ഇന്ത്യക്കാര്‍ക്ക് വീസ ഓണ്‍ അറൈവലുമായി യു.എ.ഇ; മലയാളികള്‍ക്കും നേട്ടം, പക്ഷേ ചില കണ്ടീഷനുകളുണ്ട്

യു.എ.ഇയിലേക്ക് പോകുന്ന ഇന്ത്യക്കാര്‍ക്ക് വീസ ഓണ്‍ അറൈവല്‍ (Visa on Arrival) സൗകര്യം ലഭ്യമാക്കാന്‍ വി.എഫ്.എസ് ഗ്ലോബലുമായി കൈകോര്‍ത്ത് ദുബൈ ആസ്ഥാനമായ വിമാനക്കമ്പനിയായ എമിറേറ്റ്‌സ് എയർലൈൻ. വീസ സംബന്ധമായ സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് വി.എഫ്.എസ് ഗ്ലോബല്‍.

എമിറേറ്റ്‌സ് വിമാനത്തില്‍ യു.എ.ഇയിലേക്ക് പറക്കുന്ന ഇന്ത്യക്കാര്‍ക്കാണ് മുന്‍കൂറായി അംഗീകരിച്ച (pre-approved) വീസ ഓണ്‍ അറൈവല്‍ ലഭ്യമാകുക. ഇത്, വിമാനത്താവളത്തിലെ ദീര്‍ഘനേരം നീളുന്ന ക്യൂവില്‍ നിന്ന് രക്ഷനേടാനും സുഗമമായി യു.എ.ഇയിലേക്ക് പ്രവേശിക്കാനും സഹായിക്കും.
നിബന്ധനകളുണ്ട്
എല്ലാ ഇന്ത്യക്കാര്‍ക്കും പക്ഷേ ഈ ആനുകൂല്യം കിട്ടില്ല. കുറഞ്ഞത് ആറ് മാസത്തെ അമേരിക്കന്‍ വീസ, യു.എസ് ഗ്രീന്‍ കാര്‍ഡ്, യൂറോപ്യന്‍ യൂണിയന്‍ റെസിഡന്‍സി പെര്‍മിറ്റ് അല്ലെങ്കില്‍ യു.കെ റെസിഡന്‍സി പെര്‍മിറ്റ് ഇവയിലേതെങ്കിലും ഉള്ളവരാണ് വീസ ഓണ്‍ അറൈവല്‍ ലഭിക്കാന്‍ അര്‍ഹര്‍. 14-ദിവസത്തെ സിംഗിള്‍ എന്‍ട്രി വീസയാണ് ദുബൈ വീസ പ്രോസസിംഗ് സെന്റര്‍ (DVPC) അനുവദിക്കുക. നിബന്ധനകളോടെ വീസ ഓണ്‍ അറൈവല്‍ സൗകര്യം നേരത്തെയും ഇന്ത്യക്കാര്‍ക്ക് യു.എ.ഇ നല്‍കുന്നുണ്ട്.
കൊച്ചിയിലും തിരുവനന്തപുരത്തും സാന്നിധ്യം
ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കെല്ലാം സര്‍വീസുള്ള കമ്പനിയാണ് എമിറേറ്റ്‌സ് എയര്‍ലൈന്‍. ഇന്ത്യയില്‍ നിന്ന് ദുബൈയിലേക്ക് പ്രതിവാരം 167 സര്‍വീസുകളാണ് കമ്പനിക്കുള്ളത്.
കൊച്ചി, തിരുവനന്തപുരം വിമാനത്താവളത്തിലേക്കും തിരിച്ചും ദുബൈയില്‍ നിന്ന് കമ്പനിക്ക് സര്‍വീസുകളുണ്ട്. പുറമേ അഹമ്മദാബാദ്, മുംബയ്, ഡല്‍ഹി, ബംഗളൂരു, ഹൈദരാബാദ്, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളിലേക്കുമുണ്ട് സര്‍വീസുകള്‍.
Related Articles
Next Story
Videos
Share it