കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡി വെട്ടിക്കുറച്ചതോടെ ജൂണ്‍ ഒന്നുമുതല്‍ രാജ്യത്ത് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് വില കൂടാന്‍ വഴിയൊരുങ്ങി. ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍സ് (ഫെയിം) - 2 സബ്‌സിഡി നിലവില്‍ വാഹന വിലയുടെ പരമാവധി 40 ശതമാനം അല്ലെങ്കില്‍ ബാറ്ററി കിലോവാട്ട് അവറിന് (കെ.ഡബ്ല്യു.എച്ച്) 15,000 രൂപ എന്നിങ്ങനെയാണ് ലഭിക്കുക. ഇവയില്‍ ഏതാണോ കുറവ് ആ സബ്‌സിഡി ആനുകൂല്യമേ ലഭിക്കൂ.
സബ്‌സിഡി നിരക്ക് എക്‌സ്‌ഷോറൂം വിലയുടെ പരമാവധി 40 ശതമാനമെന്നത് കേന്ദ്രം 15 ശതമാനമാക്കി വെട്ടിച്ചുരുക്കി. കിലോ വാട്ട് അവറിന് (കെ.ഡബ്‌ള്യു.എച്ച്) 15,000 രൂപയായിരുന്നത് 10,000 രൂപയായും കുറച്ചു. ജൂണ്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തിലാകും.
വിലകുതിക്കും
സബ്‌സിഡി വെട്ടിക്കുറച്ചതോടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് 35,000 രൂപവരെ വില കൂടുമെന്നാണ് വിലയിരുത്തലുകള്‍. ഉദാഹരണത്തിന് ഏതര്‍ എനര്‍ജിയുടെ (Ather Energy) ഏതര്‍ 450എക്‌സിന് (Ather 450x) യഥാര്‍ത്ഥ കൊച്ചി എക്‌സ്‌ഷോറൂം വില 1,72,194 രൂപയാണ്. ഫെയിം-2 സബ്‌സിഡി ബാറ്ററി ശേഷിയായ 3.7 കെ.ഡബ്ല്യു.എച്ചിനെ നിലവിലെ സബ്‌സിഡിയായ 15,000 രൂപകൊണ്ട് ഗുണിച്ചാല്‍ കിട്ടുന്ന തുകയായ 55,500 രൂപ. അതായത്, ഈ സബ്‌സിഡി കുറച്ച് 1,16,694 രൂപ ഉപഭോക്താവ് നല്‍കിയാല്‍ മതി.
എന്നാല്‍, ജൂണ്‍ ഒന്നുമുതല്‍ സബ്‌സിഡി കിലോവാട്ട് അവറിന് 10,000 രൂപയായിരിക്കും. അതായത്, ആകെ സബ്‌സിഡി 3.7 കെ.ഡബ്ല്യു.എച്ച് x 10,000 = 37,000 രൂപ. അതായത്, ജൂണ്‍ മുതല്‍ എക്‌സ്‌ഷോറൂം വില 1,35,194 രൂപയാകും. ഇത്തരത്തില്‍ വിപണിയിലുള്ള ഓരോ മോഡലിനും ബാറ്ററിശേഷി അടിസ്ഥാനമാക്കി ജൂണ്‍ മുതല്‍ വില കൂടും.
എന്നാല്‍, ഈ ബാദ്ധ്യതയില്‍ നിശ്ചിതപങ്ക് സ്വയം വഹിക്കാന്‍ കമ്പനികള്‍ തയ്യാറായാല്‍ വലിയ വിലവര്‍ദ്ധന ഒഴിവാകും. പക്ഷേ, ഈ വിഷയത്തില്‍ കമ്പനികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
എന്തുകൊണ്ട് സബിസിഡി കുറച്ചു?
ഫെയിം-2 പദ്ധതി പ്രകാരം 10 ലക്ഷം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് സബ്‌സിഡി നല്‍കുകയായിരുന്നു കേന്ദ്രലക്ഷ്യം. കേന്ദ്ര ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ഈവര്‍ഷം മേയ് 22വരെ രാജ്യത്ത് 9,88,676 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റഴിഞ്ഞിട്ടുണ്ട്. കേന്ദ്രലക്ഷ്യത്തില്‍ നിന്ന് വെറും 11,324 യൂണിറ്റുകള്‍ മാത്രം അകലെയാണ് വില്‍പന. കേന്ദ്രലക്ഷ്യം ഈമാസം തന്നെ മറികടക്കുമെന്ന് ഉറപ്പുമാണ്.
വില്‍പന കൂടിയ പശ്ചാത്തലത്തിലും പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പി.എല്‍.ഐ) സ്‌കീം പ്രകാരം കമ്പനികള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നുണ്ടെന്നത് പരിഗണിച്ചുമാണ് സബ്‌സിഡി കുറച്ചത്. പി.എല്‍.ഐയില്‍ ഉള്‍പ്പെട്ട കമ്പനികളെ സബ്‌സിഡി വെട്ടിക്കുറച്ചത് ബാധിക്കുകയുമില്ല. മാത്രമല്ല, സബ്‌സിഡി കുറച്ചാലും വില കൂടില്ലെന്നാണ് കേന്ദ്ര വിലയിരുത്തല്‍. കമ്പനികള്‍ക്കിടയിലെ മത്സരം മൂലം വില ആകര്‍ഷകമായി കുറച്ച് തന്നെ നിര്‍ത്താന്‍ കമ്പനികള്‍ നിര്‍ബന്ധിതരാകുമെന്ന് കേന്ദ്രം കരുതുന്നു.
സമ്മര്‍ദ്ദത്തിലേക്ക് വിപണി
മികച്ച വില്‍പനനേടി മുന്നേറുന്ന ഇലക്ട്രിക് ടൂവീലര്‍ വിപണിക്ക് സമ്മര്‍ദ്ദമേകുന്നതാണ് സബ്‌സിഡി വെട്ടിക്കുറച്ച കേന്ദ്ര തീരുമാനം. കേരളത്തില്‍ ഈവര്‍ഷം ജനുവരി മുതല്‍ ഈമാസം 22 വരെ ഒല 10,360 ഇ-സ്‌കൂട്ടറുകളും ഏതര്‍ എനര്‍ജി 7,150 ഇ-സ്‌കൂട്ടറുകളും വിറ്റഴിച്ചിട്ടുണ്ട്. സബ്‌സിഡി വെട്ടിക്കുറച്ച പശ്ചാത്തലത്തില്‍ വില കൂടുന്നതോടെ ഈ നേട്ടം നിലനിര്‍ത്താനാകാതെ വന്നേക്കും.