വാഹന വിപണിയില്‍ മാരുതിയുണ്ടാക്കിയ ഓളം വീണ്ടുമെത്തുന്നു; കൈകോര്‍ത്ത് ജെ.എസ്.ഡബ്ല്യൂവും എം.ജി മോട്ടോറും
എല്ലാ 3-4 മാസത്തിലും ഒരോ പുതിയ കാര്‍ വിപണിയിലിറക്കും
മാരുതിയും ടാറ്റയും ആധിപത്യം പുലര്‍ത്തുന്ന ഇന്ത്യന്‍ വാഹന വിപണിയുടെ വലിയൊരു ഭാഗം ലക്ഷ്യമിട്ട് സംയുക്ത സംരംഭവുമായി ജെ.എസ്.ഡബ്ല്യു ഗ്രൂപ്പും ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എസ്.എ.ഐ.സി (SAIC) മോട്ടോറിന്റെ ഉടമസ്ഥതയിലുള്ള എം.ജി മോട്ടോര്‍ ഇന്ത്യയും. സംയുക്ത സംരംഭത്തിന് കീഴില്‍ വൈദ്യുത, ഇന്റേണല്‍ കംബസ്റ്റിന്‍ എഞ്ചിന്‍ കാറുകള്‍ നിര്‍മ്മിക്കും.
എസ്.എ.ഐ.സിയില്‍ നിന്ന് എം.ജി മോട്ടോര്‍ ഇന്ത്യയുടെ 35 ശതമാനം ഓഹരികള്‍ ജെ.എസ്.ഡബ്ല്യു ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ സംയുക്ത സംരംഭത്തിന്റെ സ്റ്റിയറിംഗ് കമ്മിറ്റി അംഗം പാര്‍ഥ് ജിന്‍ഡാല്‍ ജെ.എസ്.ഡബ്ല്യു എം.ജി മോട്ടോര്‍ ഇന്ത്യയ്ക്കായി പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റി പുറത്തിറക്കി. ഉല്‍പ്പാദന ശേഷി വർധിപ്പിക്കാനായി ജെ.എസ്.ഡബ്ല്യു എം.ജി മോട്ടോര്‍ ഇന്ത്യ 5,000 കോടി രൂപ നിക്ഷേപിക്കും. ചടങ്ങിൽ 'എം.ജി സൈബര്‍സ്റ്റര്‍' എന്ന പുത്തന്‍ വാഹനവും എം.ജി മോട്ടോര്‍ അവതരിപ്പിച്ചു.
പുതിയ കാര്‍ വിപണിയിലിറക്കും
ഇന്ത്യൻ വാഹന വിപണിയിൽ എൺപതുകളിലും തൊണ്ണൂറുകളിലും വലിയൊരു ഓളം സൃഷ്ടിച്ച കമ്പനിയാണ് മാരുതി. ഇന്ന് മാരുതിക്ക് ഇന്ത്യന്‍ വാഹന വിപണിയില്‍ 50 ശതമാനം വിപണി വിഹിതമുണ്ട്. മാരുതി സൃഷ്ടിച്ച പോലൊരു ഓളം കൊണ്ടുവരിക എന്നാതാണ് ഈ കൂട്ടുകെട്ടിലൂടെ ലക്ഷ്യമിടുന്നതെന്ന് ജെ.എസ്.ഡബ്ല്യു ഗ്രൂപ്പ് ചെയര്‍മാന്‍ സജ്ജന്‍ ജിന്‍ഡാല്‍ പറഞ്ഞു. സംയുക്ത സംരംഭത്തിന് കീഴില്‍ എല്ലാ 3-4 മാസത്തിലും ഒരോ പുതിയ കാര്‍ വിപണിയിലിറക്കും.
എണ്ണ ഇറക്കുമതിയിലുള്ള ഇന്ത്യയുടെ ആശ്രിതത്വം കുറയ്ക്കുന്നതിന് ഇത്തരം വാഹനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് പ്രധാനമാണെന്നും സജ്ജന്‍ ജിന്‍ഡാല്‍ കൂട്ടിച്ചേര്‍ത്തു. കാറുകള്‍ക്കൊപ്പം ചാര്‍ജിംഗ് സംവിധാനവും നിര്‍മ്മിക്കും. പ്രാദേശികവല്‍ക്കരണം വര്‍ധിപ്പിക്കുകയും ചെയ്യും. ഈ സംയുക്ത സംരംഭത്തിലൂടെ പ്രീമിയം കാറുകളുടെ വിഭാഗത്തിലേക്ക് കടക്കാനും പദ്ധതിയുണ്ട്.
ഈ വിഭാഗത്തില്‍ നേതൃസ്ഥാനം ലക്ഷ്യം
എന്‍.ഇ.വിയില്‍ (Neighborhood Electric Vehicle) ഉള്‍പ്പെടുന്ന കാറുകളുടെ വലിയ നിര പുറത്തിറക്കാനും ലക്ഷ്യമിടുന്നുണ്ട്. മണിക്കൂറില്‍ 25 മൈല്‍ (40 കി.മീ./മണിക്കൂര്‍) വേഗതയുള്ളതും പരമാവധി 3,000 പൗണ്ട് (1,400 കി.ഗ്രാം) ഭാരമുള്ളതുമായ ബാറ്ററി വൈദ്യുത വാഹനങ്ങള്‍ക്കായുള്ള ഒരു യു.എസ് വാഹന വിഭാഗമാണ് എന്‍.ഇ.വി. 2030ഓടെ ഈ വിഭാഗത്തില്‍ നേതൃസ്ഥാനം നേടാനാണ് ലക്ഷ്യമിടുന്നത്.
കമ്പനി വില്‍ക്കുന്ന മറ്റെല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും പുറമെ 2030ല്‍ 10 ലക്ഷം വൈദ്യുത കാറുകള്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നതായി ജെ.എസ്.ഡബ്ല്യു ഗ്രൂപ്പ് അറിയിച്ചു. 2030ഓടെ ന്യൂ എനര്‍ജി വാഹന വിപണിയുടെ 33 ശതമാനം പിടിച്ചെടുക്കുമെന്നും ഗ്രൂപ്പ് പറയുന്നു.