ആദ്യനിക്ഷേപം 500 രൂപയും 10800 രൂപയും, തുടക്കം ഫെയ്‌സ്ബുക്കില്‍; ഈ വനിതാ സംരംഭകരുടെ വിറ്റുവരവ് ലക്ഷങ്ങള്‍

ഫെയ്‌സ്ബുക്കില്‍ ദിനവും നിരവധി സംരംഭകരാണ് പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷരാകുകയും ചെയ്യുന്നത്. കൊറോണ കാലത്ത് കൂണുപോലെയാണ് സോഷ്യല്‍ മീഡിയ സംരംഭങ്ങളും മുളച്ച് പൊന്തിയത്. എന്നാല്‍ ഫെയ്‌സ്ബുക്ക് സംരംഭങ്ങള്‍ കേരളത്തില്‍ സുപരിചിതമായിത്തുടങ്ങിയപ്പോള്‍ തന്നെ അതിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയ സംരംഭകരാണ് ശ്രീലക്ഷ്മി അജേഷും പ്രിയ കാമത്തും. ഒരാള്‍ കൈത്തറി സാരികളുടെ വൈവിധ്യങ്ങളവതരിപ്പിച്ച് ഇസബെല്ല ബൈ പ്രിയ കാമത്ത് എന്ന പേജിലൂടെ ഫെയ്‌സ്ബുക്കില്‍ ഇടം നേടിയപ്പോള്‍ മറ്റൊരാള്‍ സ്വന്തം അടുക്കളയില്‍ നിന്ന് ലൈവായി അച്ചാറും ഭക്ഷണപദാര്‍ത്ഥങ്ങളുമെല്ലാം ഉണ്ടാക്കി വിറ്റ് കലവറ ഫുഡ് പ്രോഡക്റ്റ്‌സ് എന്ന ബ്രാന്‍ഡ് വളര്‍ത്തി. സംരംഭം തുടങ്ങുകയല്ലാതെ മറ്റൊരു വരുമാനമാര്‍ഗം കണ്ടെത്താന്‍ മാര്‍ഗമില്ലാത്ത അവസ്ഥയിലാണ് ആകെ ഉണ്ടായിരുന്ന തുച്ഛമായ നിക്ഷേപവുമായി ഫെയ്‌സ്ബുക്കിനെ കൂട്ടുപിടിച്ചത്. തങ്ങളുടെ സംരംഭം വിജയമാക്കിയ കഥ പങ്കുവയ്ക്കുകയാണ് ഇരുവരും.

ആകെ ഉണ്ടായിരുന്ന 500 രൂപ: ശ്രീലക്ഷ്മി
രണ്ട് ബിരുദാനന്തര ബിരുദങ്ങളും ബിഎഡും കഴിഞ്ഞ് ഒരു സ്വകാര്യ കമ്പനിയില്‍ ജോലി തരപ്പെടുത്തിയെങ്കിലും തുച്ഛമായ വരുമാനം കൊണ്ട് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു ശ്രീലക്ഷ്മിയെ മാറിചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ഒഴിവുനേരങ്ങളില്‍ ഫെയ്‌സ്ബുക്ക് വീഡിയോ ചെയ്യുന്ന ശീലമുണ്ടായിരുന്നു ശ്രീലക്ഷ്മിക്ക്. മൂന്നു നാല് വര്‍ഷം മുമ്പ് ഒരുദിവസം വളരെ അവിചാരിതമായിട്ടാണ് വിദേശത്തേക്ക് പോകുന്ന ഒരു സുഹൃത്തിനായി അച്ചാര്‍ ഉണ്ടാക്കി നല്‍കാന്‍ ഒരാള്‍ ആവശ്യപ്പെട്ടത്. അതില്‍ പുതിയൊരു വരുമാനമാര്‍ഗമാണ് ഈ സംരംഭക കണ്ടത്. സഹോദരന്‍ ശ്രീരാജ് നല്‍കിയ 500 രൂപയ്ക്ക് അച്ചാര്‍ ഉണ്ടാക്കാനുള്ള സാധനങ്ങളും വാങ്ങി ഫെയ്‌സ്ബുക്ക് ലൈവ് തുറന്നുവച്ച് ശ്രീലക്ഷ്മി അച്ചാര്‍ ഉണ്ടാക്കി.

തനതായ ചേരുവകള്‍ ചേര്‍ക്കുന്നത് കണ്ട് ബോധ്യപ്പെട്ടതോടെ നിരവധി പേര്‍ ഫെയ്‌സ്ബുക്കിലൂടെ മെസേജുകള്‍ അയച്ച് ഓര്‍ഡറുകള്‍ നല്‍കി. അന്നത് സംരംഭമാക്കാന്‍ പദ്ധതി ഉണ്ടായിരുന്നില്ലെങ്കിലും 100 രൂപയ്ക്ക് ഫുഡ് സേഫ്്റ്റി അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തു. 500 രൂപ മുതല്‍ മുടക്കില്‍ ഫ്‌ളാറ്റിന്റെ അടുക്കയില്‍ ആരംഭിച്ച സംരംഭം ഭക്ഷണം തയ്യാറാക്കാനുള്ള സൗകര്യത്തിന് വാടക വീട്ടിലേക്ക് പറിച്ചു നട്ടു. സഹോദരന്‍ ശ്രീരാജും കുടുംബവും പിന്തുണയോടെ കൂടെ നിന്നു. ശ്രീരാജാണ് കലവറ എന്ന പേരും ലോഗോയും നല്‍കിയത്. അച്ചാറുകള്‍ കൂടാതെ ചക്ക വരട്ടിയതുള്‍പ്പെടെയുള്ള തനി നാടന്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൂടെ ഉള്‍പ്പെടുത്തി ഉല്‍പ്പന്ന ശ്രേണി വലുതാക്കിയതും അങ്ങനെയാണ്.
പാചകത്തിനു പുറമെ ശ്രീലക്ഷ്മി തന്നെയാണ് അച്ചാറിനും പലഹാരങ്ങള്‍ക്കുമായുള്ള സാധനസാമഗ്രികള്‍ മാര്‍ക്കറ്റില്‍ പോയി നേരിട്ട് വാങ്ങുന്നത്. തൊഴിലന്വേഷകരായ ഒരു കൂട്ടം വീട്ടമ്മമാര്‍ക്ക് ഇവ വീട്ടില്‍ കൊണ്ടെത്തിക്കും. കഴുകി ഉണക്കി ഭക്ഷ്യ യോഗ്യമാക്കി നല്‍കുന്ന ഇവ ശേഖരിച്ച് പൊടിപ്പിച്ച് വീട്ടിലെത്തി പാകം ചെയ്യും. ഒട്ടുമിക്ക ഭക്ഷണസാധനങ്ങളും തയ്യാറാക്കുന്നതിന്റെ യഥാര്‍ത്ഥ വീഡിയോ മൊബൈലില്‍ ചിത്രീകരിച്ച് ഫെയ്‌സ്ബുക്കില്‍ ഇടുന്നത് കലവറയോടുള്ള വിശ്വാസ്യതയും കൂട്ടി. ഇന്ന് കലവറയുടെ ബ്രാന്‍ഡില്‍ കറിക്കൂട്ടുകളും അച്ചാറുകളും പലഹാരവും ഉള്‍പ്പെടെ 41 ഓളം ഉല്‍പ്പന്നങ്ങള്‍ ഏഴ് രാജ്യങ്ങളിലേക്ക് എത്തിക്കുന്നു.
' ഇപ്പോഴും ഫെയ്‌സ്ബുക്ക് തന്നെയാണ് എന്റെ മാര്‍ക്കറ്റിംഗ് ടൂള്‍. സ്വാദിന്റെ പാരമ്പര്യം പറയാനില്ലാത്ത ഞാന്‍ കലവറയിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉപഭോക്താക്കളെ സ്വന്തമാക്കിയത് ഗുണമേന്മയും സുതാര്യതയും കൊണ്ടാണ്. 'കുട്ടികള്‍ക്ക് കഴിക്കാന്‍ കഴിയുന്ന ഭക്ഷണസാധനങ്ങള്‍' മാത്രമേ കലവറ വില്‍ക്കാറുള്ളൂ. ഇത് തന്നെയാണ് മാര്‍ക്കറ്റിംഗ് ടെക്‌നിക്കും'' ശ്രീലക്ഷ്മി വ്യക്തമാക്കുന്നു. ഇന്ന് മൂന്നുമുതല്‍ നാല്് ലക്ഷം രൂപ വരെയാണ് ശ്രീലക്ഷ്മി പ്രതിമാസ വരുമാനം നേടുന്നത്. സംരംഭം വിജയകരമായ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ കലവറ ഫുഡ്‌സ് ഫെയ്‌സ്ബുക്ക് പേജിനു പുറമെ ഓണ്‍ലൈന്‍ സ്റ്റോറും ആരംഭിച്ചിട്ടുണ്ട്. ഇന്ന് മൂന്നുമുതല്‍ നാല്് ലക്ഷം രൂപ വരെയാണ് ശ്രീലക്ഷ്മി പ്രതിമാസ വരുമാനം നേടുന്നത്.
ആദ്യ നിക്ഷേപം 10800 രൂപ: പ്രിയ കാമത്ത്
സാരികളോടുള്ള പ്രിയമാണ് പ്രിയ കാമത്ത് എന്ന ഐടി പ്രൊഫഷണലിനെ സംരംഭകയാക്കിയത്. ജോലി ഉപേക്ഷിച്ച് വീട്ടിലിരിക്കേണ്ട സന്ദര്‍ഭത്തിലാണ് ഫെയ്‌സ്ബുക്കില്‍ ഒരു പേജ് തുടങ്ങി ഡിസൈനര്‍സാരികളുടെ റീസെല്ലിംഗ് നടത്താം എന്ന ആശയം മനസ്സിലുദിച്ചത്. 2013 ലായിരുന്നു അത്. പിന്നീട് ആശയത്തിന്റെ സാധ്യതകള്‍ പഠിക്കാന്‍ വിവിധ സാരികളില്‍ റിസര്‍ച്ചും റീസെല്ലേഴ്‌സിനെ കണ്ടെത്തലും ആരംഭിച്ചു. ഇഷ്ടപ്പെട്ട രംഗമായത് കൊണ്ട് തന്നെ എളുപ്പത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു. വ്യത്യസ്തമായ സാരികള്‍ വാങ്ങാനും മറിച്ചു വില്‍ക്കാനും 'ഇസബെല്ല ബൈ പ്രിയ കാമത്ത്' എന്ന ഫെയ്‌സ്ബുക്ക് പേജും ആരംഭിച്ചു.
വില്‍പ്പന ആരംഭിക്കുന്നതിനു മുമ്പ് ഗുണമേന്മ അറിയാന്‍ ചിലത് വാങ്ങി ഉടുത്തു നോക്കി, കഴുകിയും ഉണക്കിയും ഗുണമേന്മ ഉറപ്പുവരുത്തി ഓര്‍ഡര്‍ എടുത്തു തുടങ്ങി. സ്വയം സ്വരുക്കൂട്ടിയതും ഭര്‍ത്താവിനോടു വാങ്ങിയതുമായ 10800 രൂപയാണ് അന്ന് അതിന് ചെലവിട്ടത്. ഓര്‍ഡറുകള്‍ ലഭിച്ചു തുടങ്ങിയപ്പോള്‍ പുതിയ സ്റ്റോക്കുകളും വില്‍പ്പനയും കൂടി. അങ്ങനെ സമയം കിട്ടുമ്പോള്‍ മാത്രം ശ്രദ്ധ നല്‍കിയിരുന്ന ഫെയ്‌സ്ബുക്ക് പേജിനെലോഗോ ഡിസൈന്‍ ചെയ്തും ദിവസവും പോസ്റ്റുകള്‍ ഇട്ടും ഒരു വസ്ത്രവ്യാപാര സ്ഥാപനം പോലെ ആകര്‍ഷകമാക്കി.
എന്നാല്‍ 2015 ഓടെ ഡിസൈനര്‍ സാരികള്‍ക്ക് ഓണ്‍ലൈനില്‍ ഡിമാന്‍ഡ് കുറഞ്ഞു, റീസെല്ലേഴ്‌സും കൂടി. ഈ വെല്ലുവിളികളെ തന്റേതായ ശൈലിയില്‍ മറികടക്കാനുള്ള വഴികള്‍ സ്വയം കണ്ടെത്തുകയാണ് പിന്നീട് ചെയ്തതെന്ന് പ്രിയ പറയുന്നു. അതായിരുന്നു ടേണിംഗ് പോയ്ന്റ്.
കൈത്തറിയുടെ സാധ്യതകള്‍
ചേന്ദമംഗലവും ബാലരാമപുരവും മുതല്‍ ആസാമിലും മണിപ്പൂരിലുമുള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കൈത്തറികള്‍ സന്ദര്‍ശിച്ച് പുതിയ സാധ്യതകളെ പഠിച്ചു. ഇടനിലക്കാര്‍ക്ക് വലിയൊരു ശതമാനം ലാഭം പോകുന്ന കൈത്തറി ഉല്‍പ്പാദകരുമായി നേരിട്ടുള്ള ഓര്‍ഡറുകള്‍ ഉറപ്പിച്ചു. ഫെയ്‌സ്ബുക്കിലെ 'ഇസബെല്ല' പേജിലെത്തുന്ന ഉപഭോക്താക്കളെ കാഞ്ചീപുരത്തും ആസ്സാമിലും മണിപ്പൂരിലും നെയ്‌തെടുക്കുന്ന തനതായ കൈത്തറി സാരികള്‍ ആകര്‍ഷിച്ചു. എല്ലാ ഉല്‍പ്പന്നവും നേരിട്ട് ഉപയോഗിച്ച് ഗുണമേന്മ തിരിച്ചറിയുന്ന തന്റെ ശീലം അപ്പോഴും പ്രിയ നിലനിര്‍ത്തി. അത് തന്നെയാണ് തന്റെ വിജയമെന്ന് പ്രിയ വ്യക്തമാക്കുന്നു. ഗുണമേന്മയില്‍ കര്‍ക്കശക്കാരിയായിരിക്കുന്നത് പോലെ പ്രീ ഓര്‍ഡറഉകള്‍ക്ക് മുന്‍കൂട്ടിയുള്ള ബുക്കിംഗും പണമടയ്ക്കലും ഇസബെല്ലയുടെ പ്രത്യേകത. ഇത് നെയ്ത്തുകാരുമായുള്ള സ്ഥിരമായ ഇടപാടുകളെ സുതാര്യവും തടസ്സമില്ലാത്തതുമാക്കുന്നുവെന്നും പ്രിയ വ്യക്തമാക്കുന്നു.
കൊറോണ കാലം
കൊറോണ വ്യാപന സമയത്ത് ഓര്‍ഡറുകള്‍ എടുത്തതിന്റെ ഡെലിവറി മുടക്കമില്ലാതാക്കാന്‍ പണവും സമയവും അധ്വാനവും ഏറെ വേണ്ടി വന്നെങ്കിലും ഓര്‍ഡറുകളും കൂടി. വിവാഹ പര്‍ച്ചേസുകള്‍ ഓണ്‍ലൈന്‍ ആക്കിയതോടെ തനതായ വസ്ത്രങ്ങള്‍ ഫെയ്‌സ്ബുക്ക് പേജിലൂടെയും സ്വന്തമാക്കാം എന്ന വിശ്വാസ്യതയിലേക്ക് ഉപഭോക്താക്കളെത്തി. കാഞ്ചീപുരത്തു നിന്നും ഡിസൈന്‍ അനുസരിച്ച് നെയ്ത് വന്ന വിവാഹ വസ്ത്രങ്ങള്‍ കണ്ട് വീണ്ടും ആവശ്യക്കാരെത്തി. അന്നത്തെ 10800 രൂപയില്‍ ലാഭമൊന്നും കാര്യമായി ലഭിച്ചിരുന്നില്ലെങ്കിലും വലിയൊരു സാധ്യതയിലേക്കുള്ള ടിക്കറ്റ് ആയിരുന്നു അതെന്ന് പ്രിയ ഓര്‍ക്കുന്നു. ''മികച്ച സെയിൽസ് ഉള്ളപ്പോൾ ചെലവുകളെല്ലാം കഴിഞ്ഞ് 70000 രൂപ വരെ മാസവരുമാനം നേടാന്‍ കഴിയുന്നthodoppamനെയ്ത്തുകാരെ കൈപിടിച്ചുയര്‍ത്താന്‍ കഴിയുന്ന സംരംഭക എന്ന അഭിമാനമാണ് എനിക്കിപ്പോള്‍. ലാഭത്തെക്കാള്‍ ആത്മസംതൃപ്തിയാണ് അതിന്'' പ്രിയ വ്യക്തമാക്കി.


Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story

Videos

Share it