പുതുവര്‍ഷത്തില്‍ കാര്‍ വില കൂട്ടാന്‍ മാരുതി മുതല്‍ ബെന്‍സ് വരെ
ചെറുകാര്‍ മുതല്‍ ആഡംബര വാഹനങ്ങള്‍ക്ക് വരെ വില കൂടും
പുതുവര്‍ഷത്തില്‍ പുത്തന്‍ കാര്‍ വാങ്ങണമെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ തയ്യാറെടുക്കുകയാണോ നിങ്ങള്‍? എന്നാല്‍, ആ തീരുമാനം അല്‍പ്പം നേരത്തേ നടപ്പാക്കാന്‍ റെഡി ആയിക്കോളൂ. ചെറുകാറുകള്‍ മുതല്‍ ആഡംബര കാറുകള്‍ക്ക് വരെ ജനുവരി മുതല്‍ വില കൂടാന്‍ കളമൊരുങ്ങി കഴിഞ്ഞു.
ഉത്പാദനച്ചെലവ് കൂടിയ പശ്ചാത്തലത്തില്‍ വില വര്‍ധിപ്പിക്കാതെ നിര്‍വാഹമില്ലെന്നാണ് വാഹന നിര്‍മ്മാണക്കമ്പനികള്‍ വ്യക്തമാക്കുന്നത്. അതേസമയം, ഉയര്‍ന്ന ഉത്പാദനച്ചെലവിന്റെ ഭാരം മുഴുവന്‍ ഉപഭോക്താക്കളിലേക്ക് കൈമാറുന്നില്ലെന്നും ഏറ്റവും കുറഞ്ഞ വിലവര്‍ധന മാത്രമാണ് നടപ്പാക്കുന്നതെന്നും കമ്പനികള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇവര്‍ വില കൂട്ടുന്നു
മാരുതി സുസുക്കി, ടാറ്റാ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവ മുതല്‍ ആഡംബര വാഹന ബ്രാന്‍ഡുകളായ ഔഡി, മെഴ്‌സിഡെസ്-ബെന്‍സ് എന്നിവയും വില വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. മറ്റ് വാഹന നിര്‍മ്മാതാക്കളും വൈകാതെ ഇതേപാത പിന്തുടര്‍ന്നേക്കുമെന്നാണ് സൂചനകള്‍.
മാരുതിയും ടാറ്റയും മഹീന്ദ്രയും എത്ര വര്‍ധനയാണ് നടപ്പാക്കുന്നതെന്ന് വൈകാതെ അറിയിക്കും. എല്ലാ മോഡലുകള്‍ക്കും രണ്ട് ശതമാനം വില വര്‍ധനയാണ് ഔഡി നടപ്പാക്കുന്നത്. വില വര്‍ധനയുടെ വിശദാംശങ്ങള്‍ മെഴ്‌സിഡെസ്-ബെന്‍സും വൈകാതെ പുറത്തുവിടും.