Fame scheme II; ആനുകൂല്യം ഇതുവരെ 1.85 ലക്ഷം ഇവികള്‍ക്ക്, ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ എന്‍എച്ച്എഐ

ഫെയിം പദ്ധതിയുടെ കീഴില് 10000 കോടിരൂപയാണ് ചാര്‍ജിംഗ് സ്റ്റേഷനുള്‍ക്കായി നീക്കിവെച്ചിരിക്കുന്നത്.

Update:2021-12-23 13:31 IST

ദേശീയ പാതയോരങ്ങളിലും എക്‌സ്പ്രസ് ഹൈവേകളിലും ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ദേശീയപാതാ അതോറിറ്റി (എന്‍എച്ച്എഐ) ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കും. അതോറിറ്റി ഒരുക്കുന്ന വഴിയോര സൗകര്യങ്ങളുടെ ഭാഗമാണ് ചാര്‍ജിംഗ് സ്‌റ്റേഷനുകളും. ദേശീയപാതാ അതോറിറ്റിക്ക് കീഴില്‍ നിലവില്‍ 39 ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ നിര്‍മിക്കാന്‍ ധാരണയായിട്ടുണ്ട്.

103 ഇടങ്ങളില്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുള്ള കരാര്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും അതോറിറ്റി അറിയിച്ചു. 2022-23 കാലയളവില്‍ ഇവയുടെ പണി പൂര്‍ത്തിയാക്കും. കൂടാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഓയില്‍ കമ്പനികള്‍, സ്വകാര്യസംരംഭകര്‍ എന്നിവരില്‍ നിന്ന് ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കാന്‍ താല്‍പ്പര്യ പത്രവും ക്ഷണിച്ചിട്ടുണ്ട്.
ഫെയിം ഇന്ത്യ രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായി ഇഇഎസ്എല്ലുമായി 16 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനാണ് ദേശീയപാതാ അതോറിറ്റി ധാരണാപത്രം ഒപ്പിട്ടിരിക്കുന്നത്. വിവിധ ടോള്‍പ്ലാസകളും കെട്ടിടങ്ങളും ചാര്‍ജിംഗ് സ്റ്റേഷന്‍ നിര്‍മിക്കാന്‍ ഇഇഎസ്എല്ലിന് നല്‍കും. ഫെയിം (Fame scheme) പദ്ധതിക്കായി 10,000 കോടി രൂപയാണ് കേന്ദ്രം ചെലവഴിക്കുക. ഇതില്‍ 1000 കോടി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ക്ക് മാത്രമാണ്.
പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഇതുവരെ 1.85 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ക്കാണ് സര്‍ക്കാര്‍ ആനുകൂല്യം ലഭിച്ചത്. ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 500,000 മുച്ചക്ര വാഹനങ്ങള്‍, 10 ലക്ഷം ഇരുചക്ര വാഹനങ്ങള്‍, 55,000 പാസഞ്ചര്‍ വാഹനങ്ങള്‍, 70,90 ബസുകള്‍ എന്നിവയ്ക്കാണ് രണ്ടാം ഘട്ടത്തില്‍ കേന്ദ്രം സബ്‌സിഡി നല്‍കുന്നത്. 2021 ഡിസംബര്‍ 16വരെ 1.4 ലക്ഷം ഇവികള്‍ക്ക് സബ്‌സിഡി ലഭിച്ചു. അതില്‍ 1.19 ലക്ഷവും ഇരുചക്രവാഹനങ്ങളാണ്. കാറുകളുടെ എ്ണ്ണം 580 ആണ്.
2022 മാര്‍ച്ച് 31 ആണ് രണ്ടാം ഘട്ടം അവസാനിക്കുന്നത്. 2015 അപ്രില്‍ ഒന്നുമുതല്‍ 2019 മാര്‍ച്ച് 31 വരെയായിരുന്നു ഫെയിമിൻ്റെ ഒന്നാംഘട്ടം. പദ്ധതി 2023-24 സാമ്പത്തിക വര്‍ഷത്തേക്ക് നീട്ടുന്ന കാര്യം കേന്ദ്രം പരിഗണിക്കുന്നുണ്ട്. ഇലക്ട്രിക് വാഹന നിര്‍മാണ ഹബ്ബായി രാജ്യത്തെ മാറ്റുകയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പിഎല്‍ഐ സ്‌കീമിലൂടെ 18,100 കോടിയാണ് ബാറ്ററി നിര്‍മാണത്തിനായി ചെലവഴിക്കുക. 45,000 കോടിയുടെ നിക്ഷേപമാണ് ഈ മേഖലയില്‍ പ്രതീക്ഷിക്കുന്നത്. 2070 ഓടെ രാജ്യത്തെ കാര്‍ബന്‍ നിര്‍ഗമനം net-zero ആക്കുകയാണ് ലക്ഷ്യമെന്ന് കഴിഞ്ഞമാസം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു.


Tags:    

Similar News