Begin typing your search above and press return to search.
ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് യൂറോപ്പ് മടുത്തോ? ഏറ്റവും കൂടുതല്‍ പേര്‍ പോകാന്‍ ആഗ്രഹിക്കുന്നത് ഈ രാജ്യങ്ങള്‍
ഇന്ത്യയില്‍ നിന്ന് വിദേശ രാജ്യങ്ങളില്‍ വിനോദ സഞ്ചാരത്തിന് പോകുന്നവര്‍ ഓരോ വര്‍ഷവും വര്‍ധിക്കുകയാണ്. കോവിഡ് മഹാമാരിക്ക് ശേഷം ഇന്ത്യയില്‍ നിന്നുളള ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
ഈ സാമ്പത്തിക വർഷം വിദേശ യാത്രകൾക്കായി ഇന്ത്യക്കാർ പ്രതിമാസം ചെലവഴിക്കുന്നത് 12,500 കോടി രൂപയാണെന്നാണ് ആർ.ബി.ഐയുടെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. 2023 ജൂൺ മുതൽ 2024 മെയ് വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്നവരുടെ റിപ്പോർട്ട് ഓൺലൈൻ ട്രാവൽ കമ്പനിയായ മേക്ക് മൈ ട്രിപ്പ് പുറത്തുവിട്ടു.
കൂടുതല്‍ ആളുകള്‍ പോകാന്‍ ഇഷ്ടപ്പെടുന്നത് കസാഖിസ്ഥാനിലേക്ക്
യു.എസ് അല്ലെങ്കിൽ യു.കെ പോലുള്ള രാജ്യങ്ങളിലേക്കായിരിക്കും കൂടുതല്‍ ടൂറിസ്റ്റുകളും പോകാന്‍ ഇഷ്ടപ്പെടുക എന്നായിരിക്കും പൊതു ധാരണ. എന്നാല്‍ പട്ടികയിൽ മുന്നില്‍ എത്തിയത് കസാഖിസ്ഥാനും തൊട്ടുപിന്നിൽ അസർബൈജാനുമാണ്.
കസാക്കിസ്ഥാന്‍, അസർബൈജാന്‍ എന്നീ രാജ്യങ്ങള്‍ മേക്ക് മൈ ട്രിപ്പ് വെബ്സൈറ്റില്‍ തിരഞ്ഞ ഇന്ത്യക്കാരുടെ എണ്ണത്തില്‍ യഥാക്രമം 491 ശതമാനത്തിന്റെയും 404 ശതമാനത്തിന്റെയും വർദ്ധനയുളളതായി റിപ്പോര്‍ട്ട് പറയുന്നു.
2022-ൽ ഇന്ത്യൻ പൗരന്മാർക്ക് 14 ദിവസത്തെ വിസ രഹിത സംവിധാനം ഏർപ്പെടുത്തിയതിന് ശേഷം ഇന്ത്യയില്‍ നിന്ന് രാജ്യത്തേക്കുളള ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായതായി കസാഖിസ്ഥാന്‍ ടൂറിസം കമ്മിറ്റി വ്യക്തമാക്കുന്നു. 2023 ൽ മാത്രം 28,300 ഇന്ത്യൻ പൗരന്മാരാണ് കസാഖിസ്ഥാൻ സന്ദർശിച്ചത്. വിസ രഹിത സേവനങ്ങളും ഇന്ത്യയില്‍ നിന്നുളള മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങളുമാണ് പ്രധാനമായും ഈ വര്‍ധനയ്ക്ക് കാരണം.
ഡല്‍ഹിയില്‍ നിന്ന് നേരിട്ട് വിമാനങ്ങള്‍
ന്യൂഡൽഹിയിൽ നിന്ന് കസാഖിസ്ഥാനിലെ ഏറ്റവും വലിയ നഗരമായ അൽമാട്ടിയിലേക്ക് നേരിട്ട് ഇന്ത്യക്കാർക്ക് 3 മണിക്കൂർ കൊണ്ട് വിമാനത്തില്‍ എത്താവുന്നതാണ്. സമൂഹ മാധ്യമങ്ങളില്‍ കസാഖിസ്ഥാനുളള വലിയ ജനപ്രീതിയും ഇവിടേക്ക് ജനങ്ങള്‍ ഒഴുകാനുളള കാരണങ്ങളിലൊന്നാണ്.
അസർബൈജാനെ എളുപ്പത്തിൽ സന്ദർശിക്കാവുന്ന യൂറേഷ്യൻ രാജ്യം എന്ന നിലയിൽ ജനപ്രിയമാക്കുന്നതിൽ സമൂഹ മാധ്യമങ്ങളും ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഈ വർഷം ജനുവരി മുതൽ ജൂലൈ വരെ ഇന്ത്യയിൽ നിന്ന് 1,40,000 യാത്രക്കാർ രാജ്യത്ത് എത്തിയതായാണ് അസർബൈജാൻ ടൂറിസം ബോർഡിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2.7 മടങ്ങ് വർധനവാണിത്.
ഡൽഹിയിൽ നിന്ന് ബാക്കുവിലേക്ക് നേരിട്ട് നാല് മണിക്കൂർ കൊണ്ട് വിമാനത്തില്‍ എത്താവുന്നതാണ്. പല ഇന്ത്യക്കാർക്കും യൂറോപ്പിലേക്കുള്ള യാത്ര ഒരു ചിരകാല സ്വപ്നമാണ്. അസർബൈജാൻ ഈ അനുഭവം മികച്ച രീതിയില്‍ വാഗ്ദാനം ചെയ്യുന്നു.
മറ്റു യൂറോപ്യൻ രാജ്യങ്ങൾ സന്ദര്‍ശിക്കാന്‍ ആവശ്യമായ കൂടുതൽ സങ്കീർണ്ണമായ ഷെങ്കൻ വിസയുമായി താരതമ്യം ചെയ്യുമ്പോൾ എളുപ്പത്തിലുളള ഇ-വിസ പ്രക്രിയയാണ് അസർബൈജാനിലേക്കുളളത്. കസാഖിസ്ഥാനും അസർബൈജാനും കഴിഞ്ഞാൽ ഭൂട്ടാൻ, ഹോങ്കോംഗ്, ശ്രീലങ്ക, ജപ്പാൻ തുടങ്ങിയവയാണ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്.
കസാഖിസ്ഥാനിലെ പ്രധാന കേന്ദ്രങ്ങള്‍
വളരേയേറെ പ്രാധാന്യങ്ങളുളള ഒരു സാംസ്കാരിക കേന്ദ്രമാണ് കസാഖിസ്ഥാനിലെ അൽമാട്ടി. നഗരത്തിലെ സെൻട്രൽ സ്റ്റേറ്റ് മ്യൂസിയം, പനോരമിക് കാഴ്ചകളുളള മനോഹരമായ കോക് ടോബ് ഹിൽ, വർണാഭമായ സെൻകോവ് കത്തീഡ്രൽ എന്നിവ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളില്‍പ്പെട്ടതാണ്.
അൽമാട്ടിയിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള പ്രകൃതിയുടെ അത്ഭുതമായ ചാരിൻ കാന്യോൺ, വാസ്തുവിദ്യയുടെ മനോഹാരിത വിളിച്ചോതുന്ന പിരമിഡ് ആകൃതിയിലുള്ള കൊട്ടാരമുളള അസ്താന, പ്രധാന തീർത്ഥാടന കേന്ദ്രമായ ഖോജ അഹമ്മദ് യാസാവിയുടെ ശവകുടീരം സ്ഥിതിചെയ്യുന്ന തുർക്കെസ്താൻ, വെള്ളത്തിനടിയിലുളള വനത്തിന് പേരുകേട്ട കൈൻഡി തടാകം തുടങ്ങിയവയാണ് കസാഖിസ്ഥാനിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍.
അസർബൈജാന്‍
യുനെസ്‌കോയുടെ ലോക പൈതൃക കേന്ദ്രമായ ബാക്കുവിലുളള ചരിത്രപ്രസിദ്ധമായ ഓൾഡ് സിറ്റി (ഇച്ചേരിഷെഹർ), മണ്ണുകൊണ്ടുളള അഗ്നിപർവ്വതങ്ങൾക്ക് പേരുകേട്ട പാറയില്‍ കൊത്തുപണികളുളള പുരാതനമായ ഗോബുസ്ഥാൻ, കോക്കസസ് പർവതനിരകളുടെ താഴ്‌വരയിലുള്ള മനോഹരമായ പട്ടണമായ ഷെക്കി, ബോട്ടിങ്ങിനും പിക്നിക്കിനും അനുയോജ്യമായ ശാന്തമായ നോഹൂർ തടാകമുളള ഗബാല തുടങ്ങിയവയാണ് അസർബൈജാനിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍.
അസർബൈജാൻ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏപ്രിൽ-ജൂൺ അല്ലെങ്കിൽ സെപ്‌റ്റംബർ-ഒക്‌ടോബർ മാസങ്ങളിലാണ്. കസാഖിസ്ഥാനെ സംബന്ധിച്ചിടത്തോളം ഏറ്റവും അനുയോജ്യമായ സമയം ഏപ്രിൽ മുതൽ മെയ് വരെയും സെപ്റ്റംബർ മുതൽ ഒക്ടോബർ വരെയുമാണ്.
Next Story
Videos