ലംബോർഗിനി പുതിയ ഹൈബ്രിഡ് എസ്‌.യു.വി പുറത്തിറക്കി; 45 ലക്ഷം രൂപ ലാഭിക്കാം ഈ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്താൽ

എക്സ്-ഷോറൂം വില 4.57 കോടി രൂപയാണ്; ഹൈബ്രിഡ് വാഹനങ്ങൾക്ക് യു.പിയിൽ രജിസ്‌ട്രേഷൻ ഫീസ് ഒഴിവാക്കി

Update:2024-08-10 15:25 IST

Image courtesy: lamborghini.com

ലംബോര്‍ഗിനി എസ്‌.യു.വിയായ ഉറുസിന്റെ ഹൈബ്രിഡ് പതിപ്പ് പുറത്തിറക്കി. പ്ലഗ്-ഇൻ ഹൈബ്രിഡ് വാഹനമാണ് ഉറുസ് എസ്.ഇ എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. പെട്രോളിനു പുറമേ ഇതിന് ഇലക്ട്രിക് ഒൺലി മോഡിലും പ്രവർത്തിക്കാന്‍ സാധിക്കും. കൂടാതെ ഇലക്ട്രിക് കാർ പോലെ ഇത് ചാർജ് ചെയ്യാനും സാധിക്കും.

25.9 kWh ലിഥിയം-അയൺ ബാറ്ററിയാണ് കാറിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇതുമൂലം 60 കിലോമീറ്റർ ഇലക്ട്രിക് മോഡിൽ പ്രവർത്തിക്കാൻ വാഹനത്തിന് സാധിക്കും. വെറും 3.4 സെക്കൻഡ് മാത്രമാണ് പൂജ്യത്തില്‍ നിന്ന് 100 കി.മീ/മണിക്കൂർ വേഗത കൈവരിക്കാൻ വാഹനത്തിന് ആവശ്യമുളളത്. മികച്ച എയറോഡൈനാമിക്‌സിനായി പുതിയ രൂപകല്‍പ്പനയില്‍ മെനഞ്ഞെടുത്ത മുന്‍ഭാഗം, നവീകരിച്ച ഹെഡ്‌ലൈറ്റുകൾ, പുതുക്കിയ ബമ്പറും ഗ്രില്ലും തുടങ്ങിയവ പ്രമുഖ ഇറ്റാലിയന്‍ ബ്രാന്‍ഡായ ലംബോര്‍ഗിനി ഉറുസ് എസ്.ഇ.യുടെ പ്രത്യേകതകളാണ്. 

രജിസ്ട്രേഷന്‍ നികുതിയില്‍ ഇളവുമായി യു.പി

വാഹനത്തിന്റെ വില (എക്സ്-ഷോറൂം) 4.57 കോടി രൂപയാണ്. ഉത്തര്‍പ്രദേശില്‍ നിന്ന് കാര്‍ വാങ്ങുന്നവര്‍ക്ക് രജിസ്ട്രേഷൻ ചെലവിൽ ഏകദേശം 45 ലക്ഷം രൂപയുടെ ഇളവ് ലഭിക്കും.

10 ലക്ഷത്തിൽ താഴെ വിലയുള്ള ഹൈബ്രിഡ് വാഹനങ്ങൾക്ക് രജിസ്ട്രേഷന്‍ നികുതിയുടെ എട്ട് ശതമാനവും എക്സ്-ഷോറൂം വില 10 ലക്ഷം രൂപയിൽ കൂടുതലുളള ഹൈബ്രിഡ് വാഹനങ്ങൾക്ക് നികുതിയുടെ 10 ശതമാനവും ഒഴിവാക്കുമെന്ന് യു.പി സർക്കാർ കഴിഞ്ഞ മാസമാണ് പ്രഖ്യാപിച്ചത്. യു.പി സര്‍ക്കാര്‍ പുതിയ നയത്തോടെ ഹൈബ്രിഡ്, പ്ലഗ്-ഇൻ ഹൈബ്രിഡ് വാഹനങ്ങൾ വാങ്ങുന്നവർക്ക് റോഡ് നികുതി ഒഴിവാക്കി സാധാരണ രജിസ്ട്രേഷൻ പ്രോസസ്സിംഗ് ഫീസ് മാത്രമാണ് ഈടാക്കുന്നത്.

വാഹനത്തിന്റെ മറ്റു പ്രത്യേകതകള്‍

620 bhp പവറും 800 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 4.0-ലിറ്റര്‍, ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് V8 എഞ്ചിനാണ് ഉറുസ് SE-ക്ക് നല്‍കിയിട്ടുളളത്. ഇലക്ട്രിക്ക് മോട്ടോറുമായി സംയോജിപ്പിച്ച് 800hp പവറും 950Nm ടോര്‍ക്കും പവര്‍ ഔട്ട്പുട്ടാണ് ഇത് ഉല്‍പ്പാദിപ്പിക്കുന്നത്.

25.9kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്ക് ഉപയോഗിക്കുന്ന പ്ലഗ്-ഇന്‍ ഹൈബ്രിഡ് സിസ്റ്റത്തിനൊപ്പം ഘടിപ്പിക്കുന്നതിനും സാധിക്കുന്നതാണ്. 8 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് വാഹനത്തിന് നല്‍കിയിട്ടുളളത്.

അപ്‌ഡേറ്റ് ചെയ്ത ഇന്റർഫേസ്, പുനർരൂപകൽപ്പന ചെയ്ത എയർ വെന്ററുകൾ, വലിയ 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ തുടങ്ങിയവ അകംഭാഗത്തിന്റെ സവിശേഷതകളാണ്. ടെലിമെട്രി സംവിധാനം, പുതുക്കിയ ഡ്രൈവർ-അസിസ്റ്റൻസ് ഡിസ്പ്ലേകള്‍ തുടങ്ങിയവ മികച്ച ഡ്രൈവിംഗ് അനുഭവം പ്രദാനം ചെയ്യുന്നു.
അടുത്ത വര്‍ഷം വാഹനം ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് ലഭ്യമാകും
അടുത്ത വർഷത്തോടെ വാഹനം ഇന്ത്യയിൽ വില്‍പ്പനയ്ക്ക് ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. മറ്റ് മികച്ച ഹൈബ്രിഡ് മോഡലുകൾ ആഗോള വിപണിയിൽ അവതരിപ്പിച്ചാല്‍ ഉടന്‍ ഇന്ത്യയിലെത്തിക്കാനാണ് പദ്ധതിയുളളത്. സെലിബ്രിറ്റികളുടെയും പണക്കാരുടെയും പ്രിയപ്പെട്ട എസ്‌.യു.വികളിൽ ഒന്നായി ഇതിനകം ഉറുസ് മാറിയിട്ടുണ്ട്.
ലംബോർഗിനി ഇന്ത്യ 2023 ല്‍ 103 യൂണിറ്റുകളുടെ റെക്കോഡ് വില്‍പ്പനയാണ് നടത്തിയത്. 2022 ലെ 92 യൂണിറ്റിൽ നിന്ന് 12 ശതമാനം വളർച്ചയാണ് കമ്പനി കൈവരിച്ചത്. പശ്ചിമേഷ്യയിലെ ചെങ്കടൽ പ്രതിസന്ധി കാരണം ഈ വർഷം ആദ്യം ഇന്ത്യയിലേക്ക് വാഹനങ്ങള്‍ എത്തിക്കുന്നതില്‍ ചില കാലതാമസമുണ്ടായെങ്കിലും ഉടന്‍ കൂടുതൽ കാറുകൾ ഇന്ത്യയിലേക്ക് എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
Tags:    

Similar News