാഷ്‌ട്ര വിമാന യാത്രക്കാർക്ക് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ സ്‌ക്രീനിംഗ് വേഗത്തിലാക്കുകയും എൻട്രി പ്രീചെക്ക് ആനുകൂല്യങ്ങൾ നൽകുകയും ചെയ്യുന്നതാണ് യു.എസ് ഗ്ലോബൽ എൻട്രി പ്രോഗ്രാം.
രജിസ്ട്രേഷൻ പ്രക്രിയ പരമാവധി ഒരു മാസം
എഫ്.ടി.ഐ-ടി.ടി.പി യില്‍ എൻറോൾ ചെയ്ത വ്യക്തികളുടെ പട്ടികയിൽ തുടര്‍ച്ചയായി അന്താരാഷ്ട്ര യാത്ര ചെയ്യുന്നവര്‍, ഒ.സി.ഐ കാർഡ് ഉടമകൾ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാർ, ബിസിനസുകാർ എന്നിവര്‍ ഉൾപ്പെടുന്നു. 12 നും 18 നും ഇടയിൽ പ്രായമുള്ളവര്‍ക്ക് പ്രോഗ്രാമില്‍ രജിസ്ട്രേഷനായി മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ ഇമെയിൽ ഐ.ഡിയും മൊബൈൽ നമ്പറും ഉപയോഗിക്കാവുന്നതാണ്.
12 വയസ്സിന് താഴെയോ 70 വയസ്സിന് മുകളിലോ ഉള്ളവർക്ക് ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാമിൽ ചേരാന്‍ സാധിക്കില്ല. രജിസ്ട്രേഷൻ പ്രക്രിയയ്ക്ക് പരമാവധി ഒരു മാസമാണ് എടുക്കുക. ഫീൽഡ് ഏജൻസികളാണ് രജിസ്ട്രേഷന് വേണ്ട പരിശോധനകള്‍ നടത്തുക. അഞ്ച് വർഷം അല്ലെങ്കില്‍ പാസ്‌പോർട്ട് കാലഹരണപ്പെടുന്നത് വരെയാണ് രജിസ്‌ട്രേഷന് സാധുതയുളളത്.
Next Story
Videos