ഇനി വാഹനങ്ങളില്‍ ഫിറ്റ്‌നസ് വിശദാംശങ്ങളും പ്രദര്‍ശിപ്പിക്കണം

15 വര്‍ഷത്തിലേറെ പഴക്കമുള്ള 17 ലക്ഷത്തിലധികം മീഡിയം, ഹെവി വാഹനങ്ങളാണ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ഓടുന്നത്

Update: 2022-03-04 09:45 GMT

രാജ്യത്തെ വാഹനങ്ങളില്‍ ഫിറ്റ്‌നസ് അവസാനിക്കുന്ന തീയതി പ്രദര്‍ശിപ്പിക്കണമെന്ന നിയമം വരുന്നു. എല്ലാ വാഹനങ്ങളിലും ഫിറ്റ്‌നസ് വിശദാംശങ്ങള്‍ നിര്‍ബന്ധമാക്കുന്ന കരട് വിജ്ഞാപനം കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കി. കരടിന്മേള്‍ അഭിപ്രായം അറിയിക്കാന്‍ പൊതുജനങ്ങള്‍ക്ക് 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. അതിനു ശേഷമാവും അന്തിമ വിജ്ഞാനം.

നിലവിലെ നമ്പര്‍ പ്ലേറ്റ് പോലെ തന്നെ പ്രാധാന്യമുള്ളതായിരിക്കും ഫിറ്റ്‌നസ് പ്രദര്‍ശിപ്പിക്കുന്ന ഭാഗവും. ഫിറ്റ്‌നസ് അവസാനിക്കുന്ന തീയതി-മാസം- വര്‍ഷം , വാഹന നമ്പര്‍ എന്ന രീതിയാലിയിരിക്കണം ഇവ വാഹനത്തില്‍ പതിപ്പിക്കേണ്ടത്. നീല പശ്ചാത്തലത്തില്‍ മഞ്ഞ നിറത്തില്‍ ഏരിയല്‍ ബോള്‍ഡ് സ്‌ക്രിപ്റ്റില്‍ ആയിരിക്കണം വിശദാംശങ്ങള്‍ എഴുതേണ്ടത്.
ബൈക്കുകളിലും സ്‌കൂട്ടറുകളിലും എളുപ്പം കാണാനാവുന്ന വിധത്തില്‍ ഇവ പതിപ്പിക്കാം. എന്നാല്‍ മറ്റ് വാഹനങ്ങളില്‍ മുന്‍ ഭാഗത്തെ ഗ്ലാസിന്റെ മുകളില്‍ ഇടതുവശത്തായി ആണ് ഫിറ്റനസ് വിശദാംശങ്ങള്‍ ഒട്ടിക്കേണ്ടത്. ഹെവി, പാസഞ്ചര്‍, മീഡിയം, ലൈറ്റ് ഗുഡ്‌സ് വാഹനങ്ങളില്‍ 100 മില്ലിമീറ്റര്‍ നീളത്തിലും 60 മില്ലീമീറ്റര്‍ വീതിയിലുമാണ് വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കേണ്ടത്. മറ്റ് വാഹനങ്ങളില്‍ 80 മില്ലിമീറ്റര്‍ നീളവും 60 മില്ലീമീറ്റര്‍ വീതിയും വേണം.
ഫിറ്റ്‌നസ് ഇല്ലാതെ നിരത്തുകളില്‍ ഓടുന്ന വാഹനങ്ങളെ കണ്ടത്തുകയാണ് പുതിയ പരിക്ഷ്‌കാരത്തിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. 15 വര്‍ഷത്തിലേറെ പഴക്കമുള്ള 17 ലക്ഷത്തിലധികം മീഡിയം, ഹെവി വാഹനങ്ങളാണ് രാജ്യത്ത് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ഓടുന്നത്. 20 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള 51 ലക്ഷവും 15 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള 34 ലക്ഷവും ലൈറ്റ് മോട്ടോര്‍ വാഹനങ്ങളാണ് കേന്ദ്രത്തിന്റെ കണക്കു പ്രകാരം രാജ്യത്തുള്ളത്.



Tags:    

Similar News