Begin typing your search above and press return to search.
ഒറ്റ വീസയില്‍ ചുറ്റിയടിക്കാം തായ്ലന്‍ഡും മലേഷ്യയും വിയറ്റ്നാമും; ഉടനെത്തിയേക്കും ഷെന്‍ഗെന്‍ മാതൃകയിലെ വീസ
വിദേശത്ത് വിനോദ സഞ്ചാരം നടത്താന്‍ ആഗ്രഹിക്കുന്നവരില്‍ പലരും ആദ്യം തെരയുന്നത് ഷെന്‍ഗെന്‍ രാജ്യങ്ങളെയാകും. കാരണം, ഒരൊറ്റ വീസയിലൂടെ വിവിധ രാജ്യങ്ങളില്‍ കറങ്ങാമെന്നത് തന്നെ. ഷെന്‍ഗെന്‍ രീതിയില്‍ വിനോദ സഞ്ചാരികള്‍ക്കായി ഏകീകൃത വീസ സംവിധാനം കൊണ്ടുവരാന്‍ ഗള്‍ഫ് രാജ്യങ്ങളും തീരുമാനിച്ചിരുന്നു. ടൂറിസത്തെ പ്രധാന വരുമാന സ്രോതസുകളിലൊന്നായി കാണുന്ന രാജ്യങ്ങള്‍ക്കൊപ്പം സഞ്ചാരികള്‍ക്കും ഗുണം ചെയ്യുന്നതാണ് ഷെന്‍ഗെന്‍ രീതി.
ഇപ്പോഴിതാ തായ്‌ലന്‍ഡ് പ്രധാനമന്ത്രി സ്രേതാ തവിസിനും ഇത്തരത്തില്‍ ഷെന്‍ഗെന്‍ വീസ രീതിയിലേക്ക് മാറാനുള്ള ആശയം അയല്‍രാജ്യങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നു. കംബോഡിയ, ലാവോസ്, മലേഷ്യ, മ്യാന്മാര്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങളാണ് ഈ ആശയത്തിനൊപ്പം സഞ്ചരിക്കുന്നവര്‍.
രാജ്യങ്ങള്‍ തമ്മില്‍ പദ്ധതിയുടെ ആദ്യ ഘട്ട ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളൂ. ഈ രാജ്യങ്ങളിലെ ടൂറിസം രംഗത്തു പ്രവര്‍ത്തിക്കുന്നവരും വിനോദ സഞ്ചാരികളും ഏറെ ആകാംക്ഷയോടെയാണ് തായ്‌ലന്‍ഡ് മുന്നോട്ടു വച്ച നിര്‍ദേശത്തെ കാണുന്നത്.
ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് നേട്ടമാകും
ഷെന്‍ഗെന്‍ രീതിയിലുള്ള വീസ സംവിധാനം കൊണ്ടുവരുന്നത് ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ഗുണകരമാണ്. കാരണം, തായ്‌ലന്‍ഡ് അടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യക്കാരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. മലയാളികള്‍ അടക്കം നിരവധി സഞ്ചാരികളാണ് ഓരോ വര്‍ഷവും ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത്. താരതമ്യേന ചെലവു കുറഞ്ഞ രാജ്യങ്ങളാണെന്നത് തന്നെയാണ് ഏവരെയും ഇവിടേക്ക് ആകര്‍ഷിക്കുന്നത്.
കാണാന്‍ ആഗ്രഹിക്കുന്ന ഈ രാജ്യങ്ങളിലെല്ലാം ഒരൊറ്റ വീസയില്‍ പോയിവരാന്‍ പറ്റുന്നത് സഞ്ചരികള്‍ക്കും ആ രാജ്യങ്ങള്‍ക്കും ഒരുപോലെ ഗുണം ചെയ്യും. കൂടുതല്‍ ടൂറിസം വരുമാനം ലഭിക്കുമെന്നതിനാല്‍ തായ്‌ലന്‍ഡ് മുന്നോട്ടുവച്ച നിര്‍ദേശത്തിനോട് മറ്റ് രാജ്യങ്ങള്‍ അനുകൂലമായി പ്രതികരിക്കാനാണ് സാധ്യത. നിലവില്‍ ഇന്ത്യക്കാര്‍ക്ക് വീസ ഓണ്‍ അറൈവല്‍, ഇ-വീസ സംവിധാനം തായ്‌ലന്‍ഡ് നല്‍കുന്നുണ്ട്.
കഴിഞ്ഞ നവംബര്‍ 10 മുതല്‍ മേയ് 10 വരെ ഇന്ത്യക്കാര്‍ക്ക് വീസയില്ലാതെ തായ്‌ലന്‍ഡ് സന്ദര്‍ശിക്കാം. 30 ദിവസത്തേക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. ശരാശരി 4,000 സഞ്ചാരികള്‍ എത്തിയിരുന്ന സ്ഥാനത്ത് 5,500 പേരിലേക്ക് എണ്ണം വര്‍ധിപ്പിക്കാന്‍ ഇതുവഴി സാധിക്കുന്നുണ്ട്. ലാവോസിലും വീസ ഓണ്‍ അറൈവല്‍ സംവിധാനം ഇന്ത്യക്കാര്‍ക്ക് ലഭ്യമാണ്.
എന്താണ് ഷെന്‍ഗെന്‍ വീസ
സ്വിറ്റ്‌സര്‍ലന്‍ഡ്, സ്‌പെയിന്‍, ഫ്രാന്‍സ്, ഇറ്റലി, ഹംഗറി, ഓസ്ട്രിയ തുടങ്ങി യൂറോപ്പിലെ 27 രാജ്യങ്ങള്‍ ഒറ്റ വീസയില്‍ സന്ദര്‍ശിക്കാവുന്ന വീസ സൗകര്യമാണിത്. നിശ്ചിത കാലയളവില്‍ ഈ 27 രാജ്യങ്ങള്‍ സന്ദര്‍ശിക്കാം. അവിടങ്ങളില്‍ താമസിക്കാം. ആദ്യം ഏത് രാജ്യത്തേക്കാണോ പോകുന്നത് ആ രാജ്യത്തിന്റെ ഏംബസിയില്‍ വേണം വീസയ്ക്കായി അപേക്ഷിക്കാന്‍.
ആ രാജ്യമാകും ഇത്രയും രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള ഒറ്റ വീസ അനുവദിക്കുക. പ്രത്യേകിച്ച് അതിര്‍ത്തിയൊന്നും തിരിച്ചിട്ടില്ലാത്ത നിരവധി യൂറോപ്യന്‍ രാജ്യങ്ങളിലൂടെ കുറഞ്ഞ ചെലവില്‍ സുഖയാത്ര ചെയ്യാന്‍ സഹായിക്കുന്നതാണ് ഷെന്‍ഗെന്‍ വീസ. 1985ല്‍ ഏഴു രാജ്യങ്ങളാണ് തുടക്കത്തില്‍ ഷെന്‍ഗെന്‍ വീസ ഉടമ്പടിയില്‍ ഒപ്പുവച്ചത്.
Next Story
Videos