മഴക്കാലത്തെ വരവേല്‍ക്കാം, വാഹനങ്ങള്‍ക്ക് കരുതലൊരുക്കാം

തേയ്മാനം സംഭവിച്ച ടയറുകള്‍ മഴക്കാലത്തിന് മുമ്പ് മാറ്റിയില്ലെങ്കില്‍ വലിയ അപകടങ്ങള്‍ക്ക് വരെ കാരണമായേക്കാം

Update:2021-06-08 17:07 IST

വേനലിന് വിരാമമായി വീണ്ടുമൊരു മഴക്കാലത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് നാം. അതിനുള്ള തയാറെടുപ്പുകളും തുടങ്ങിയിട്ടുണ്ട്. വീടിന് ചുറ്റും വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കാനും മഴക്കാല അസുഖങ്ങളില്‍നിന്ന് രക്ഷനേടാനും നാം കരുതലൊരുക്കുന്നത് പോലെ നിത്യവും ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കും നാം സംരക്ഷണം നല്‍കേണ്ടതുണ്ട്. പ്രത്യേകിച്ച് മുന്‍വര്‍ഷങ്ങളിലെ പ്രളയസാചര്യം ഓര്‍ത്തുകൊണ്ട് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന കാര്യത്തില്‍ പോലും നാം അതീവ ശ്രദ്ധചെലുത്തണം.

ശ്രദ്ധിക്കണം, ഇക്കാര്യങ്ങള്‍
* മഴക്കാലത്തിന് മുമ്പ് വാഹനം പൂര്‍ണമായും സര്‍വീസിംഗ് ചെയ്യുന്നത് നന്നായിരിക്കും. വാഹനത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള ചെളിയും മറ്റും നീക്കം ചെയ്ത് അപകട സാഹചര്യങ്ങള്‍ ഒഴിവാക്കേണ്ടതാണ്. ബ്രേക്ക്പാഡില്‍ ചെളി പിടിച്ചാല്‍ വന്‍അപകടത്തിന് വരെ കാരണമായേക്കും. കൂടാതെ അകം വശം ശുചീകരിച്ച് ദുര്‍ഗന്ധസാഹചര്യവും ഒഴിവാക്കണം.
* മഴക്കാലത്ത് അത്യാവശ്യമായി വരുന്നതിനാല്‍ തന്നെ വൈപ്പറിന്റെ കാര്യക്ഷമത പരിശോധിക്കേണ്ടതാണ്. ബ്ലേഡ് തേഞ്ഞ കാലപ്പഴക്കമെത്തിയ വൈപ്പറുകള്‍ക്ക് പകരം പുതിയവ മാറ്റിസ്ഥാപിക്കണം. അല്ലെങ്കില്‍ മഴ പെയ്യുമ്പോള്‍ ചില്ല് വൃത്തിയാവുകയില്ല. കൂടാതെ വൈപ്പര്‍ വാഷര്‍ ബോട്ടിലില്‍ ആവശ്യത്തിന് വെള്ളമുണ്ടോയെന്നും ഇത് പ്രവര്‍ത്തനയോഗ്യമാണോ എന്നും നോക്കേണ്ടതാണ്.
* തേയ്മാനം സംഭവിച്ച ടയറുകള്‍ നിര്‍ബന്ധമായും മഴക്കാലത്തിന് മുമ്പ് മാറ്റേണ്ടതാണ്. അല്ലാത്തപക്ഷം വാഹനം തെന്നി വലിയ അപകടങ്ങള്‍ വരെ സംഭവിച്ചേക്കാം
* എസിയുടെ കാര്യത്തിലും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. എസി ഫില്‍ട്ടര്‍ ക്ലീന്‍ ചെയ്തില്ലെങ്കില്‍ ദുര്‍ഗന്ധത്തിന് കാരണമായേക്കും. യാത്ര കഴിഞ്ഞാലോ മഴയൊഴിഞ്ഞ് വെയിലെത്തുകയോ ചെയ്യുമ്പോള്‍ ഗ്ലാസ് പൂര്‍ണമായും തുറന്നിടുന്നത് നല്ലതാണ്.
* കൂടുതലായും മഴ കൊള്ളുന്ന വാഹനമാണെങ്കില്‍ വാക്‌സ് പോളിഷിംഗ് ചെയ്യുന്നത് നന്നായിരിക്കും. ഇത് വെള്ളം തങ്ങിനില്‍ക്കുന്നത് ഒഴിവാക്കും. കൂടാതെ മഴകൊണ്ട വാഹനം കവര്‍ കൊണ്ട് മൂടരുത്. വാഹനം തുടച്ച് വൃത്തിയാക്കിയതിന് ശേഷമേ കവര്‍ ഉപയോഗിച്ച് മൂടാന്‍ പാടുള്ളൂ.
* മഴക്കാലത്ത് ബാറ്ററികള്‍ക്ക് അതീവ സംരക്ഷണം നല്‍കേണ്ടതുണ്ട്. അതിനാല്‍ പെട്രോളിയം ജെല്ലി ഉപയോഗിച്ച് കവര്‍ ചെയ്യുന്നത് നന്നായിരിക്കും. ഇത് തുരുമ്പ് പിടിക്കുന്നത് ഒഴിവാക്കും.
മരത്തണലിലും താഴ്ന്ന സ്ഥലങ്ങളിലും പാര്‍ക്കിംഗ് വേണ്ട

പലപ്പോഴും ആളുകള്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ തണല്‍ തേടി പോവാറാണ് പതിവ്. എന്നാല്‍ മഴക്കാലത്ത് ഈ പതിവ് ഒഴിവാക്കുന്നതായിരിക്കും നല്ലത്. കനത്ത മഴയും കാറ്റുമുണ്ടാകുമ്പോള്‍ മരങ്ങള്‍ കടപുഴകി വീഴുമെന്നതിനാല്‍ സുരക്ഷിതമായ തുറസായ ഇടങ്ങളില്‍ മാത്രം വാഹനം പാര്‍ക്ക് ചെയ്യുക. കൂടാതെ താഴ്ന്ന സ്ഥലങ്ങളിലെയും മണ്ണുറയ്ക്കാത്ത സ്ഥലങ്ങളിലെയും പാര്‍ക്കിംഗ് നിര്‍ബന്ധമായും ഒഴിവാക്കേണ്ടതാണ്. താഴ്ന്ന സ്ഥലങ്ങളില്‍ വെള്ളം കയറി വാഹനം മുങ്ങിയാല്‍ വലിയ നഷ്ടമായിരിക്കും ഉടമയ്ക്കുണ്ടാവുക.


Tags:    

Similar News