2,000 ഇ.വി ചാർജിംഗ് സ്റ്റേഷനുകൾ, ഗ്രാമങ്ങളിൽ അടക്കം; സഹകരണ സംഘങ്ങളുടെ പിന്തുണയോടെ

ജർമ്മൻ സാങ്കേതികവിദ്യയിലാണ് ചാർജിംഗ് സ്റ്റേഷനുകൾ ഒരുക്കുക

Update:2024-11-08 19:46 IST

Image Courtesy: Canva

ആവശ്യത്തിന് ചാര്‍ജിംഗ് സ്റ്റേഷനുകളില്ല എന്നത് ഇലക്ട്രിക്ക് വാഹന ഉപയോക്താക്കളുടെ ഏറ്റവും വലിയ പരാതികളില്‍ ഒന്നാണ്. ഇതിന് പരിഹാരം എന്ന നിലയില്‍ 2,000 ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ സംസ്ഥാനത്ത് സ്ഥാപിക്കാൻ ഒരുങ്ങുകയാണ് കോസ്‌ടെക്ക് (COSTECH).
ഇതിനായി കോസ്‌ടെക്ക് (കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ്, കമ്മ്യൂണിക്കേഷൻ) ചെന്നൈ ആസ്ഥാനമായുള്ള ഈസിഗോ എന്ന കമ്പനിയുമായി ധാരണാപത്രം ഒപ്പുവച്ചു.
അത്യാധുനിക ജർമ്മൻ സാങ്കേതികവിദ്യയിലാണ് ഈ ചാർജിംഗ് സ്റ്റേഷനുകൾ ഒരുക്കുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിലാണ് ഇത്രയും ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് ധാരണയായിരിക്കുന്നത്.
ചെറുകാറുകൾ മുതൽ ട്രക്കുകൾ വരെയുള്ള വിവിധ വാഹനങ്ങൾക്ക് അതിവേഗ ചാർജിംഗ് ഈ സ്റ്റേഷനുകളില്‍ നിന്ന് സാധ്യമാകും. ക്ലൗഡ് മാനേജ്‌മെൻ്റ് സിസ്റ്റവും മൊബൈല്‍ ആപ്പും ഉപയോഗിച്ചാണ് പേയ്‌മെൻ്റ് സംവിധാനം ഒരുക്കുന്നത്.
ഗ്രാമീണ മേഖലയിലുൾപ്പെടെ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനാണ് പദ്ധതിയുളളത്. സഹകരണ സംഘങ്ങളുടെ പിന്തുണയും ഇതിനായി കോസ്‌ടെക്ക് തേടും. ഗ്രാമ പ്രദേശങ്ങളിലും ഉള്‍നാടന്‍ മേഖലകളിലും ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വ്യാപകമാകാത്തത് ഇലക്ട്രിക്ക് വാഹനങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് ഉപയോക്താക്കളെ വിലക്കുന്നുണ്ട്. ചെറു പട്ടണങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും കൂടുതല്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ എത്തുന്നത് കൂടുതല്‍ ഇ.വി കള്‍ ഉപയോഗിക്കുന്നതിന് ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങളില്‍ ഒന്നാകും.
Tags:    

Similar News