ഇലക്ട്രിക് വാഹനങ്ങളെ അണിനിരത്തുന്ന ദക്ഷിണേന്ത്യയിലെ ആദ്യ ഇ-വെഹിക്കിള്‍ എക്സ്പോ നാളെ ബാംഗ്ലൂരില്‍ ആരംഭിക്കും. ചന്ദ്രഗുപ്ത മയൂര ഗ്രൗണ്ടില്‍ നടക്കുന്ന എക്സ്പോയില്‍ എല്ലാ പ്രമുഖ വാഹനനിര്‍മാതാക്കളും പങ്കെടുക്കും.
മൂന്ന് ദിവസമായി നടക്കുന്ന എക്സ്പോയില്‍ ടൊയോട്ട, മഹീന്ദ്ര & മഹീന്ദ്ര, മാരുതി സുസുക്കി, വോള്‍വോ, ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോര്‍കോര്‍പ്പ്, ടിവിഎസ് മോട്ടോഴ്സ് തുടങ്ങിയ വാഹനനിര്‍മാതാക്കള്‍ അവരുടെ ഇലക്ട്രിക് വാഹനങ്ങള്‍ അണിനിരത്തും. കൂടാതെ വിദേശനിര്‍മിത ഇലക്ട്രിക് കാറുകളും പ്രദര്‍ശനത്തിലുണ്ടാകും. ഇലക്ട്രിക് കാറുകള്‍ മാത്രമല്ല, ഇലക്ട്രിക് റിക്ഷ, ഇ-ബൈക്ക്, ഇ-സ്കൂട്ടര്‍, ഇ-സൈക്കിള്‍ തുടങ്ങിവയുമുണ്ടാകും.
ഇലക്ട്രിക് വാഹനങ്ങള്‍ക്കു പുറമേ ഇവയുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകളും അനുബന്ധ ഉല്‍പ്പന്നങ്ങളും പ്രദര്‍ശിപ്പിക്കാനുള്ള വേദികൂടിയാകും എക്സ്പോ. അതിനൂതനമായ ലിഥിയം അയണ്‍ ബാറ്ററികള്‍, ചാര്‍ജിംഗ് സ്റ്റേഷനുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ എക്സ്പോയില്‍ അവതരിപ്പിക്കുന്നുണ്ട്. ഈ രംഗത്ത് പ്രമുഖരുടെ സാന്നിധ്യവും പ്രതീക്ഷിക്കാം. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കാരി, പാര്‍ലമെന്‍റ് അഫയേഴ്സ് മന്ത്രി ആനന്ദ് കുമാര്‍ തുടങ്ങിയ കേന്ദ്രമന്ത്രിമാരും എക്സ്പോയില്‍ പങ്കെടുക്കും.