ട്രെയിനുകളിലും ക്യൂ ആര്‍ കോഡ് പേയ്‌മെന്റ് വരുന്നു, എങ്ങനെ?

ട്രെയ്‌നുകളില്‍ ക്യു ആര്‍ കോഡ് ഉപയോഗിച്ച് പണമിടപാടുകള്‍ എളുപ്പമാക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐ ആര്‍ സി ടി സി). ഫുഡ് സപ്ലൈയേഴ്‌സും മറ്റും അമിത നിരക്ക് ഒഴിവാക്കാനാണ് പുതിയ തീരുമാനമെന്ന് ഐ ആര്‍ സി ടി സി വൃത്തങ്ങള്‍ അറിയിച്ചു.

നിലവില്‍ തെരഞ്ഞെടുത്ത റൂട്ടിലെ ട്രെയിനുകളില്‍ മാത്രമാണ് ഈ സൗകര്യമുണ്ടാകുക. എന്നാല്‍ ഉടന്‍ തന്നെ ഇത് മറ്റ് ട്രെയിനുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു.

ശതാബ്ദി, തേജസ്, തുരന്തോ, രാജധാനി തുടങ്ങിയ പ്രീമിയം ട്രെയിനുകളിലും മറ്റ് ചില ട്രെയിനുകളിലും ടിക്കറ്റ് നിരക്കിനു കൂടെ കാറ്ററിംഗ് സൗകര്യം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇനി ഏറെ സൗകര്യപ്രദമാകും.

പാന്‍ട്രി കാറുകള്‍ സ്വന്തമായുള്ള ട്രെയിനുകളില്‍ യാത്രയ്ക്കിടെ യാത്രക്കാര്‍ ഭക്ഷണത്തിന് പണം നല്‍കണം. എന്നാല്‍ പാന്‍ട്രി കാറുകളില്ലാത്ത ട്രെയിനുകളില്‍ ഐ ആര്‍ സി ടി സി വെന്റര്‍മാരോ മറ്റ് കാറ്ററിംഗുകാരോ ആണ് ഭക്ഷണം എത്തിക്കുന്നത്. എന്നാല്‍ ഇത്തരം കച്ചവടക്കാര്‍ ട്രെയിനില്‍ വില്‍ക്കുന്ന ഭക്ഷണത്തിന് അധികം പണം ഈടാക്കുന്നതായി റെയില്‍വേക്ക് പരാതി ലഭിച്ചിരുന്നു.

കാര്‍ഡ് സൈ്വപ്പ് പേയ്മെന്റ് ഓപ്ഷന്‍ ട്രെയിനില്‍ ലഭ്യമാണെങ്കിലും യാത്രക്കാര്‍ ഇതിനോട് വേണ്ട രീതിയില്‍ പ്രതികരിച്ചില്ല. അങ്ങനെ വീണ്ടും പണമിടപാടിന് ഫിസിക്കല്‍ നോട്ടുകള്‍ തന്നെ ഉപയോഗിച്ചു തുടങ്ങി.

എന്നാല്‍ ക്യുആര്‍ കാര്‍ഡ് പേയ്മെന്റ് അവതരിപ്പിക്കുന്നതോടെ അത് ഉപഭോക്താക്കള്‍ക്ക് വളരെ പ്രയോജനകരമാകുമെന്നും ഭക്ഷണ സാധനങ്ങളില്‍ അമിത നിരക്ക് ഈടാക്കുന്നത് പരിശോധിക്കാന്‍ റെയില്‍വേക്ക് എളുപ്പമാകുമെന്നും ഐ ആര്‍ സി ടി സി അറിയിച്ചു. ഗൂഗ്ള്‍ പേ, ഫോണ്‍പേ, പേടിഎം തുടങ്ങിയവയെല്ലാം ഉപയോഗിച്ച് ഇനി പേയ്‌മെന്റ് നടത്താം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it