ചൂടുജീവിതം! പരസ്യത്തില്‍ അമൂലിന്റെ പാതയില്‍ മില്‍മ

തീയറ്ററുകളില്‍ തംരംഗമായി ആടുജീവിതം, ആദ്യം ദിനം കളക്ഷന്‍ 4.8 കോടി

Update: 2024-03-29 07:40 GMT

Image Credit: FB/Adujeevitham, Milma

അമൂലിനു പിന്നാലെ സൂപ്പര്‍ഹിറ്റ് മലയാള സിനിമകളെയും സമകാലിക സംഭവങ്ങളെയും പരസ്യത്തിലാക്കുന്ന  തന്ത്രവുമായെത്തുകയാണ് കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡായ മില്‍മ. അടുത്തിടെ വന്‍വിജയമായി മാറിയ മഞ്ഞുമ്മല്‍ ബോയ്‌സിനെയാണ് അമൂല്‍ പരസ്യത്തിലാക്കിയതെങ്കില്‍ മരുഭൂമിയിലെ ഒറ്റപ്പെടലിനെ അതിജീവിച്ച നജീബിന്റ കഥപറയുന്ന ആടു ജീവിതത്തെയാണ് മില്‍മ ഒപ്പം കൂട്ടിയിരിക്കുന്നത്.

മരുഭൂമിപോലെ ചുട്ടുപൊള്ളുകയാണ് വേനല്‍ചൂടില്‍ കേരളവും. ശരീരവും മനസും കുളിര്‍പ്പിക്കാന്‍ മിൽമയുടെ ശീതളപാനീയങ്ങളെ അണി നിരത്തികൊണ്ട് 'ചൂടുജീവതം'- ദി ഹോട്ട് ലൈഫ് എന്ന ക്യാച്ച് വേഡിലാണ് പരസ്യം പുറത്തിറക്കിയിരിക്കുന്നത്. 'വേനല്‍ച്ചൂടില്‍ കേരളം സര്‍വൈവ് ചെയ്യുന്നത് മില്‍മയ്‌ക്കൊപ്പം' എന്ന വാചകവുമായാണ് മില്‍മയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പരസ്യം പങ്കുവച്ചിരിക്കുന്നത്. വ്യത്യസ്ത ഫ്‌ളേവറുകളിലുള്ള 
 മില്‍ക് ഷെയ്ക്കുകള്‍, ലസി, സംഭാരം എന്നിങ്ങനെ ചൂടിന് ആശ്വാസം പകരുന്ന വിവിധ ഉത്പന്നങ്ങള്‍ മില്‍മയ്ക്കുണ്ട്.

ആദ്യ ദിനം 4.8 കോടി കളക്ഷന്‍

തീയറ്ററുകളില്‍ തരംഗമായി മുന്നേറുകയാണ് പൃഥ്വിരാജ്- ബ്ലെസി കൂട്ടികെട്ടില്‍ പുറത്തിറങ്ങിയ ആടുജീവിതം. ആദ്യം ദിനം ചിത്രം 4.8 കോടി രൂപയാണ് കേരളത്തിലെ തീയറ്ററുകളില്‍ നിന്ന് വാരിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോള കളക്ഷൻ 15 കോടി പിന്നിടുമെന്നാണ് സൂചനകള്‍. 1,402 തീയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്.
മരുഭൂമിയില്‍ അകപ്പെട്ട നജീബ് എന്ന യഥാര്‍ത്ഥ മനുഷ്യന്റെ കഥപറയുന്ന ചിത്രം വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷമാണ് തീയറ്ററുകളിലെത്തിയത്. ഏറ്റവും വലിയ ബജറ്റിലൊരുങ്ങിയ മലയാള ചിത്രങ്ങളിലൊന്നാണിത്. എ.ആര്‍. റഹ്‌മാന്‍ സംഗീതവും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ അമല പോളാണ് നായിക. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം എത്തുന്നുണ്ട്.
വേനലിൽ കര്‍ഷകര്‍ക്ക് തണലായി മില്‍മ
അന്തരീക്ഷത്തില്‍ ചൂട് വര്‍ധിച്ചതു മൂലം ക്ഷീരകര്‍ഷകരുടെ കറവ മൃഗങ്ങളില്‍ പാലുത്പാദനത്തില്‍ കുറവു വരുന്നത് മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കാന്‍ മില്‍മ എറണാകുളം യൂണിയന്‍ പ്രത്യേക ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കുന്നു. ഹീറ്റ് ഇന്‍ഡെക്‌സ് ബേസ്ഡ് ക്യാറ്റില്‍ ഇന്‍ഷ്വറന്‍സ് എന്ന പദ്ധതി ഏപ്രില്‍, മേയ്‌ മാസങ്ങളില്‍ നടപ്പാക്കും. മേഖലയിലെ താലൂക്ക് അടിസ്ഥാനത്തില്‍ നിശ്ചയിച്ച താപനിലയില്‍ നിന്ന, തുടര്‍ച്ചയായി ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്ന 6, 8, 14, 26 എന്നീ ദിവസങ്ങളില്‍ യഥാക്രമം കറവമൃഗം ഒന്നിന് 200, 400, 600, 2000 രൂപ വീതമാണ് പരിരക്ഷ.
Tags:    

Similar News