സ്ത്രീകൾക്ക് ഒരു ഡിജിറ്റല്‍ ടേക്ക് ഓഫിന് സമയമായി

ഐക്യരാഷ്ട്രസംഘടനയുടെ ആഹ്വാനമനുസരിച്ച് എല്ലാ വര്‍ഷവും മാര്‍ച്ച് 8 ാം തീയതി ആഗോളവ്യാപകമായി വനിതാദിനം ആചരിക്കുന്നു. ഈ ദിനാചരണം പ്രാബല്യത്തില്‍ വന്നതിന്റെ പിന്നില്‍ ഒരുപാട് ചരിത്രനിമിഷങ്ങളുണ്ട്. തയ്യല്‍തൊഴിലാളിരംഗത്തും കെട്ടിടനിര്‍മാണമേഖലയിലും കുറഞ്ഞ വേതനനിരക്കില്‍ കൂടുതല്‍ സമയം പണിയെടുക്കാന്‍ നിര്‍ബന്ധിതരായ സാഹചര്യത്തിനെതിരെ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ച സ്ത്രീകളുടെ നിശ്ചയദാര്‍ഡ്യമാണ് അന്താരാഷ്ട്രാ വനിതാദിനം എന്ന് ആശയത്തിന് കാരണമായത്.

ഡിജിറ്റല്‍ ലോകത്തിലേക്ക്

ദേശത്തിന്റെ അതിരുകള്‍ക്കതീതമായി പിന്നീട് ഇത് വളര്‍ന്നു. 1857 മുതല്‍ നടത്തിയ പോരാട്ടങ്ങളുടെ ഫലമായി 1975 ല്‍ ഐക്യരാഷ്ട്രസഭ ഈ ദിനം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ വനിതാദിനാചരണത്തിന്റെ മുഖ്യപ്രമേയമായി സ്വീകരിച്ചിരിക്കുന്നത് ഡിജിറ്റല്‍ ലോകത്തിലേക്കുള്ള സ്ത്രീകളുടെ കാല്‍വയ്പുകളും അതുവഴി സൃഷ്ടിക്കപ്പെടേണ്ട ലിംഗ സമത്വവുമാണ്. DigitALL: Innovation and technology for gender equality എന്നതാണ് ആപ്തവാക്യം. എല്ലാവരും നൂതനസാങ്കേതികവിദ്യയില്‍ പ്രാവീണ്യമുള്ളവരാകുക, അതുവഴി ജീവിതശൈലി കൂടുതല്‍ ഗുണമേന്മയുള്ളതാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.

പുതുമ സൃഷ്ടിക്കുവാനുള്ള കഴിവ്

സാമ്പത്തിക ശാസ്ത്രത്തില്‍ ഇന്നവേഷന്‍ അഥവാ പുതുമ സൃഷ്ടിക്കുക, നൂതനത്വം കൊണ്ടുവരിക എന്നത് സംരംഭകത്വവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. പ്രശസ്ത സംരംഭക സാമ്പത്തിക ശാസ്ത്രജ്ഞനായ ജെ. എ. ഷുംപീറ്റര്‍ (Joseph Alois Schumpeter) ആണ് ഈ ഇന്നവേഷന്‍ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ പുതുമ സൃഷ്ടിക്കുവാനുള്ള കഴിവാണ് ഒരു സംരംഭകന് ഉണ്ടാവേണ്ട അടിസ്ഥാനഗുണം. ഇത് പല രൂപത്തിലാവാം. ഉല്‍പന്നത്തിലുള്ള വ്യത്യാസം, നിറം, ഗുണം,ആകൃതി, പാക്കിംഗ്, ഉല്‍പാദനരീതി, വിതരണമാര്‍ഗങ്ങള്‍ എന്നിങ്ങനെ ഏല്ലാ മേഖലയിലും വ്യത്യസ്ഥവും നൂതനവുമായ ആവിഷ്‌കാരത്തിനുള്ള കഴിവാണ് ഇന്നൊവേഷന്‍.

സ്ത്രീകളുടെ വൈദഗ്ധ്യം

സ്ത്രീകള്‍ക്ക് ഈ രംഗത്ത് ധാരാളം കഴിവും സാധ്യതകളുമുണ്ട്. അടുക്കളയിലെ വിവിധ കൂട്ടുകളുടെ പരീക്ഷണം മുതല്‍ അത് കാണുവാന്‍ സാധിക്കുന്നു. തലേദിവസം മിച്ചംവന്ന കടലകറി പിറ്റേദിവസം ഒരു കഷണം ചേനയുമായി ചേര്‍ത്ത് സ്വാദിഷ്ടമായ ഉപ്പേരി ഉണ്ടാക്കുന്ന ഭാവനാ വൈദഗ്ധ്യം മുതല്‍ ഫാഷന്‍ ടെക്‌സ്റ്റൈല്‍ രംഗത്തും മറ്റ് വ്യവസായമേഖലകളിലും സ്ത്രീകള്‍ പ്രകടമാക്കുന്ന വൈദഗ്ധ്യം ശ്ലാഘനീയമാണ്. ഇനി കൂടുതല്‍ മെച്ചപ്പേടേണ്ടത് നൂതനസാങ്കേതികരംഗത്തിന്റെ ഉപയോഗത്തിലാണ്.

പ്രത്യേകിച്ച് ഈ ഡിജിറ്റല്‍ യുഗത്ത് എ.ടി.എം. ഉപയോഗിക്കുന്നത് മുതല്‍ ഓണ്‍ലൈന്‍ കോഴ്‌സിന് ചേരുക, ബാങ്ക് ഇടപാടുകള്‍ നടത്തുക, ഗൂഗിള്‍പേ പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കുക, ക്യു.ആര്‍.കോഡ് സ്‌കാന്‍ ചെയ്യുക, ഒരു മെഡിക്കല്‍ അപ്പോയിന്റ്‌മെന്റ് എടുക്കുക, ഓണ്‍ലൈന്‍ ടാക്‌സി ബുക്ക് ചെയ്യുക, ഫേസ്ബുക്ക് യുട്യൂബ് എന്നിവയിലൂടെ വ്യാപാരം മെച്ചപ്പെടുത്തുക, വ്‌ളോഗര്‍ പോലുള്ള സംരംഭങ്ങളില്‍ ഏര്‍പെടുക എന്നിങ്ങനെ നിരവധിയായ മാര്‍ഗങ്ങളില്‍ സ്ത്രീകള്‍ വൈദഗ്ധ്യം നേടേണ്ടിയിരിക്കുന്നു.

സ്വന്തമായി പരിശ്രമം ആരംഭിക്കുക

ലോകത്ത് 37 ശതമാനം സ്ത്രീകളും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നില്ല എന്നും 26 കോടി സ്ത്രീകള്‍ക്ക് ഇന്നും ഇന്റര്‍നെറ്റ് അക്‌സസ് കുറവാണെന്നും വിവിധ പഠനങ്ങള്‍ തെളിയിക്കുന്നു. ഇതുമൂലം ശാസ്ത്രം സാങ്കേതികവിദ്യ, എന്‍ജിനീയറിംഗ്, ബിസിനസ് തുടങ്ങി വിവിധ മേഖലകളിലേക്കുള്ള തൊഴില്‍ സാധ്യതകളും കുറയുന്നു. തന്മൂലം ഡിജിറ്റല്‍ സാക്ഷരതയും പ്രാവീണ്യവും സ്ത്രീശക്തീകരണത്തിന് ആവശ്യമാണ്. അതോടൊപ്പം തന്നെ ഓണ്‍ലൈന്‍ ചതിക്കുഴികളെകുറിച്ചുള്ള അവബോധവും പ്രധാനപ്പെട്ടതാണ്.

ഇത് എങ്ങനെ ആരുവഴി നേടാനാവും എന്ന് ചിന്തിക്കാതെ സ്വന്തമായി പരിശ്രമം ആരംഭിക്കുക എന്നതാണ് സ്ത്രീശാക്തീകരണത്തിന്റെ ആദ്യപടി. ആതായത് ആദ്യത്തെ തലം അവനവനോടു തന്നെയാണ്. മെച്ചപ്പെട്ട ജീവിതം വേണമെന്ന് സ്വയം ആഗ്രഹിക്കുന്നിടത്തു നിന്നാണ് ഇതിനു തുടക്കമിടുന്നത്. സ്വയം ശക്തീകരണം ആവശ്യമാണെന്നുള്ള സ്ത്രീയുടെ ബോധ്യവും അതിനായുള്ള പരിശ്രമവും പ്രധാനപ്പെട്ടതാണ്. അത് വിദ്യാഭ്യാസത്തിലൂടെയും സാമൂഹ്യമായ ഇടപെടലുകളിലൂടെയും ഒരു സ്ത്രീ സ്വന്തമാക്കേണ്ടതാണ്. ഓര്‍ക്കുക, വെള്ളമൊഴിച്ച് വളര്‍ത്തിയ ഒരു ചെടിയും ഇന്നേവരെ വന്‍വൃക്ഷമായിട്ടില്ല. സ്വന്തം വേരുകള്‍ കൊണ്ട് വെള്ളം കണ്ടെത്തിയവ മാത്രമെ വന്‍വൃക്ഷങ്ങളായിട്ടുള്ളു.

സാമ്പത്തിക വളര്‍ച്ചയുടെ അഞ്ച് ഘട്ടങ്ങള്‍

സാമ്പത്തികശാസ്ത്രജ്ഞനായ വാള്‍ട് വിറ്റ്മാന്‍ റോസ്റ്റോ സാമ്പത്തിക വളര്‍ച്ചയെ അഞ്ച് ഘട്ടങ്ങളായി തരംതിരിച്ചിരിക്കുന്നു. ഒന്നാമത്തേത് പരമ്പരാഗതതൊഴിലിന്റെ തലമാണ്. ഉല്‍പന്നങ്ങളും ആവശ്യങ്ങളും പരമിതമായ അവസ്ഥയാണത്. രണ്ടാമത്തെ തലത്തില്‍ ഒരു കുതിപ്പിനാവശ്യമായ സജ്ജീകരണങ്ങളൊരുക്കലാണ്. അദ്ദേഹം വളര്‍ച്ചയെ വിമാനം ഉയരുന്നതുമായി ബന്ധപ്പെട്ടാണ് വിശദമാക്കിയത്. വിമാനം മുകളിലേക്ക് കുതിച്ചുയരുന്നതിനുമുമ്പ് ആവശ്യമായ ഇന്ധനവും ഊര്‍ജവും സമാഹരിക്കുന്ന മുന്നൊരുക്കമായി ഈ ഘട്ടത്തെ വിവരിക്കുന്നു.

മൂന്നാം ഘട്ടം യഥാര്‍ത്ഥത്തില്‍ ഉള്ള കുതിച്ചുയരലാണ്. അതിനെയാണ് അദ്ദേഹം ടേക്ക് ഓഫ് എന്ന് വിളിക്കുന്നത്. തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ വളര്‍ച്ചയുടെ വേഗതയും വിപുലീകരണവുമാണ് സംഭവിക്കുന്നത്. നാലാമത്തെ ഘട്ടം പക്വമായ ചുവടുവയ്പുകളോടെയുള്ള വളര്‍ച്ചയാണ്. അഞ്ചാമത്ത ഘട്ടത്തില്‍ ലക്ഷക്കണക്കിന് ഉപഭോക്താക്കളിലേക്ക് വളര്‍ച്ചയുടെ ഫലം എത്തി ധാരാളം പേര്‍ വികസനത്തിന്റെ നറുമലരുകള്‍ ആസ്വദിക്കുന്ന അവസ്ഥയാണ്.

ഇനിയും മുന്നേറണം

ഇന്ന് വ്യവസായിക, ബിസിനസ് രംഗങ്ങളില്‍ സ്ത്രീമുന്നേറ്റം ശ്രദ്ധേയമാണ്. ഉല്‍പാദനം വര്‍ദ്ധിക്കുന്നതോടൊപ്പം ജീവിതനിലവാരത്തിലുള്ള വളര്‍ച്ചയും ലിംഗസമത്വവും സുസ്ഥിരവികസനവും വികസനത്തിന്റെ സൂചികകളാണ്. ഈ തലത്തിലേക്കാണ് ഇന്ന് വനിതാദിനം ലിംഗസമത്വവുമായി സാങ്കേതികവിദ്യയെ ബന്ധിപ്പിക്കുന്നത് അതെ ഒരു ഡിജിറ്റല്‍ ടേക് ഓഫിനുള്ള ഉണര്‍ത്തുപാട്ടാണ് കേള്‍ക്കുന്നത്.

ഡിജിറ്റല്‍ മേഖലയിലും വര്‍ദ്ധിച്ചുവരുന്ന സാമ്പത്തികവും സാമൂഹികവുമായ ലിംഗഅസമത്വങ്ങളെ ഈ ദിനം ചിന്തക്ക് വിധേയമാക്കും. ഇന്നൊവേഷനിലൂടെയും സാങ്കേതികവിദ്യയുടെ വര്‍ദ്ധിച്ചുവരുന്ന ഉപയോഗത്തിലും സാമ്പത്തിക വികസനത്തിലും നയതന്ത്രത്തിലും നേതൃത്വ രൂപീകരണത്തിലും സംഘാടനത്തിലും ഉള്‍പെടുത്തലും ഉള്‍ചേരലും സംഭവിക്കണം. കാരണം ഒരു സമൂഹത്തിന്റെ അന്തസ്സ് അവിടുത്തെ സ്ത്രീകളുടെ പദവിയുമായി അഭേദ്യം ബന്ധപ്പെട്ടിരിക്കുന്നു.

(സാമ്പത്തികശാസ്ത്ര അദ്ധ്യാപികയും ഗവേഷണഗൈഡും ഫിനാഷ്യല്‍ കോളമ്‌നിസ്റ്റും പ്രഭാഷകയുമായ ഡോ. കൊച്ചുറാണി ജോസഫ് നിലവിൽ കൊച്ചിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് സ്പീകിംഗ് ആൻഡ് പ്ലേസ്‌മെന്റ്സിന്റെ ഡയറക്ടറാണ്)

Related Articles
Next Story
Videos
Share it