റെയില്‍വേയെ പോലെ ബസുകളില്‍ ഇനി ഭക്ഷണവും വെള്ളവും; കെ.എസ്.ആര്‍.ടി.സി അടിമുടി മാറും

ഇന്ത്യന്‍ റെയില്‍വേ മാതൃകയില്‍ യാത്രക്കാരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ കെ.എസ്.ആര്‍.ടി.സിയും. സൂപ്പര്‍ഫാസ്റ്റ് ബസുകളില്‍ വെള്ളം മുതല്‍ സ്‌നാക്‌സ് വരെ ലഭ്യമാക്കും. പണം ഡിജിറ്റല്‍ പേയ്‌മെന്റുകളിലൂടെ നല്‍കി വെള്ളം ഉള്‍പ്പെടെ വാങ്ങാവുന്ന തരത്തിലാണ് പരിഷ്‌കാരം. ഡിപ്പോകളിലെ കാന്റീനുകള്‍ക്ക് കാലത്തിനനുസരിച്ച് മാറ്റംവരുത്തും. ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാറാണ് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നത്.
കെ.എസ്.ആര്‍.ടി.സിയിലേക്ക് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുകയെന്ന നയത്തിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കം. സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ എ.സിയും വൈ-ഫൈയും ഏര്‍പ്പെടുത്താന്‍ നേരത്തെ തീരുമാനം എടുത്തിരുന്നു. മേയ് മുതലാകും സൂപ്പര്‍ഫാസ്റ്റ് എ.സി സര്‍വീസുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുക.
യാത്രക്കാര്‍ക്ക് കൂടുതല്‍ മികച്ച സര്‍വീസ് നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ നവീന ആശയങ്ങള്‍ നടപ്പാക്കുന്നത്. യാത്രയ്ക്കിടയില്‍ ബസുകളില്‍ സ്‌നാക്‌സും വെള്ളവും വില്‍ക്കാനുള്ള കരാര്‍ ലേലത്തിലൂടെ നല്‍കും. ഇങ്ങനെ കരാര്‍ എടുക്കുന്ന ഏജന്‍സി തന്നെയാകും മാലിന്യവും ശേഖരിക്കേണ്ടത്. ഇതില്‍ വീഴ്ച വരുത്തിയാല്‍ നടപടി സ്വീകരിക്കും.
പ്രധാന ഡിപ്പോകളിലെ കാന്റീനുകളുടെ നടത്തിപ്പും വലിയ ഹോട്ടല്‍ ശൃംഖലകള്‍ക്ക് കൈമാറാന്‍ തീരുമാനമായിട്ടുണ്ട്. നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ഗ്രൂപ്പുകള്‍ക്ക് മാത്രമാകും കരാര്‍ നല്‍കുക. 5 വര്‍ഷത്തേക്കാകും കരാര്‍. വൃത്തിയുടെയും ഭക്ഷണത്തിന്റെയും ഗുണമേന്മയില്‍ വീഴ്ച്ച വരുത്തിയാല്‍ കരാര്‍ റദ്ദാക്കപ്പെടും.

Read also: കെ.എസ്.ആര്‍.ടി.സി 'എ.സി' വിപ്ലവത്തിന്; സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ 10 രൂപയ്ക്ക് വൈഫൈ!!

അതുപോലെ തന്നെ കെ.എസ്.ആര്‍.ടി.സിയുടെ കൈയിലുള്ള സ്ഥലം ടോയ്‌ലറ്റുകള്‍ നിര്‍മിക്കാനായി വിട്ടുകൊടുക്കും. ഈ സ്ഥലത്ത് മികച്ച ഇന്റീരിയറും വൃത്തിയുമുള്ള ശുചിമുറികള്‍ നിര്‍മിക്കേണ്ട ചുമതല കരാര്‍ ഏറ്റെടുത്തവര്‍ക്കാകും. ഇവര്‍ക്കു തന്നെ പരിപാലന ചുമതലയും പണം പിരിക്കാനുള്ള അവകാശവും ലഭിക്കും.

എ.സി ബസുകള്‍ അടുത്തമാസം മുതല്‍
സൂപ്പര്‍ ഫാസ്റ്റ് എ.സി ബസുകളുടെ പരീക്ഷണയോട്ടം അടുത്ത മാസം മുതല്‍ ആരംഭിക്കും. തിരുവനന്തപുരം-കോഴിക്കോട് റൂട്ടില്‍ ആദ്യ സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം എ.സി സര്‍വീസ് നടത്താനാണ് തീരുമാനം. 42 പേര്‍ക്കിരിക്കാവുന്ന ബസുകളാണ് ഇതിനായി വാങ്ങുക. പുഷ്ബാക്ക് സീറ്റ്, വൈഫൈ എന്നിവയും പ്രത്യേകതകളാണ്. വൈഫൈ ഉപയോഗിക്കുന്നതിന് 10 രൂപ അധികം വാങ്ങും. ഇത് ബുക്കിംഗ് സമയത്തു തന്നെ ഈടാക്കും. നിന്ന് യാത്ര ചെയ്യാനുള്ള അനുവാദവും ഇത്തരം എ.സി ബസുകളില്‍ ഉണ്ടാകില്ല.
പ്രധാന ഡിപ്പോകളില്‍ മാത്രമാകും സ്റ്റോപ്പുള്ളത്. എന്നാല്‍ 10 രൂപ അധികം നല്‍കുന്നവര്‍ക്ക് സ്റ്റോപ്പ് ഇല്ലാത്ത സ്ഥലങ്ങളില്‍ നിന്ന് കയറാന്‍ സാധിക്കും. യാത്രക്കാര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ നല്‍കുന്ന ബസില്‍ എ.സി പ്രവര്‍ത്തിച്ചില്ലെങ്കില്‍ സൈഡ് ഗ്ലാസുകള്‍ മാറ്റാനുള്ള സൗകര്യവും ഉണ്ടാകും.
Related Articles
Next Story
Videos
Share it