Begin typing your search above and press return to search.
സന്ദര്‍ശക വീസക്കാര്‍ക്ക് യു.എ.ഇ കാണാതെ തിരികെ പോരേണ്ടി വരില്ല, ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍
സന്ദര്‍ശക വീസയില്‍ യു.എ.ഇയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് വിമാനത്താവളങ്ങളിലെ കര്‍ശന പരിശോധനകള്‍ മൂലം തിരിച്ചു പോരേണ്ടി വരുന്ന അവസ്ഥ തുടരുന്ന സാഹചര്യത്തില്‍ പ്രത്യേക നിര്‍ദേശങ്ങളുമായി ട്രാവല്‍ ഏജന്‍സികള്‍ രംഗത്ത്. യാത്രക്കാരോട് മടക്ക ടിക്കറ്റുകളും അതേ എയര്‍ലൈന്‍ കമ്പനിയില്‍ നിന്ന് തന്നെ എടുക്കാനാണ് നിർദേശം.
അടുത്തിടെ യു.എ.ഇയിലേക്ക് പോകാനായി എയര്‍പോര്‍ട്ടിലെത്തിയ ചില യാത്രാക്കാര്‍ക്ക് അവരുടെ മടക്ക ടിക്കറ്റുകള്‍ മറ്റ് എയര്‍ലൈന്‍ കമ്പനികളില്‍ നിന്നായതിനാല്‍ യാത്ര ഒഴിവാക്കി തിരികെ പോരേണ്ടി വന്നു.
ചെക്കിംഗ് കര്‍ശനം
ദുബൈയില്‍ സന്ദര്‍ശക വീസിയിലെത്തുന്ന പലരും തിരിച്ചുപോകാതെ ജോലി ഒപ്പിച്ച് അവിടെ തന്നെ തുടരുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് യു.എ.ഇ ഭരണകൂടം കഴിഞ്ഞ മേയ് 15 മുതല്‍ പരിശോധന കര്‍ശനമാക്കിയത്. ദുബൈയിലെ എയര്‍പോര്‍ട്ടുകളിലാണ് ആദ്യം സന്ദര്‍ശക വീസകള്‍ ചെക്കിംഗ് ആരംഭിച്ചത്. പിന്നീട് എയര്‍ലൈന്‍ കമ്പനികളുടെ നേതൃത്വത്തില്‍ കേരളത്തിലെ എയര്‍പോര്‍ട്ടുകളിലും പരിശോധന ശക്തമാക്കി. മടക്ക ടിക്കറ്റ് രണ്ട് കമ്പനികളുടേതാകുമ്പോള്‍ ആശയക്കുഴപ്പത്തിനടയാക്കുന്നതിനാലാണ് ഒരേ എയര്‍ലൈനില്‍ തന്നെ ബുക്ക് ചെയ്യാന്‍ നിര്‍ദേശം നല്‍കാന്‍ കാരണം. ഒരേ എയര്‍ലൈനിന്റെ മടക്ക യാത്രാ ടിക്കറ്റ് ആണെങ്കില്‍ ബോര്‍ഡിംഗ് പാസ് നല്‍കുമ്പോള്‍ തന്നെ ഇതിന്റെ സാധുത ഉറപ്പാക്കാനാകും.
രേഖകള്‍ കൈയിലുണ്ടാകണം
സന്ദര്‍ശക വീസയില്‍ യു.എ.ഇയിലേക്ക് പോകുന്നവര്‍ സാധുതയുള്ള പാസ്‌പോര്‍ട്ടിനും വീസയ്ക്കുമൊപ്പം മടക്ക യാത്രാ ടിക്കറ്റ്, ഒരു മാസത്തെ താമസത്തിന് 3,000 ദിര്‍ഹവും രണ്ട് മാസത്തെ താമസത്തിന് 5,000 ദിര്‍ഹവും കയ്യില്‍ കരുതണം. അല്ലെങ്കില്‍ അത്രയും തുക ബാലന്‍സ് ഉള്ള ക്രെഡിറ്റ് കാര്‍ഡ് ഉണ്ടാകണം. ഇതുകൂടാതെ താമസ രേഖയും ഹാജരാക്കണം. സുഹൃത്തുക്കള്‍ക്കൊപ്പമോ ബന്ധുക്കൾക്കൊപ്പമോ താമസിക്കാനാഗ്രഹിക്കുന്നവര്‍ അവരുടെ വീസ, എമിറേറ്റ്‌സ് ഐ.ഡി തുടങ്ങിയ വിവരങ്ങളുടെ രേഖകളും ഹാജരാക്കണം.
ഈ നിബന്ധനകള്‍ പാലിക്കാതെ വന്നതോടെയാണ് ചിലരെ തിരിച്ചയച്ചത്. നിബന്ധനകള്‍ നേരത്തെ മുതലുള്ളതാണെങ്കിലും യു.എ.ഇ ഇതില്‍ കാര്‍ക്കശ്യം കാണിച്ചിരുന്നില്ല. കൊവിഡിനു ശേഷം ധാരാളം ആളുകള്‍ സന്ദര്‍ശകവീസയിലെത്തി മുങ്ങിയതായി കണ്ടെത്തിയതാണ് ഇപ്പോള്‍ കര്‍ശനമാക്കാന്‍ കാരണം. ഏതു രാജ്യത്തെയും വിസിറ്റ് വീസ അനുവദിക്കുന്നത് ആ രാജ്യത്തെ ഹോട്ടലുകളുടെ അല്ലെങ്കില്‍ താമസ സൗകര്യം ഏര്‍പ്പെടുത്തുന്നവരുടെ ഉത്തരവാദിത്തത്തിലാണ്. യു.എ.ഇയില്‍ 30 ദിവസം മുതല്‍ 60 ദിവസത്തേക്കാണ് സന്ദര്‍ശക വീസ അനുവദിക്കുന്നത്.
Next Story
Videos