Begin typing your search above and press return to search.
പുഞ്ചിരിയുടെ നാട്ടില്‍ ഇന്ത്യക്കാര്‍ക്ക് വിസ വേണ്ട! കൊച്ചിയില്‍ നിന്ന് വെറും നാലു മണിക്കൂര്‍ യാത്ര
ഇന്ത്യക്കാര്‍ക്ക് മുന്‍കൂട്ടി വിസയെടുക്കാതെ യാത്ര ചെയ്യാവുന്ന സംവിധാനം അനിശ്ചിത കാലത്തേക്ക് ദീര്‍ഘിപ്പിച്ച് തായ്‌ലാന്‍ഡ്. ജൂണ്‍ മുതല്‍ നിലവില്‍ വന്ന സംവിധാനം നവംബര്‍ 11ന് അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം. ഇതനുസരിച്ച് മുന്‍കൂട്ടി വിസയെടുക്കാതെ 60 ദിവസം വരെ ഇന്ത്യക്കാര്‍ക്ക് തായ്‌ലാന്‍ഡില്‍ താമസിക്കാം. അതിന് ശേഷം പ്രാദേശിക ഇമിഗ്രേഷന്‍ ഓഫീസിലെത്തിയാല്‍ 30 ദിവസത്തേക്ക് കൂടി ഇത് നീട്ടുകയും ചെയ്യാം. തായ്‌ലാന്‍ഡിലെ മനോഹരമായ ഭൂപ്രകൃതി ആസ്വദിക്കാനും ആയാസ രഹിതമായ വിസ അപേക്ഷയിലൂടെ ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട യാത്രാ അനുഭവം ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് വിസ ഫ്രീ എന്‍ട്രി നടപ്പിലാക്കിയത്. ഇന്ത്യയടക്കം 93 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വേണ്ടിയാണ് ഈ സൗകര്യം ലഭ്യമാക്കിയത്.
നേരത്തെ തായ്‌ലാന്‍ഡിലേക്കുള്ള വിസ സ്വന്തമാക്കണമെങ്കില്‍ അപേക്ഷ നല്‍കി ഫീസുമടച്ച് കാത്തിരിക്കേണ്ടിയിരുന്നു. എന്നാല്‍ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ തായ്‌ലാന്‍ഡ് തീരുമാനിച്ചതോടെ വിസ ചട്ടങ്ങള്‍ ലഘൂകരിച്ചു. ഇതോടെ രാജ്യത്തേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിലും വലിയ കുതിച്ചുചാട്ടമുണ്ടായി. ജനുവരി മുതല്‍ ഒക്ടോബര്‍ പകുതി വരെയുള്ള കണക്കെടുത്താല്‍ 1.61 കോടി ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ തായ്‌ലാന്‍ഡ് സന്ദര്‍ശിച്ചു. തായ്‌ലാന്‍ഡിലേക്കുള്ള പ്ലാന്‍ ചെയ്യാത്ത യാത്രകളും വര്‍ധിച്ചു. ആളുകള്‍ക്ക് വീക്കെന്‍ഡുകളില്‍ പോയി മടങ്ങി വരാനുള്ള സ്ഥലമായി തായ്‌ലാന്‍ഡ് മാറിയെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.
പുഞ്ചിരിയുടെ നാട്, നൈറ്റ് ലൈഫിന് പ്രസിദ്ധം
ഓരോ വര്‍ഷവും 3.5 കോടി സന്ദര്‍ശകരെത്തുന്ന തായ്‌ലാന്‍ഡ് ചരിത്ര പ്രസിദ്ധമായ പുരാതന ക്ഷേത്രങ്ങള്‍ മുതല്‍ ഏറ്റവും മികച്ച നൈറ്റ് ലൈഫ് വരെ ലഭിക്കുന്ന നയനമനോഹരമായ രാജ്യങ്ങളിലൊന്നാണ്. കൊച്ചിയില്‍ നിന്ന് വിമാനത്തില്‍ നാല് മണിക്കൂര്‍ യാത്ര ചെയ്താല്‍ തായ്‌ലാന്റിലെത്താം. സഞ്ചാരികളെ പുഞ്ചിരിയോടെ സ്വാഗതം ചെയ്യുന്ന നാട്ടുകാരുള്ളതിനാല്‍ പുഞ്ചിരിയുടെ നാട് എന്ന പേരിലും തായ്‌ലാന്റ് അറിയപ്പെടാറുണ്ട്.
ഷെന്‍ഗന്‍ മാതൃകയില്‍ വിസ വരും
തായ്‌ലാന്‍ഡ്, കംബോഡിയ, ലാവോസ്, മലേഷ്യ, മ്യാന്‍മര്‍, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഏഴ് കോടി സന്ദര്‍ശകരെത്തിയെന്നാണ് കണക്ക്. വിനോദസഞ്ചാരം കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ആറ് തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് ഷെന്‍ഗന്‍ മാതൃകയില്‍ വിസ സംവിധാനം ഒരുക്കാനും പദ്ധതിയുണ്ട്. ഇതോടെ ഈ രാജ്യങ്ങളില്‍ പരിധിയില്ലാതെ സഞ്ചരിക്കാനും കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുമാകും.
Next Story
Videos