ഇ-സ്‌കൂട്ടര്‍ വാങ്ങാന്‍ ഇനി വൈകല്ലേ; കേന്ദ്രം സബ്സിഡി അവസാനിപ്പിക്കുകയാണ്

ഫെയിം സബ്സിഡിക്ക് പൂട്ടിടാന്‍ കേന്ദ്ര നീക്കം

Update: 2023-12-20 09:02 GMT

Image by Canva

വൈദ്യുത സ്‌കൂട്ടര്‍ (ഇലക്ട്രിക് സ്‌കൂട്ടര്‍) വാങ്ങാന്‍ പദ്ധതിയുണ്ടെങ്കില്‍ വേഗം വാങ്ങിക്കോളൂ. കാരണം വൈദ്യുത ഇരുചക്ര വാഹനങ്ങള്‍ക്കുള്ള സബ്സിഡി സര്‍ക്കാര്‍ തുടരാന്‍ സാധ്യതയില്ലെന്ന് സൂചന. അതായത് സര്‍ക്കാര്‍ FAME III (Faster Adoption and Manufacturing of Electric vehicles) സ്‌കീം പുറത്തിറക്കിയേക്കില്ല. പദ്ധതി തുടരുന്നതിനെക്കുറിച്ച് ധനമന്ത്രാലയം അടുത്തിടെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. മറ്റ് വകുപ്പുകളും ഇപ്പോള്‍ ഈ അഭിപ്രായത്തോട് യോജിച്ചതായി ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പറയുന്നു.

ജനങ്ങളുടെ മാറ്റം സ്വാഭാവികം

ജനങ്ങള്‍ക്കിടയിലേക്ക് വൈദ്യുത വാഹനങ്ങള്‍ വേഗത്തിലെത്തിക്കുന്നതിനാണ് കേന്ദ്രം സബ്സിഡി അനുവദിച്ചത്. സബ്സിഡി ലഭിച്ചതോടെ കൂടുതല്‍ ആളുകള്‍ വൈദ്യുത വാഹനങ്ങള്‍ വാങ്ങാന്‍ തുടങ്ങി. എന്നാല്‍ പിന്നീട് ഈ സബ്സിഡി സര്‍ക്കാര്‍ വെട്ടികുറച്ചതോടെ വൈദ്യുത ഇരുചക്രവാഹനങ്ങളുടെ വില്‍പ്പനയില്‍ കുറച്ചുനാള്‍ ഇടിവുണ്ടായിരുന്നു. എന്നിരുന്നാലും അടുത്തിടെ ഇവയുടെ വില്‍പ്പന സ്ഥിരത കൈവരിച്ച് വരികയായിരുന്നു.

ഈ സാഹചര്യത്തിലാണ് ക്ലീന്‍-ഫ്യുവല്‍ വാഹനങ്ങളിലേക്കുള്ള ജനങ്ങളുടെ മാറ്റത്തെ സ്വാഭാവികമായ സംഭവമായി കണക്കാക്കി വൈദ്യുത ഇരുചക്ര വാഹനങ്ങള്‍ക്കുള്ള സബ്സിഡി സര്‍ക്കാര്‍ നിര്‍ത്തലാക്കാനൊരുങ്ങുന്നത്. അഞ്ച് വര്‍ഷത്തേക്ക് മൊത്തം 10,000 കോടി രൂപയുടെ ബജറ്റ് പിന്തുണയോടെ 2019 ഏപ്രില്‍ ഒന്നിനാണ് രണ്ട്, മൂന്ന്, നാല് ചക്ര വാഹനങ്ങള്‍ക്ക് ബാധകമായ FAME II സബ്സിഡി ആരംഭിച്ചത്. 2024 മാര്‍ച്ച് 31ന് ഇത് അവസാനിക്കും.

Tags:    

Similar News