ഇ.വി ചാർജിംഗ് പോയിന്റുകള്‍ വന്‍ തോതില്‍ സ്ഥാപിക്കാനൊരുങ്ങി മാരുതി സുസുക്കി, ലക്ഷ്യമിടുന്നത് ഗണ്യമായ ഇ.വി വില്‍പ്പന
ഇന്ത്യയിലുടനീളം സമഗ്രമായ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കാന്‍ കമ്പനിക്ക് പദ്ധതി
കമ്പനിയുടെ ആദ്യ ഇലക്ട്രിക് വെഹിക്കിള്‍ അവതരിപ്പിക്കുന്നതിന് മുമ്പായി വന്‍ തോതില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനൊരുങ്ങി മാരുതി സുസുക്കി. ഇതിന്റെ ഭാഗമായി 25,000 ചാർജിംഗ് പോയിന്റുകളാണ് കമ്പനി സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്.
ലക്ഷ്യമിടുന്നത് വിപുലമായ ശൃംഖല
ഇന്ത്യയിലുടനീളം സമഗ്രമായ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കാനുള്ള പദ്ധതിയാണ് കമ്പനിക്കുളളത്. ഇന്ത്യയിൽ വ്യാപകമായി ഇ.വി വാഹനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ മടിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ശക്തമായ ചാർജിംഗ് ഇക്കോസിസ്റ്റത്തിന്റെ അഭാവമാണ്. ഇത് പരിഹരിക്കുന്നതിനാണ് വിപുലമായ ശൃംഖല രൂപകൽപ്പന ചെയ്യാന്‍ കമ്പനിയെ പ്രേരിപ്പിക്കുന്നത്.
ഇന്ത്യയിലെ 2,300 നഗരങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 5,100-ലധികം സേവന കേന്ദ്രങ്ങാണ് മാരുതിക്കുളളത്. ഈ ശൃംഖല പ്രയോജനപ്പെടുത്താനാണ് കമ്പനി ഉദ്ദേശിക്കുന്നത്. വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്കും ചാർജിംഗിനും വേണ്ടിയുള്ള കേന്ദ്രങ്ങളായി ഇവയെ മാറ്റുന്നതാണ്.
എണ്ണ വിപണന കമ്പനികളുമായി ചര്‍ച്ചയില്‍
ചാർജിംഗ് ശൃംഖല വിപുലീകരിക്കുന്നതിനായി ഓയിൽ മാർക്കറ്റിംഗ് കമ്പനികളുമായും (ഒ.എം.സി) ഊർജ സ്ഥാപനങ്ങളുമായും കമ്പനി സജീവമായ ചർച്ചകളിലാണ്. ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ കമ്പനികളുടെ മാത്രം 81,000 റീട്ടെയിൽ ഔട്ട്‌ലെറ്റുകളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ ഇ.വി ചാർജിംഗ് സ്റ്റേഷനുകള്‍, സർവീസിംഗ് പോയിന്റുകൾ തുടങ്ങിയവ ഒരുക്കുന്നതിനായി സ്ഥലം ഉറപ്പാക്കാനാണ് മാരുതി സുസുക്കി എണ്ണ വിപണന കമ്പനികളെ സമീപിച്ചിരിക്കുന്നത്.
മാരുതിയുടെ ഈ നീക്കം രാജ്യത്തുടനീളമുള്ള ഇ.വി ചാര്‍ജിംഗ് സ്റ്റേഷനുകളുടെ വ്യാപകമായ സാന്നിധ്യം ഉറപ്പാക്കുമെന്നാണ് കരുതുന്നത്. ഇ.വി ചാർജിംഗ് സൗകര്യങ്ങള്‍ വര്‍ധിക്കുന്നത്, ഇത്തരം വാഹനങ്ങള്‍ കൂടുതലായി വാങ്ങാന്‍ ഉപയോക്താക്കളെ പ്രേരിപ്പിക്കും.
ഓരോ സേവന കേന്ദ്രത്തിലും ഇ.വി ചാർജിംഗിനായി ആദ്യ ഘട്ടത്തില്‍ കുറഞ്ഞത് ഒരു പ്രത്യേക ബേയും രണ്ട് ചാർജിംഗ് പോയിന്റുകളും സജ്ജീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഇ.വി സർവീസ് മെക്കാനിക്കുകൾക്കായി കമ്പനി ബംഗളൂരുവില്‍ പരിശീലന പരിപാടികൾ ആരംഭിച്ചിട്ടുണ്ട്. വൈദ്യുത വാഹനങ്ങളുടെ അറ്റകുറ്റപ്പണികളും സേവന ആവശ്യകതകളും കൈകാര്യം ചെയ്യാൻ മാരുതിയുടെ സാങ്കേതിക ജീവനക്കാർ സജ്ജരാണെന്ന് ഉറപ്പാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.
ഇ.വി.എക്‌സ് അടുത്ത വര്‍ഷത്തോടെ
ഇ.വി.എക്‌സ് എന്ന ഇടത്തരം എസ്.യു.വി 2025 ജനുവരിയോടെ അവതരിപ്പിച്ച് ഇലക്ട്രിക് വാഹന വിപണിയിലേക്ക് പ്രവേശിക്കാനാണ് കമ്പനിയുടെ നിലവിലെ പദ്ധതി.
ഇ.വി.എക്‌സിന് 20-25 ലക്ഷം രൂപയ്‌ക്ക് ഇടയിലായിരിക്കും വില. കൃത്യമായ വില വാഹനം പുറത്തിറക്കിയ ശേഷമാണ് അറിയാനാകുക. മാരുതിയുടെ ഗുജറാത്ത് പ്ലാന്റിൽ നിർമ്മിക്കുന്ന ഇ.വി.എക്‌സ് പ്രീമിയം നെക്‌സ ഔട്ട്‌ലെറ്റുകള്‍ വഴിയായിരിക്കും വിറ്റഴിക്കുക.
അടുത്ത 7 വർഷത്തിനുള്ളിൽ അര ഡസൻ ഇലക്ട്രിക്ക് വാഹനങ്ങളാണ് മാരുതി അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നത്.