വൈദ്യുത വാഹനങ്ങള്‍ക്ക് പുത്തന്‍ ആനുകൂല്യങ്ങളുമായി കേന്ദ്രം; വൈദ്യുത വാഹനങ്ങൾക്ക് വില കൂടുമോ
നടപടി ഫെയിം-2 സ്‌കീം അവസാനിക്കാനിരിക്കെ
വൈദ്യുത ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ വില്‍പ്പന പ്രോത്സാഹിപ്പിക്കുന്നതിനായി 500 കോടി രൂപയുടെ പുതിയ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം. ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് ഇന്‍ ഇന്ത്യ (FAME-II) പദ്ധതിയുടെ രണ്ടാംഘട്ടം അവസാനിക്കാനിരിക്കേയാണ് 'ഇലക്ട്രിക് മൊബിലിറ്റി പ്രമോഷന്‍ സ്‌കീം 2024' എന്ന പുത്തന്‍ പദ്ധതിയുടെ വരവ്. ജൂലൈ വരെ നീളുന്ന 4 മാസത്തെ പ്രോത്സാഹന പദ്ധതിയാണിത്. അതേസമയം പദ്ധതിയ്ക്ക് കീഴില്‍ നാലുചക്ര വാഹനങ്ങളും (കാര്‍) വൈദ്യുത ബസുകളും ഉള്‍പ്പെടില്ല.
പദ്ധതി ഇങ്ങനെ
3.33 ലക്ഷം ഇരുചക്രവാഹനങ്ങളും 38,828 മുച്ചക്രവാഹനങ്ങളും ഉള്‍പ്പെടെ 3.72 ലക്ഷം വൈദ്യുത വാഹനങ്ങളെ പിന്തുണയ്ക്കാനാണ് ഇലക്ട്രിക് മൊബിലിറ്റി പ്രൊമോഷന്‍ സ്‌കീം ലക്ഷ്യമിടുന്നത്. പദ്ധതി പ്രകാരം വൈദ്യുത ഇരുചക്രവാഹനങ്ങള്‍ക്ക് ബാറ്ററി കിലോവാട്ട് അവറിന് (kwH) 5,000 രൂപ വീതം സബ്സിഡി അനുവദിക്കും. 10,000 രൂപയാണ് പരമാവധി ലഭിക്കുന്ന സബ്സിഡി. ഈ വിഭാഗത്തിനുള്ള മൊത്തം അടങ്കല്‍ തുക 333.39 കോടി രൂപയാണ്. ഫെയിം-II പദ്ധതി പ്രകാരം കിലോവാട്ട് അവറിന് കുറഞ്ഞ സബ്സിഡി തുക 10,000 രൂപയാണ്. അതിനാൽ ഇലക്ട്രിക് മൊബിലിറ്റി പ്രമോഷന്‍ സ്‌കീം 2024 പ്രകാരം വൈദ്യുത വാഹനങ്ങൾ വാങ്ങുമ്പോൾ വില കൂടുതൽ ആയിരിക്കും.
റിക്ഷകള്‍ക്കും കാര്‍ട്ടുകള്‍ക്കും കിലോവാട്ട് അവറിന് 5,000 രൂപ സബ്സിഡി ലഭിക്കും. പരമാവധി 25,000 രൂപയും. ഈ വിഭാഗത്തിനുള്ള മൊത്തം അടങ്കല്‍ തുക 33.97 കോടി രൂപയാണ്. എല്‍5 വൈദ്യുത മുച്ചക്ര വാഹനങ്ങള്‍ക്ക് (പരമാവധി വേഗത 25kmph മുകളിൽ അല്ലെങ്കിൽ 0.25kWൽ കൂടുതൽ മോട്ടോർ പവർ ഉള്ള മുച്ചക്ര വാഹനം ) ബാറ്ററി കിലോവാട്ട് അവറിന് സബ്സിഡി 5,000 രൂപയാണ്. പരമാവധി 50,000 രൂപയും. മൊത്തം ചെലവ് 126.19 കോടി രൂപയാണ് കണക്കാക്കുന്നത്. വൈദ്യുത മുച്ചക്ര വാഹനങ്ങള്‍ക്ക് ഫെയിം-II പദ്ധതി പ്രകാരം കുറഞ്ഞ സബ്സിഡി തുക 50,000 രൂപയാണ്.
ഫെയിം-II പദ്ധതി മാര്‍ച്ച് 31 വരെ
2024 ഫെബ്രുവരിയില്‍ ഫെയിം-II പദ്ധതിയുടെ രണ്ടാം പതിപ്പിന് കീഴിലുള്ള വിഹിതം 10,000 കോടി രൂപയില്‍ നിന്ന് 11,500 കോടി രൂപയായി സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. 2019 ഏപ്രില്‍ ഒന്നുമുതല്‍ അഞ്ച് വര്‍ഷത്തേക്കാണ് ഫെയിം ഇന്ത്യ സ്‌കീം രണ്ടാം ഘട്ടം നടപ്പാക്കുന്നത്. ഇത് 2024 മാര്‍ച്ച് 31ന് അവസാനിക്കും. വില്‍പ്പന വര്‍ധിപ്പിക്കുന്നതിനൊപ്പം ഇ.വി ഘടകങ്ങളുടെ പ്രാദേശികവല്‍ക്കരണം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്ന പദ്ധതിയാണ് ഫെയിം.
അതേസമയം 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇടക്കാല ബജറ്റില്‍ കേന്ദ്രം ഫെയിം പദ്ധതിയുടെ വിഹിതം 44 ശതമാനം കുറച്ച് 2,670 കോടി രൂപയായി പരിഷ്‌കരിച്ചു. 2019ല്‍ ആരംഭിച്ച ഫെയിം-II ഇതുവരെ ഏകദേശം 13 ലക്ഷം ഇരുചക്ര വാഹനങ്ങളുടെയും 1.5 ലക്ഷം മുച്ചക്ര വാഹനങ്ങളുടെയും 18,794 നാല് ചക്ര വാഹനങ്ങളുടെയും വില്‍പ്പനയില്‍ സബ്സിഡി നല്‍കിയിട്ടുണ്ട്. ഈ പദ്ധതിക്ക് കീഴില്‍ 5,829 കോടിയിലധികം രൂപ വിതരണം ചെയ്തു.