2023-24 സാമ്പത്തിക വര്‍ഷം തിളങ്ങി ഇന്ത്യന്‍ വാഹന വ്യവസായം; വില്‍പ്പന വളര്‍ച്ച 12.5%

ഇരുചക്ര വാഹനങ്ങളിൽ എല്ലാ വിഭാഗങ്ങളും വളര്‍ച്ച കൈവരിച്ചു

Update:2024-04-13 14:57 IST

ഇന്ത്യന്‍ വാഹന വ്യവസായം 2023-24 സാമ്പത്തിക വര്‍ഷം തൃപ്തികരമായ പ്രകടനം കാഴ്ചവച്ചതായി റിപ്പോര്‍ട്ട്. ആഭ്യന്തര വ്യവസായം ഇക്കാലയളവില്‍ 12.5 ശതമാനം വര്‍ധിച്ചു. 2022-23ലെ 2.12 കോടി വാഹനങ്ങളെ അപേക്ഷിച്ച് 2023-24ല്‍ 2.38 വാഹനങ്ങള്‍ വിറ്റഴിച്ചതായി സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സിന്റെ (SIAM) കണക്കുകള്‍ വ്യക്തമാക്കി.

പാസഞ്ചര്‍ വാഹന വിഭാഗത്തിലെ വില്‍പ്പന 2022-23 ലെ 38.9 ലക്ഷത്തെ അപേക്ഷിച്ച് 2023-24ല്‍ എട്ട് ശതമാനത്തിലധികം വര്‍ധിച്ച് 42.18 ലക്ഷമായി. യൂട്ടിലിറ്റി വാഹനങ്ങളുടെ കാര്യത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 25.20 ലക്ഷം വാഹനങ്ങളാണ് വിറ്റഴിച്ചത്. മുന്‍ സാമ്പത്തിക വര്‍ഷം വിറ്റഴിച്ച 20.03 ലക്ഷം യൂട്ടിലിറ്റി വാഹനങ്ങളില്‍ നിന്നും ഏകദേശം 26 ശതമാനം വര്‍ധയാണുണ്ടായത്.

2022-23 സാമ്പത്തിക വര്‍ഷം 1.58 കോടി ഇരുചക്ര വാഹനങ്ങളാണ് വിറ്റഴിച്ച്ത്. ഇതില്‍ നിന്ന് 13 ശതമാനത്തിലധികം വര്‍ധനയോടെ 2023-24ല്‍ 1.79 കോടി ഇരുചക്ര വാഹനങ്ങള്‍ വിറ്റഴിച്ചു. ഇരുചക്ര വാഹനങ്ങളിൽ എല്ലാ വിഭാഗങ്ങളും വളര്‍ച്ച കൈവരിച്ചു. മോട്ടോര്‍സൈക്കിള്‍ വില്‍പ്പന 13.9 ശതമാനം, സ്‌കൂട്ടര്‍ വില്‍പ്പന 12.5 ശതമാനം, മോപെഡ് വില്‍പ്പന 9.1 ശതമാനം എന്നിങ്ങനെ വര്‍ധിച്ചു.

മുച്ചക്ര വാഹന വിഭാഗത്തില്‍ മൊത്തം ആഭ്യന്തര വില്‍പ്പന 41.5 ശതമാനം വര്‍ധിച്ച് 6.91 ലക്ഷമെത്തി. മുന്‍വര്‍ഷം ഇത് 4.88 ലക്ഷമായിരുന്നു. മൊത്തം വാണിജ്യ വാഹന വില്‍പ്പന 2022-23 സാമ്പത്തിക വര്‍ഷത്തിലെ 9.62 ലക്ഷത്തില്‍ നിന്ന് 9.67 ലക്ഷമായി വര്‍ധിച്ചു. ഇതില്‍ ഇടത്തരം, ഹെവി വിഭാഗം 4 ശതമാനം വളര്‍ച്ച നേടി. എന്നാല്‍ ചരക്ക് വാഹക വിഭാഗത്തില്‍ 0.2 ശതമാനം നേരിയ ഇടിവ് രേഖപ്പെടുത്തി. 

Tags:    

Similar News