പെട്രോള്‍ വേണ്ടാത്ത ആക്ടിവയെത്തി! ഒറ്റത്തവണ കുത്തിയിട്ടാല്‍ 102 കിലോമീറ്ററോടും; പക്ഷേ ഒരു ട്വിസ്റ്റുണ്ട്
ഇന്ത്യന്‍ വിപണിക്ക് വേണ്ടി ക്യൂ.സി വണ്‍ എന്നൊരു മോഡലും ഹോണ്ട പുറത്തിറക്കി
ഇന്ത്യന്‍ വിപണിയിലെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ. എല്ലാവരും കാത്തിരുന്ന ആക്ടിവയുടെ ഇലക്ട്രിക് പതിപ്പും (ആക്ടിവ ഇ) ക്യൂ.സി വണ്‍ എന്ന പേരില്‍ മറ്റൊരു സ്‌കൂട്ടറുമാണ് ഹോണ്ട ഇന്ത്യക്കാര്‍ക്ക് വേണ്ടി കൊണ്ടുവന്നത്. ഇളക്കി മാറ്റാവുന്ന സ്വാപ്പബിള്‍ ബാറ്ററിയാണ് ആക്ടിവക്കുള്ളത്. ക്യൂ.സി വണ്ണാകട്ടെ കേബിള്‍ ഉപയോഗിച്ച് ചാര്‍ജ് ചെയ്യാവുന്ന രീതിയിലുമാണ്. ഹോണ്ട ആഗോള വിപണിയിലെത്തിക്കുന്ന 12ാമത്തെയും 13ാമത്തെയും വാഹനങ്ങളാണിവ. 2050ഓടെ കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കണമെന്ന ആശയത്തോടെ പ്രവര്‍ത്തിക്കുന്ന ഹോണ്ട അധികം വൈകാതെ തന്നെ ഇലക്ട്രിക് ബൈക്കുകളും വിപണിയിലെത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ചീത്തപ്പേര് കേള്‍പ്പിക്കാത്ത ആക്ടിവ
ഇന്ത്യന്‍ വിപണിയില്‍ ചീത്തപേര് കേള്‍പ്പിക്കാത്ത ആക്ടിവയുമായി രൂപത്തില്‍ യാതൊരു സാമ്യതയും ഇല്ലാതെയാണ് പുതിയ മോഡലിന്റെ വരവ്. പഴയ മോഡലിന്റെ ബോഡിയിലും ഫ്രെയിമിലും ചെറിയ മാറ്റങ്ങള്‍ മാത്രമാണ് വരുത്തിയതെന്ന് ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയില്ല. സിംപിള്‍ ഡിസൈനിലാണ് വാഹനം തയ്യാറാക്കിയിരിക്കുന്നത്. 1.5 കിലോവാട്ട് അവര്‍ ശേഷിയുള്ള രണ്ട് ബാറ്ററികളാണ് വാഹനത്തിന് കരുത്ത് നല്‍കുന്നത്. ഇവ ഹോണ്ടയുടെ സ്വാപിംഗ് സ്റ്റേഷനുകളിലെത്തിയാല്‍ മാറ്റിയെടുക്കാനാകും. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 102 കിലോമീറ്റര്‍ ഓടാമെന്നാണ് കമ്പനി പറയുന്നത്. 6 കിലോവാട്ട് കരുത്തും 22 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ വാഹനത്തിന് കഴിയും. മണിക്കൂറില്‍ 80 കിലോമീറ്ററാണ് പരമാവധി വേഗത. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലെത്താന്‍ 7.3 സെക്കന്റ് മതിയാകും.
മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് നല്‍കിയിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് ഹോണ്ട റോഡ്‌സിംഗ് ഡുവോ എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണ് വാഹനം ലഭ്യമാകുക. ഇന്ത്യന്‍ റോഡുകള്‍ക്കായി 171 എം.എം ഗ്രൗണ്ട് ക്ലിയറന്‍സും നല്‍കി. 12 ഇഞ്ച് വീതമുള്ള ടയറുകളെ പിടിച്ചുകെട്ടാന്‍ മുന്നില്‍ 160 എം.എം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 130 എം.എം ഡ്രം ബ്രേക്കുമാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ രണ്ട് ബാറ്ററി പാക്കുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ പുതിയ ആക്ടിവയിലെ സ്റ്റോറേജ് പരിമിതമാണ്. ഇക്കോ, സ്റ്റാന്‍ഡേര്‍ഡ്, സ്‌പോര്‍ട്ട്, റിവേഴ്‌സ് ഡ്രൈവിംഗ് മോഡുകളാണ് വാഹനത്തിനുള്ളത്. ബേസ് മോഡലില്‍ 5 ഇഞ്ച് ടി.എഫ്.ടി ഡിസ്‌പ്ലേയും പരിമിതമായ കണക്ടിവിറ്റി ഫീച്ചറുകളുമാണുള്ളത്. എന്നാല്‍ ടോപ് വേരിയന്റില്‍ 7 ഇഞ്ച് സ്‌ക്രീനും ടേണ്‍ ബൈ ടേണ്‍ ഇന്‍ഡിക്കേഷനുകളും നോട്ടിഫിക്കേഷന്‍ അലര്‍ട്ടും പരിശോധിക്കാന്‍ കഴിയും. ബ്ലൂ, ലൈറ്റ് ബ്ലൂ, വൈറ്റ്, ഗ്രേ, ബ്ലാക്ക് എന്നീ നിറങ്ങളിലാണ് വാഹനം ഉപയോക്താക്കളിലെത്തുക. നിലവിലുള്ള റെഡ് വിംഗ് ഷോറൂമുകള്‍ വഴിയാണ് വാഹനം വില്‍ക്കുക.
ട്വിസ്റ്റുണ്ട്
ആദ്യഘട്ടത്തില്‍ വാഹനം ബംഗളൂരു, മുംബൈ, ഡല്‍ഹി എന്നീ നഗരങ്ങളില്‍ മാത്രമാണ് ലഭ്യമാവുക. ഇതിനായി 83 ബാറ്ററി സ്വാപിംഗ് സ്റ്റേഷനുകള്‍ ബംഗളൂരു നഗരത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. 2026ഓടെ ഇത് 250 എണ്ണമാക്കും. മറ്റ് നഗരങ്ങളിലും സമാനമായ കേന്ദ്രങ്ങള്‍ തുറക്കും. ഓരോ അഞ്ച് കിലോമീറ്ററിലും ഒരെണ്ണം എന്ന നിലയിലാണ് ഈ കേന്ദ്രങ്ങളുണ്ടാവുക. ബാറ്ററി വാടകക്ക് വാങ്ങാന്‍ കഴിയുന്ന ബാറ്ററി ആസ് എ സര്‍വീസ് (ബാസ്) സൗകര്യവും കൊണ്ടുവരാന്‍ ഹോണ്ടക്ക് പദ്ധതിയുണ്ട്. അടുത്ത വര്‍ഷം ജനുവരി ഒന്നിനാണ് വാഹനത്തിന്റെ ബുക്കിംഗ് തുടങ്ങുന്നത്. വണ്ടിയുടെ വില സംബന്ധിച്ച വിവരങ്ങളൊന്നും ഹോണ്ട പുറത്തുവിട്ടിട്ടില്ല.
ക്യൂ.സി വണ്‍
ചെറിയ യാത്രകള്‍ക്ക് വേണ്ടി തയ്യാറാക്കിയ വാഹനമാണിത്.
1.5 കിലോ വാട്ട് അവര്‍ ശേഷിയുള്ള ബാറ്ററി പ്രത്യേക ചാര്‍ജര്‍ ഉപയോഗിച്ച് വീട്ടില്‍ തന്നെ റീചാര്‍ജ് ചെയ്യാവുന്നതാണ്. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 80 കിലോമീറ്റര്‍ സഞ്ചരിക്കാനാകും. 1.2 കിലോ വാട്ട് മുതല്‍ 1.8 കിലോ വാട്ട് വരെ കരുത്ത് ഉത്പാദിപ്പിക്കാവുന്ന മോട്ടറാണ് വാഹനത്തിന് കരുത്താകുന്നത്. സ്പീഡ്, ബാറ്ററി ലെവല് ഇന്‍ഡിക്കേറ്റര്‍ തുടങ്ങിയ വിവരങ്ങള്‍ക്കായി 5 ഇഞ്ച് എല്‍.സി.ഡി സ്‌ക്രീനും വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. സീറ്റിനടിയിലെ ലഗേജ് കംപാര്‍ട്ട്‌മെന്റില്‍ ഹെല്‍മറ്റ് അടക്കമുള്ള സാധനങ്ങള്‍ സൂക്ഷിക്കാനുള്ള സ്ഥലവുമുണ്ട്. എല്ലാ മോഡലുകളിലും ടൈപ്പ് സി മൊബൈല്‍ ചാര്‍ജറും ഉള്‍പ്പെടുത്തിയിട്ടുണ്ട്.