മഞ്ഞപ്പടയെ കൈയ്യൊഴിഞ്ഞ് സച്ചിന്‍

Update: 2018-09-17 07:00 GMT

കേരള ബ്ലാസ്റ്റേഴ്‌സിലുള്ള തന്റെ ഓഹരികള്‍ വിറ്റഴിക്കുന്നതായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍. തെലുങ്ക് നടന്‍ ചിരഞ്ജീവിയും നിര്‍മാതാവ് അല്ലു അരവിന്ദും ഒപ്പം ഐക്വിസ്റ്റ് ഗ്രൂപ്പും ചേര്‍ന്നാണ് സച്ചിന്റെ ഓഹരികള്‍ നേടിയിരിക്കുന്നത്. ഓഹരി കൈമാറിയതിന്റെ കാരണങ്ങളൊന്നും സച്ചിന്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

2014 ല്‍ ഐഎസ്എല്ലിന്റെ ആദ്യ സീസണല്‍ മുതല്‍ സച്ചിന്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉടമകളിലൊരാളായിരുന്നു. ആരംഭഘട്ടത്തില്‍ ബ്ലാസ്റ്റേഴ്‌സില്‍ 40 ശതമാനം ഓഹരി പങ്കാളിത്തമാണ് സച്ചിന് ഉണ്ടായിരുന്നത്. ഇതില്‍ 20 ശതമാനം ഓഹരി നേരത്തെ വിറ്റിരുന്നു.

ബാക്കിയുള്ള 20 ശതമാനം ഓഹരിയാണ് ഇപ്പോള്‍ സച്ചിന്‍ കൈമാറിയിരിക്കുന്നത്. പൂര്‍ണമായും ഓഹരി ഒഴിവാക്കിയതോടെ സച്ചിനും ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള ഔദ്യോഗിക ബന്ധം അവസാനിച്ചു. എന്നാല്‍ സച്ചിന്‍ ഇനിയും കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമായിരിക്കുമെന്നാണ് മാനേജ്‌മെന്റ് അറിയിച്ചിരിക്കുന്നത്.

ലുലുഗ്രൂപ്പാണ് സച്ചിന്റെ ഓഹരികള്‍ സ്വന്തമാക്കിയതെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഇതിനിടെ പുറത്തു വന്നിരുന്നു. എന്നാല്‍ ഇതു ശരിയല്ലെന്ന് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.

Similar News