അഞ്ച് വര്‍ഷത്തിനകം ₹50,000 കോടി നിക്ഷേപിക്കാന്‍ മാരുതി സുസുക്കി
ലക്ഷ്യം ഉല്‍പാദന ശേഷി ഇരട്ടിപ്പിക്കലും കയറ്റുമതി വര്‍ധനയും
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ (എം.എസ്.ഐ.എല്‍) 2030-31 ഓടെ 50,000 കോടി രൂപ നിക്ഷേപിക്കുമെന്ന് കമ്പനി ചെയര്‍മാന്‍ ആര്‍.സി. ഭാര്‍ഗവ പറഞ്ഞു. ഇതില്‍ 45,000 കോടി രൂപ പ്രതിവര്‍ഷം 40 ലക്ഷം വാഹനങ്ങള്‍ എന്ന നിലയില്‍ ശേഷി ഇരട്ടിയാക്കുന്നതിനായി ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത് കൂടാതെ വിതരണ ശൃംഖല മെച്ചപ്പെടുത്തുക, കയറ്റുമതി സൗകര്യം വിപുലീകരിക്കുക എന്നിവയിലും നിക്ഷേപം നടത്തുമെന്നും ആര്‍.സി. ഭാര്‍ഗവ പറഞ്ഞതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ 2.5 ലക്ഷത്തില്‍ നിന്ന് 2030-31 സാമ്പത്തിക വര്‍ഷത്തോടെ 7.5 ലക്ഷം വാഹനങ്ങള്‍ കയറ്റുമതി ചെയ്യാനും മാരുതി പദ്ധതിയിടുന്നുണ്ട്.
പുതിയ പ്ലാന്റുകളും മോഡലുകളും
കമ്പനിയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹരിയാനയിലെ ഖാര്‍ഖോഡയിലുള്ള ഫാക്ടറിയില്‍ 2025ല്‍ ഉല്‍പ്പാദനം ആരംഭിക്കും. ഇവിടെ 2.5 ലക്ഷം വാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള വാര്‍ഷിക ശേഷിയുണ്ടാകും. പ്ലാന്റിന്റെ മൊത്തം ശേഷി 10 ലക്ഷം വാഹനങ്ങളില്‍ എത്തുന്നതുവരെ എല്ലാ വര്‍ഷവും ശേഷി കൂട്ടിച്ചേര്‍ക്കും.
രണ്ടാമത്തെ പ്ലാന്റ് 2026-27 സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തനക്ഷമമാകാന്‍ സാധ്യതയുണ്ടെന്ന് കമ്പനി പറയുന്നു. 2031 വരെ വാഹന വില്‍പ്പനയില്‍ പ്രതിവര്‍ഷം ശരാശരി 6% മുതല്‍ 6.5% വരെ വളര്‍ച്ചയുണ്ടാകുമെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വിപുലീകരണ പദ്ധതിയെന്ന് ആര്‍.സി. ഭാര്‍ഗവ പറഞ്ഞു. കമ്പനി 2030-31 സാമ്പത്തിക വര്‍ഷത്തോടെ വാഹന മോഡലുകളുടെ എണ്ണം 17ല്‍ നിന്ന് 27 ആയി ഉയര്‍ത്തുമെന്നും അതില്‍ ആറ് എണ്ണം ഇലക്ട്രിക് വാഹനങ്ങളായിരിക്കുമെന്നും (EV) ആര്‍.സി. ഭാര്‍ഗവ കൂട്ടിച്ചേര്‍ത്തു.