സ്‌കോര്‍പിയോ ക്ലാസിക്കുമായി മഹീന്ദ്ര, സവിശേഷതകള്‍ ഇങ്ങനെ
എസ് വേരിയന്റിന് 11.99 ലക്ഷം രൂപയാണ് അടിസ്ഥാന വില
സ്‌കോര്‍പിയോ ക്ലാസിക് (Scorpio Classic) പുറത്തിറക്കി മഹീന്ദ്ര (Mahindra). ഒറിജിനല്‍ സ്‌കോര്‍പിയോയുടെ റീബ്രാന്‍ഡഡ് പതിപ്പായ സ്‌കോര്‍പിയോ ക്ലാസിക് സ്‌കോര്‍പിയോ എന്നിന് താഴെയുള്ള മോഡലായാണ് പുറത്തിറക്കിയത്. എസ് വേരിയന്റിന് 11.99 ലക്ഷം രൂപയും എസ് 11 വേരിയന്റിന് 15.49 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില.
പുതിയ മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസികില്‍ 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണുള്ളത്. 132 എച്ച്പി, 300 എന്‍എം പവര്‍ നല്‍കുന്ന 2.2 ലിറ്റര്‍ ടര്‍ബോ-ഡീസല്‍, ജെന്‍ 2 എംഹോക്ക് എഞ്ചിന്‍ എന്നിവയും ഈ മോഡലില്‍ ലഭിക്കുന്നു. നേരത്തെയുണ്ടായിരുന്ന എഞ്ചിനേക്കാള്‍ 55 കിലോ ഭാരം കുറഞ്ഞതാണ് സ്‌കോര്‍പിയോ ക്ലാസികിലെ എഞ്ചിന്‍. ഇത് ഇന്ധനക്ഷമത 14 ശതമാനം മെച്ചപ്പെടുത്തിയതായി കമ്പനി അവകാശപ്പെടുന്നു.
പുതിയ 'ട്വിന്‍ പീക്ക്സ്' ലോഗോയുള്ള ഫ്രണ്ട് ഗ്രില്‍, ഫോക്സ് സ്‌കിഡ് പ്ലേറ്റുള്ള പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ബമ്പര്‍, അപ്ഡേറ്റ് ചെയ്ത ഫോഗ്ലാമ്പ് ഹൗസിംഗ്, ഇരുവശത്തും ഡ്യുവല്‍ ടോണ്‍ ക്ലാഡിംഗ്, പുനര്‍രൂപകല്‍പ്പന ചെയ്ത ടെയില്‍ ലാമ്പ് എന്നിവയാണ് സ്‌കോര്‍പിയോ ക്ലാസിക്കിന്റെ രൂപകല്‍പ്പനയിലെ ആകര്‍ഷണം. നിലവിലുള്ള 17 ഇഞ്ച് അലോയ് വീലുകള്‍ക്ക് ഡ്യൂവല്‍ ടോണ്‍ ഫിനിഷും മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു.
ഉള്ളില്‍ കോര്യമായ മാറ്റമൊന്നും വന്നിട്ടില്ല. എന്നിരുന്നാലും, ഫോണ്‍ മിററിംഗ് 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഈ മോഡലിലുണ്ടാകും. ഡാഷ്ബോര്‍ഡിനും സെന്റര്‍ കണ്‍സോളിനും വുഡന്‍ ഇന്‍സെര്‍ട്ടുകളും ലഭിക്കുന്നു. സ്‌കോര്‍പിയോ ക്ലാസിക്കിന് മൂന്ന് സീറ്റിംഗ് ലേഔട്ടുകള്‍ ലഭ്യമാണ് - രണ്ട് 7-സീറ്ററുകളും ഒന്ന് 9-സീറ്ററും. ക്രൂയിസ് കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, രണ്ടാം നിരയ്ക്കുള്ള എസി വെന്റുകള്‍, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍ എന്നിവയും ഈ മോഡലിനെ സവിശേഷമാക്കുന്നു.