ഇന്ത്യന്‍ എസ്‌യുവി വാഹന വിപണിയില്‍ പങ്കാളിത്തം ഉറപ്പിക്കാനൊരുങ്ങി ഹോണ്ട കാര്‍സ് ഇന്ത്യ. ഇന്ത്യന്‍ വിപണില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് മെയ്ഡ് ഇന്‍ ഇന്ത്യ എസ്‌യുവി അവതരിപ്പിക്കാനൊരുങ്ങുന്നതെന്ന് ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. ''ഹോണ്ട ഇന്ത്യയിലെ എസ്യുവി സെഗ്മെന്റിനെക്കുറിച്ച് നന്നായി പഠിക്കുന്നുണ്ടെന്ന് ഞങ്ങള്‍ നേരത്തെ പങ്കുവെച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയെ കേന്ദ്രീകരിച്ചുള്ള എസ്യുവി വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഉചിതമായ സമയത്ത് ഞങ്ങള്‍ കൂടുതല്‍ വിശദാംശങ്ങള്‍ പങ്കിടും'' എച്ച്സിഐഎല്ലിന്റെ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഗകു നകനിഷി പറഞ്ഞു. വാഹനത്തിന്റെ വലുപ്പം, പ്ലാറ്റ്ഫോം, എഞ്ചിന്‍ വലുപ്പം, വിലനിര്‍ണയം എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലോഞ്ചിംഗ് ടൈമില്‍ പങ്കുവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
കമ്പനി വൃത്തങ്ങളില്‍നിന്നുള്ള വിവരമനുസരിച്ച്, 2023 ഓഗസ്റ്റില്‍ വാഹനത്തിന്റെ ഉല്‍പ്പാദനം ആരംഭിച്ചേക്കും. 2023 ലെ ഉത്സവ സീസണില്‍ ഹോണ്ട തങ്ങളുടെ മെയ്ഡ് ഇന്‍ ഇന്ത്യ എസ്‌യുവി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ഹോണ്ടയ്ക്ക് എസ്‌യുവി വിഭാഗത്തില്‍ സിആര്‍വി മോഡല്‍ മാത്രമാണുള്ളത്. ഗ്രേറ്റര്‍ നോയിഡ (ഉത്തര്‍പ്രദേശ്) യിലെ നിര്‍മാണശാല അടച്ചു പൂട്ടുകയും രാജസ്ഥാനിലെ തപുകര പ്ലാന്റിലേക്ക് ഉല്‍പ്പാദനം മാറ്റുകയും ചെയ്തതിനാല്‍ എക്‌സിക്യൂട്ടീവ് സെഡാന്‍ സിവിക്കിനൊപ്പം ഹോണ്ട തങ്ങളുടെ ഏക എസ്യുവിയായ സിആര്‍വിയുടെ ഉല്‍പ്പാദനവും നിര്‍ത്തലാക്കിയിരുന്നു.
എന്നാല്‍, സെഡാന്‍ വിഭാഗത്തില്‍ ഹോണ്ട ശക്തമായി നിലകൊണ്ടെങ്കിലും എസ്യുവി വിഭാഗത്തില്‍ കൂടുതല്‍ മോഡലുകള്‍ അവതരിപ്പിക്കാന്‍ കഴിയാത്തത് എസ്‌യുവി വിഭാഗത്തിലെ വിപണി വിഹിതം നഷ്ടപ്പെടാനിടയാക്കിയിട്ടുണ്ട്. കഴിഞ്ഞ ഏഴ് മാസത്തിനിടെ രാജ്യത്തെ എസ്‌യുവി വാഹന വിപണിയില്‍ ശക്തമായ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. 2021 ജൂലൈ വരെ, ആകെ വിപണിയുടെ 34 ശതമാനവും എസ്യുവികളാണ്. അതിനാല്‍ ഇതുവരെ എസ്യുവി വിഭാഗത്തില്‍ മന്ദഗതിയിലായിരുന്ന ഹോണ്ട, ഒടുവില്‍ വളരെ ലാഭകരമായ വിഭാഗത്തിലേക്ക് പ്രവേശിക്കുകയാണെന്നും ഹോണ്ട കാര്‍സ് ഇന്ത്യയുടെ സീനിയര്‍ വൈസ് പ്രസിഡന്റും ഡയറക്ടറുമായ രാജേഷ് ഗോയല്‍ ഓട്ടോകാര്‍ ഇന്ത്യയോട് ഒരു അഭിമുഖത്തില്‍ പറഞ്ഞു.