വാട്ട്‌സാപ്പില്‍ മാല്‍വെയര്‍ വരാം, വീഡിയോ വഴി
വാട്ട്‌സാപ്പ് വഴി അയക്കുന്ന വീഡിയോ ഫയലുകളിലൂടെ ഫോണില്‍ മാല്‍വെയറുകള്‍ കടന്നുവന്നേക്കാമെന്ന് പുതിയ കണ്ടെത്തല്‍. പെഗാസസ് സ്പൈവെയര്‍ സൃഷ്ടിച്ച വിവാദം കെട്ടടങ്ങാതെ നില്‍ക്കുമ്പോഴാണ് പുതിയ വൈറസ് ആക്രമണ സാധ്യത വാട്ട്‌സാപ്പിനെ ഗ്രസിച്ചിട്ടുള്ളത്. സുരക്ഷാ ഭീഷണി വാട്ട്‌സാപ്പ് സ്ഥിരീകരിച്ചു.
ഫോണ്‍ ഹാക്ക് ചെയ്തു വിവരങ്ങള്‍ ചോര്‍ത്താന്‍ ശേഷിയുള്ളവയാണ് വിഡിയോകള്‍ വഴി എത്തുന്ന ഈ വൈറസ്. എംപി 4 ഫോര്‍മാറ്റിലുള്ള വിഡിയോകള്‍ വഴിയാണ് വൈറസ് ആക്രമണം. അതീവഗുരുതര സ്വഭാവമുള്ള റിമോട്ട് കോഡ് എക്‌സിക്യൂഷന്‍ (ആര്‍സിഇ), ഡിനയല്‍ ഓഫ് സര്‍വീസ് (ഡിഒഎസ്) ആക്രമണങ്ങളാണ് ഹാക്കര്‍മാര്‍ നടത്തുന്നത്. ഫോണില്‍ ശേഖരിച്ച വാട്ട്‌സാപ്പ് ഡാറ്റ പോലും കയ്യടക്കാന്‍ ഇതിലൂടെ സാധിക്കും. വാട്ട്‌സാപ്പ് മീഡിയാ ഫയലുകള്‍ ഓട്ടോ ഡൗണ്‍ലോഡ് ആക്കി വെക്കുന്ന ഫോണിലെത്താന്‍ ഹാക്കര്‍മാക്ക് എളുപ്പം കഴിയും.
ആന്‍ഡ്രോയ്ഡ്, ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് വാട്ട്‌സാപ് പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്തു ഫോണ്‍ സുരക്ഷിതമാക്കാമെന്ന് അധികൃതര്‍ അറിയിച്ചു. മീഡിയ ഓട്ടോ ഡൗണ്‍ലോഡ് സംവിധാനം ഓഫ് ആക്കണം. അറിയാത്ത നമ്പറുകളില്‍ നിന്നുള്ള മീഡിയ ഫയലുകള്‍ തുറക്കരുതെന്നതാണ് മറ്റൊരു നിര്‍ദേശം.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline