മുന്നേറാന്‍ ഇന്ത്യയുടെ വാഹന വിപണി; മൂല്യം 83 ലക്ഷം കോടിയിലേക്ക്
വാഹന കമ്പനികള്‍ വിപണനത്തിനായി അവരുടെ കഴിവുകള്‍ ദിനംപ്രതി നവീകരിച്ചുകൊണ്ടിരിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു
ലോകത്ത് അതിവേഗം വളരുന്ന ഇന്ത്യന്‍ വാഹന വ്യവസായത്തിന്റെ മൂല്യം 2035 ഓടെ 1 ലക്ഷം കോടി ഡോളറിലെത്തുമെന്ന് (83 ലക്ഷം കോടി രൂപ) റിപ്പോര്‍ട്ട്. ഡിസൈന്‍, വികസനം, മറ്റ് സാങ്കേതിക മേഖലകള്‍ എന്നിവയില്‍ നിന്നുള്ള 40,000 കോടി ഡോളറും (33 ലക്ഷം കോടി രൂപ) ഇതില്‍ ഉള്‍പ്പെടുന്നതായി മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ആര്‍തര്‍ ഡി ലിറ്റില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പറയുന്നു.
വാഹന കമ്പനികള്‍ വിശ്വസനീയവും മത്സരാധിഷ്ഠിതവുമായ വിപണനത്തിനായി അവരുടെ കഴിവുകള്‍ ദിനംപ്രതി നവീകരിച്ചുകൊണ്ടിരിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ഇത് 83 ലക്ഷം കോടി രൂപ മൂല്യം എന്ന ലക്ഷ്യം കൈവരിക്കാന്‍ സഹായിക്കും. ഇന്ത്യയുടെ ഓട്ടോമോട്ടീവ് വ്യവസായത്തിന് ഡിസൈന്‍, വികസനം, ഉല്‍പ്പാദനം എന്നിവയുടെ ആഗോള കേന്ദ്രമായി മാറാന്‍ കഴിയുമെന്നും ഇത് അന്താരാഷ്ട്ര വിപണികളെ ആകര്‍ഷിക്കുമെന്നും കണ്‍സള്‍ട്ടന്‍സിയുടെ മാനേജിംഗ് പാര്‍ട്ണര്‍ ബര്‍നിക് ചിത്രന്‍ മൈത്ര പറഞ്ഞു.
ഇന്ത്യന്‍ വാഹന വ്യവസായത്തിന്റെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി നയങ്ങള്‍ സര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുണ്ട്. വാഹന നിര്‍മ്മാതാക്കള്‍ക്ക് നികുതി ഇളവുകള്‍ വാഗ്ദാനം ചെയ്യുന്നതും ഗവേഷണത്തിനും വികസനത്തിനും നിക്ഷേപിക്കുന്നതും ഉള്‍പ്പെടെയുള്ള പിന്തുണ ഇത്തരം കമ്പനികള്‍ക്ക് രാജ്യത്ത് നിന്നും ലഭിക്കുനനുണ്ട്. കൂടാതെ റോഡുകളും ഹൈവേകളും ഉള്‍പ്പെടെ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും വന്‍തോതില്‍ നിക്ഷേപം നടത്തുന്നുണ്ട്. ഈ ഘടകങ്ങള്‍ക്ക് പുറമേ വര്‍ധിച്ചുവരുന്ന നഗരവല്‍ക്കരണവും ഇന്ത്യന്‍ വാഹന വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് കാരണമാണ്.