വൈദ്യുതി വാഹനങ്ങള്‍ക്ക് ഇനി സബ്‌സിഡി പി.എം ഇ-ഡ്രൈവ് വഴി; നടപ്പാക്കുന്നത് ₹10,900 കോടിയുടെ പദ്ധതി
ഫെയിമിന് പകരമെത്തിയ പദ്ധതിയില്‍ നാലുചക്ര വാഹനങ്ങളെ പരിഗണിച്ചില്ല
വൈദ്യുതി വാഹനങ്ങള്‍ക്കുള്ള (ഇ.വി) സബ്‌സ്ഡി തുടരുമോ എന്ന മാസങ്ങള്‍ നീണ്ട ഉഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് കേന്ദ്ര സര്‍ക്കാര്‍. നിലവിലെ സബ്‌സിഡി പദ്ധതിയായ ഫെയിമിന് പകരമായി പി-എം ഇലക്ട്രിക് ഡ്രൈവ് റവലൂഷന്‍ ഇന്‍ ഇന്നവേറ്റീവ് വെഹിക്കിള്‍ എന്‍ഹാന്‍സ്‌മെന്റ് (പി.എം ഇ-ഡ്രൈവ്) എന്ന പുതിയ പദ്ധതിക്ക് അനുമതി നല്‍കി. ഫെയിം സ്‌കീം കാലാവധി മാര്‍ച്ചില്‍ അവസാനിച്ചിരുന്നു.
രണ്ട് വര്‍ഷത്തേക്ക് 10,900 കോടി രൂപയാണ് പദ്ധതിയില്‍ വകയിരുത്തിയിരിക്കുന്നത്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇരുചക്ര വാഹനങ്ങള്‍, മുചക്ര വാഹനങ്ങള്‍, ആംബുലന്‍സുകള്‍, ട്രക്കുകള്‍, മറ്റ് വൈദ്യുതി വാഹനങ്ങള്‍ (ഇ.വികള്‍) എന്നിവയ്ക്ക് 3,679 കോടി രൂപയുടെ സബ്‌സിഡി അടക്കമാണ് പദ്ധതി. 24.79 ലക്ഷം വൈദ്യുത ഇരുചക്ര വാഹനങ്ങ 3.16 ലക്ഷം മുചക്ര വാഹനങ്ങ ളുംളും 14,028 ഇ-ബസുകളും പദ്ധതി പ്രകാരം പുറത്തിറങ്ങും.
ബസുകള്‍ക്കും ഇ-ആംബുലന്‍സുകള്‍ക്കും
ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, അഹമ്മദാബാദ്, സൂറത്ത്, ബംഗളൂരു, പൂനെ, ഹൈദരാബാദ് തുടങ്ങിയ 40 ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളിലെ ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സികള്‍ക്ക് 14,028 ഇലക്ട്രിക് ബസുകള്‍ വാങ്ങാനായി 4,391 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഓരോ വാഹനങ്ങള്‍ക്കും ലഭിക്കുന്ന സബ്‌സിഡിയെ കുറിച്ച് സര്‍ക്കാര്‍ വിജ്ഞാപനം വന്ന ശേഷമായിരിക്കും അറിയാനാകുക.
ഇ- ആംബുലന്‍സുകള്‍ക്കായി 500 കോടി രൂപ നീക്കി വച്ചിട്ടുണ്ട്. ആദ്യമായാണ് ആംലന്സുകളെ പരിഗണിക്കുന്നത്. ഇ-ട്രക്കുകള്‍ക്ക് 500 കോടിയാണ്. ടെസ്റ്റിംഗ് ഏജന്‍സികളുടെ നവീകരണത്തിനായി 780 കോടി രൂപയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബു
എന്നാല്‍ നാല് ചക്ര വാഹനങ്ങളെയും ഹൈബ്രിഡ് വാഹനങ്ങളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ഇ-വാഹനങ്ങള്‍ക്ക് കരുത്ത് പകരാന്‍
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സബ്‌സിഡിയും മറ്റും നല്‍കിയെങ്കിലും ഇപ്പോഴും 7 ശതമാനം വണ്ടികള്‍ മാത്രമാണ് നിരത്തിലുള്ളത്. വാഹനങ്ങളുടെ ഉയര്‍ന്ന വിലയും ചാര്‍ജിംഗ് സ്റ്റേഷനുകളുടെ അപര്യാപ്തതയുമാണ് ഇലക്ട്രിക് വാഹന വ്യാപനത്തിന് വിലങ്ങുതടിയാകുന്നത്.
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഇന്‍സെന്റീവ് പദ്ധതി തുടങ്ങിയത്. 895 കോടി വകയിരുത്തിയ ഫെയിം പദ്ധതിയുടെ ആദ്യ ഘട്ടം 2015 മുതല്‍ 2018 വരെയായിരുന്നു. പിന്നീട് 2019ല്‍ ഫെയിം 2 ആരംഭിച്ചു. 10,000 കോടിയാണ് പദ്ധതിയ്ക്കായി നീക്കി വച്ചത്. 2022ല്‍ പദ്ധതി അവസാനിക്കേണ്ടതായിരുന്നെങ്കിലും 2024 മാര്‍ച്ച് വരെ നീട്ടി. 1,500 കോടി രൂപ അധികമായി അനുവദിക്കുകയും ചെയ്തു.
പിന്നെ മാര്‍ച്ചില്‍ ഫെയിം 2 അവസാനിച്ച ശേഷം ഇ.എം.പി.എസ് 2024 എന്ന 500 കോടി രൂപയുടെ താത്കാലിക പദ്ധതി ആരംഭിച്ചു. ജൂലൈ 31 വരെയായിരുന്നു പദ്ധതിയുടെ കാലാവധിയെങ്കിലും സെപ്റ്റംബര്‍ അവസാനം വരെയാക്കി നീട്ടി. 778 കോടി രൂപ കൂടി അനുവദിക്കുകയും ചെയ്തു. ഇരു ചക്ര വൈദ്യുത വാഹനങ്ങള്‍ക്കും മുചക്ര വാഹനങ്ങള്‍ക്കും കുറഞ്ഞ അളവില്‍ സബ്‌സിഡി നല്‍കുന്ന പദ്ധതിയില്‍ പക്ഷെ നാല് ചക്ര വാഹനങ്ങളെ ഉള്‍പ്പെടുത്തിയിരുന്നില്ല.
പി.എം ഇ-ബസ് സേവ പേയ്‌മെന്റ് സെക്യൂരിറ്റി മെക്കാനിസം
പുതുതായി അവതരിപ്പിച്ച പി.എം ഇ-ഡ്രൈവ് പദ്ധതിക്ക് പുറമെ പി.എം ഇ-ബസ് സേവ-പേയ്‌മെന്റ് സെക്യൂരിറ്റി മെക്കാനിസം (പി.എസ്.എം) പദ്ധതിക്കും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. 2028-29 വരെയുള്ള കാലയളവില്‍ 3,800 ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കാനായി 3,495 കോടി രൂപ വകയിരുത്തിയിട്ടുള്ള പദ്ധതിയാണിത്.
വരും 88,500 ചാര്‍ജിംഗ് കേന്ദ്രങ്ങള്‍
വൈദ്യുത വാഹനങ്ങള്‍ കൂടുതലായുള്ള സ്ഥലങ്ങളില്‍ ഫാസ്റ്റ് ചാര്‍ജറുകള്‍ സജ്ജമാക്കാനുള്ള പദ്ധതിക്കും അംഗീകാരമായി. നാലു ചക്ര വാഹനങ്ങള്‍ക്കായി 22,100, ഇ-ബസുകള്‍ക്കായി 1,800, മുചക്ര വാഹനങ്ങള്‍ക്കായി 40,400 എന്നിങ്ങനെയാണ് ഫാസ്റ്റ് ചാര്‍ജിംഗ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്. ഇതിനായി 2,000 കോടി രൂപ വകയിരുത്തി.
ഇ.വി ഓഹരികളില്‍ കുതിപ്പ്
പി.എം ഇ-ഡ്രൈവ് പദ്ധതി കാബിനറ്റ് അംഗീകരിച്ചത് ഇ.വി കമ്പനി ഓഹരികളില്‍ ഇന്ന് കുതിപ്പുണ്ടാക്കി. ജെ.ബി.എം ഓട്ടോ, ഓലെക്ട്ര ഗ്രാന്‍ടെക് ഓഹരികള്‍ ആറ് ശതമാനത്തോളം ഉയര്‍ന്നു. ടി.വി.എസ് മോട്ടോര്‍ oru ശതമാനം നേട്ടത്തിലാണ്. സെര്‍വോ ടെക് പവര്‍ സിസ്റ്റംസ് ഓഹരി വില 8 ശതമാനം ഉയര്‍ന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന വിലയിലെത്തി. മെര്‍ക്കുറി ഇവിയും 5 ശതമാനം അപ്പര്‍സര്‍ക്യൂട്ടടിച്ചു.