രണ്ട് ലിറ്ററില്‍ 330 കിലോമീറ്റര്‍ ഓടാം, അമ്പരപ്പിക്കുന്ന വിലയില്‍ ബജാജിന്റെ അത്ഭുത വണ്ടി വിപണിയില്‍
മൂന്ന് വേരിയന്റുകളിലാണ് വാഹനം ലഭ്യമാവുക
പെട്രോള്‍ വില പോക്കറ്റിലൊതുങ്ങാത്ത വിധത്തില്‍ വര്‍ധിച്ചതോടെയാണ് പലരും ഇലക്ട്രിക് ബൈക്കുകള്‍ തേടി പോകാന്‍ തുടങ്ങിയത്. യാത്രാവാഹനങ്ങളില്‍ പ്രകൃതി വാതകം, ഹൈഡ്രജന്‍, ഹൈബ്രിഡ് തുടങ്ങിയ നിരവധി പരീക്ഷണങ്ങള്‍ നടന്നെങ്കിലും ഇരുചക്ര വാഹനങ്ങള്‍ പെട്രോളിലും വൈദ്യുതിയിലും മാത്രമായി ഒതുങ്ങി. ഇതിനൊരു മാറ്റമായി പെട്രോളിലും ദ്രവീകൃത പ്രകൃതി വാതകത്തിലും (Compressed natural gas -CNG) ഒരു പോലെ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യ ഇരുചക്രവാഹനം പുറത്തിറക്കിയിരിക്കുകയാണ് ബജാജ്. ഫ്രീഡം 125 എന്ന് പേരിട്ടിരിക്കുന്ന വാഹനം പെട്രോളിലും സി.എന്‍.ജിയിലും ഒരു പോലെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന 125 സിസി എഞ്ചിനിലാണെത്തുന്നത്. മൂന്ന് വേരിയന്റുകളില്‍ ലഭ്യമാകുന്ന വാഹനത്തിന് 95,000 രൂപ (എക്സ് ഷോറൂം) മുതലാണ് വിലവരുന്നത്.
സീറ്റിന് അടിയില്‍ സ്ഥാപിച്ചിരിക്കുന്ന സി.എന്‍.ജി ടാങ്കിന് രണ്ട് കിലോ ഗ്രാമാണ് ശേഷി. രണ്ട് ലിറ്റര്‍ പെട്രോള്‍ നിറക്കാവുന്ന പെട്രോള്‍ ടാങ്കും നല്‍കിയിട്ടുണ്ട്. ബൈക്കിന് 330 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ഒരു കിലോ സി.എന്‍.ജിയില്‍ 102 കിലോമീറ്റര്‍ ഓടാന്‍ കഴിയും. അതായത് ഒരു ഫുള്‍ ടാങ്ക് സി.എന്‍.ജി നിറച്ചാല്‍ 200 കിലോമീറ്റര്‍ വരെ ഓടാം. പെട്രോളിലാണോ സി.എന്‍.ജിയാലാണോ ഓടേണ്ടതെന്ന് തീരുമാനിക്കാനുള്ള സ്വിച്ചും വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. റിസര്‍വ് ഇന്ധനം എന്ന നിലയിലാണ് പെട്രോള്‍ ടാങ്ക് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സി.എന്‍.ജി തീര്‍ന്നുപോവുകയാണെങ്കില്‍ റിസര്‍വ് ടാങ്കിലുള്ള പെട്രോള്‍ ഉപയോഗിച്ച് പരമാവധി 130 കിലോമീറ്റര്‍ ദൂരവും സഞ്ചരിക്കാന്‍ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു. 125 സിസി എഞ്ചിന്‍ പരമാവധി 9.5 പി.എസ് കരുത്തും 9.7 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കും.
വിദേശത്തേക്കും പറക്കും
ആദ്യഘട്ടത്തില്‍ മഹാരാഷ്ട്രയിലും ഗുജറാത്തിലും മാത്രമാണ് വാഹനം ലഭ്യമാവുക. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെയും ഡീലര്‍മാര്‍ വഴിയും വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.ബൈക്ക് ഈജിപ്ത്, ടാന്‍സാനിയ, പെറു, ഇന്തോനേഷ്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും ബജാജിന് പദ്ധതിയുണ്ട്. കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ സാന്നിധ്യത്തില്‍ ബജാജ് ആട്ടോ എം.ഡി രാജീവ് ബജാജ് ആണ് വാഹനം പുറത്തിറക്കിയത്. എന്‍.ജി04 ഡിസ്‌ക്, എന്‍.ജി04 എല്‍.ഇ.ഡി, എന്‍.ജി04 ഡ്രം എന്നിങ്ങനെ മൂന്ന് വേരിയന്റുകളാണുള്ളത്. വാഹനത്തിന്റെ വില എന്‍.ജി04 ഡിസ്‌ക്: 1,10,000 രൂപ, എന്‍.ജി04 എല്‍.ഇ.ഡി: 1,05,000 രൂപ, എന്‍.ജി04 ഡ്രം: 95,000 രൂപ എന്നിങ്ങനെയാണ്.