വാഹന വിപണിക്ക് സന്തോഷ വര്‍ഷം: വിറ്റഴിഞ്ഞത് 2.21 കോടി പുത്തന്‍ വണ്ടികള്‍

2022-23ല്‍ എല്ലാ വാഹന ശ്രേണികളും കുറിച്ചത് നേട്ടം, വില്‍പനയില്‍ മുന്നില്‍ ഹീറോയും മാരുതിയും

Update: 2023-04-05 05:01 GMT

ആഭ്യന്തര വാഹനവിപണിക്ക് 2022-23 സമ്മാനിച്ചത് മികച്ച നേട്ടം. മുഴുവന്‍ വാഹന ശ്രേണികളും വില്‍പന വളര്‍ച്ച കുറിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ നിരത്തുകളില്‍ പുതുതായി എത്തിയത് 2.21 കോടി വാഹനങ്ങളാണെന്ന് ഡീലര്‍മാരുടെ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്റെ (ഫാഡ) റിപ്പോർട്ട്. 2021-22ല്‍ വിറ്റഴിഞ്ഞ പുതിയ വാഹനങ്ങള്‍ 1.83 കോടിയായിരുന്നു.

ടൂവീലറും കാറുകളും
2021-22നെ അപേക്ഷിച്ച് ടൂവീലര്‍ വില്‍പന 18.54 ശതമാനം ഉയര്‍ന്ന് 1.59 കോടിയായി. 7.67 ലക്ഷം പുതിയ ത്രീവീലറുകളും നിരത്തിലെത്തി, വളര്‍ച്ച 83.90 ശതമാനം. കാര്‍, എസ്.യു.വി., വാന്‍ എന്നിവ ഉള്‍പ്പെടുന്ന പാസഞ്ചര്‍ വാഹന (പി.വി) ശ്രേണി കുറിച്ച വില്‍പന 36.20 ലക്ഷം യൂണിറ്റുകളാണ്; ഇത് റെക്കോഡാണ്. 2021-22ലെ 29.42 ലക്ഷത്തേക്കാള്‍ 23.04 ശതമാനമാണ് വളര്‍ച്ച.
ട്രാക്ടറും വാണിജ്യ വാഹനവും 
കാര്‍ഷികം, വാണിജ്യം, വ്യവസായം എന്നീ മേഖലകളില്‍ ഉണര്‍വുണ്ടായെന്ന് ചൂണ്ടിക്കാട്ടി ട്രാക്ടര്‍, വാണിജ്യവാഹനങ്ങള്‍ എന്നിവയുടെ വില്‍പനയും കഴിഞ്ഞവര്‍ഷം (2022-23) മികച്ച നേട്ടം രേഖപ്പെടുത്തി. വാണിജ്യ വാഹനങ്ങളുടെ വില്‍പന 32.88 ശതമാനം വര്‍ദ്ധിച്ച് 9.39 ലക്ഷം യൂണിറ്റുകളിലെത്തി. 8.27 ലക്ഷം പുതിയ ട്രാക്ടറുകളും വിറ്റഴിഞ്ഞു; വളര്‍ച്ച 7.94 ശതമാനം.
മാര്‍ച്ചിലെ മുന്നേറ്റം
കഴിഞ്ഞമാസം എല്ലാ ശ്രേണികളിലുമായി ഇന്ത്യക്കാര്‍ പുതുതായി വാങ്ങിയ വാഹനങ്ങളുടെ എണ്ണം 20.41 ലക്ഷമാണ്. 2022 മാര്‍ച്ചിലെ 17.92 ലക്ഷത്തേക്കാള്‍ 13.89 ശതമാനം അധികം. 14.45 ലക്ഷം ടൂവീലറുകളും (വളര്‍ച്ച 12.42 ശതമാനം), 3.35 ലക്ഷം കാറുകളും (വളര്‍ച്ച 14.42 ശതമാനം) വിറ്റഴിഞ്ഞു. 10.30 ശതമാനം വളര്‍ച്ചയുമായി 92,790 വാണിജ്യവാഹനങ്ങളും പുതുതായി നിരത്തിലെത്തി. ട്രാക്ടര്‍ വില്‍പന 81,067 യൂണിറ്റുകള്‍; വളര്‍ച്ച 3.84 ശതമാനം.
ടൂവീലറില്‍ ഹീറോ; കാറുകളില്‍ മാരുതി
ടൂവീലറുകളിലെ ഏറ്റവും സ്വീകാര്യതയുള്ള കമ്പനിയെന്ന പട്ടം ഹീറോ മോട്ടോകോര്‍പ്പ് കഴിഞ്ഞമാസവും നിലനിറുത്തി. 32.30 ശതമാനമാണ് ഹീറോയുടെ വിപണിവിഹിതം. ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയാണ് രണ്ടാമത്; വിഹിതം 22.40 ശതമാനം. 16.46 ശതമാനവുമായി ടി.വി.എസ് ആണ് മൂന്നാമത്.
പാസഞ്ചര്‍ വാഹനങ്ങളിലെ (കാര്‍, എസ്.യു.വി., വാന്‍) സൂപ്പര്‍താര പദവിയില്‍ മാരുതി സുസുക്കി തുടരുകയാണ്. കഴിഞ്ഞമാസം പുതുതായി നിരത്തിലെത്തിയ പാസഞ്ചര്‍ വാഹനങ്ങളില്‍ 1.37 ലക്ഷവും (40.92 ശതമാനം) മാരുതിയുടെ മോഡലുകളാണ്. 13.97 ശതമാനം വിഹിതവുമായി ടാറ്റാ മോട്ടോഴ്‌സാണ് രണ്ടാമത്. മൂന്നാംസ്ഥാനത്ത് ഹ്യുണ്ടായ് (13.63 ശതമാനം).
ത്രീവീലറില്‍ ബജാജ്; വാണിജ്യ വാഹനങ്ങള്‍ക്ക് ടാറ്റ
ത്രീവീലര്‍ വില്‍പനയില്‍ ബജാജ് ഓട്ടോ ബഹുദൂരം മുന്നില്‍ തുടരുകയാണ്. മാര്‍ച്ചില്‍ 34.8 ശതമാനമാണ് ബജാജിന്റെ വിപണിവിഹിതം. പിയാജിയോയാണ് രണ്ടാമത്, വിഹിതം 8.6 ശതമാനം. വാണിജ്യ വാഹനങ്ങളില്‍ സ്വീകാര്യതയില്‍ മുന്നില്‍ ടാറ്റാ മോട്ടോഴ്‌സാണ്, വിപണിവിഹിതം 38.96 ശതമാനം. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയാണ് രണ്ടാമത്, വിപണിവിഹിതം 22.10 ശതമാനം.
ട്രാക്ടര്‍ വിപണിയില്‍ മഹീന്ദ്രയുടെ ആധിപത്യമാണ്. 21.92 ശതമാനം വിഹിതവുമായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ട്രാക്ടര്‍ ഒന്നാമതും 17.39 ശതമാനം വിഹിതവുമായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര സ്വരാജ് ഡിവിഷന്‍ രണ്ടാമതുമാണ്.
വെല്ലവിളികളെ മറികടന്ന നേട്ടം
2020-21ലും 2021-22ലും കൊവിഡ് പ്രതിസന്ധി വാഹനവിപണിയെ ബാധിച്ചിരുന്നു. 2022-23ല്‍ ഈ പ്രതിസന്ധി ഇല്ലാതിരുന്നെങ്കിലും പണപ്പെരുപ്പം, പലിശവര്‍ദ്ധന തുടങ്ങിയ വെല്ലുവിളികളുണ്ടായി. എന്നാല്‍ പുത്തന്‍ വണ്ടികളുടെ വിപണിപ്രവേശനവും മുന്തിയ ഇനം (ടോപ്പ് എന്‍ഡ്) മോഡലുകള്‍ക്ക് ലഭിച്ച സ്വീകാര്യതയും വില്‍പന വര്‍ദ്ധനയ്ക്ക് സഹായിച്ചുവെന്ന് ഫാഡ അഭിപ്രായപ്പെട്ടു. അതേസമയം പണപ്പെരുപ്പവും പലിശഭാരവും മൂലം സാധാരണക്കാര്‍ വിപണിയില്‍ നിന്ന് അകന്നുനിന്നത് ചെറുകാര്‍ (എന്‍ട്രി-ലെവല്‍) വില്‍പനയെ ബാധിച്ചു.
2023-24ല്‍ വിപണി സമ്മിശ്രമാകുമെന്നാണ് വിലയിരുത്തല്‍. പണപ്പെരുപ്പവും പലിശനിരക്കുകളും ഉയര്‍ന്നേക്കുമെന്ന സൂചനകളുണ്ട്. ഇന്ധനവില വര്‍ദ്ധനയും പ്രതീക്ഷിക്കുന്നു. ഇത് വിപണിയെ ബാധിച്ചേക്കാം.
Tags:    

Similar News