ഇന്ത്യന്‍ വാഹന വിപണിയ്ക്ക് ഇതെന്ത് പറ്റി ? ഉത്പാദനം വെട്ടിക്കുറച്ച് മാരുതി-സുസുക്കി

പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ ഓഫറുകള്‍ പ്രഖ്യാപിക്കാന്‍ സാധ്യതയെന്ന് വിലയിരുത്തല്‍

Update:2024-08-21 14:31 IST

Image credit : Popular Vehicles Services Ltd.

നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ യാത്രാവാഹന സെഗ്‌മെന്റില്‍ ഡിമാന്‍ഡ് കുറഞ്ഞതിന് പിന്നാലെ ഉത്പാദനം വെട്ടിക്കുറച്ച് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. കമ്പനിയുടെ പ്രധാന നിക്ഷേപകരിലൊരാളായ സുസുക്കി മോട്ടോര്‍ കോര്‍പറേഷന്‍ (എസ്.എം.സി) ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. വിപണിയിലെ സ്‌റ്റോക്ക് വര്‍ധന നിയന്ത്രിക്കാന്‍ ഉത്പാദനത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് സുസുക്കി മോട്ടോര്‍ ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. വരാനിരിക്കുന്ന ഉത്സവ സീസണ്‍ നിര്‍ണായകമാണെന്നും വിപണിയിലെ ട്രെന്‍ഡുകള്‍ പരിശോധിച്ച് കൊണ്ടിരിക്കുകയാണെന്നും പ്രതികരണത്തില്‍ പറയുന്നു.

ഉത്പാദനം കൂടി, വില്‍പ്പന അത്രയ്ക്കില്ല

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ജൂണില്‍ അവസാനിച്ച, നടപ്പുസാമ്പത്തിക വര്‍ഷത്തിലെ, ആദ്യ പാദത്തില്‍ 4,96,000 യൂണിറ്റുകളുമായി 7.4 ശതമാനം ഉത്പാദന വളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. ഇതില്‍ 4,27,000 യൂണിറ്റുകള്‍ മാത്രമാണ് വില്‍ക്കാനായത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ചാല്‍ 1.2 ശതമാനം മാത്രം വര്‍ധന.

ഷോറൂമുകളില്‍ കെട്ടിക്കിടക്കുന്നോ?

വില്‍പ്പനയിലുണ്ടായ ഈ കുറവ് ഇന്ത്യന്‍ വാഹന വിപണിയെ മൊത്തം ആശങ്കയിലാഴ്ത്തിയിരുന്നു.വാഹനങ്ങള്‍ വില്‍ക്കപ്പെടാതെ ഷോറൂമുകളില്‍ കെട്ടിക്കിടക്കുകയാണോയെന്ന ആശങ്കയും ബലപ്പെട്ടു. നിലവില്‍ ഇന്ത്യയിലെ ഷോറൂമുകളില്‍ രണ്ട് മാസത്തോളം വില്‍പ്പന നടത്താനുള്ള വാഹനങ്ങളുടെ സ്‌റ്റോക്കുണ്ടെന്നാണ് ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (എഫ്.എ.ഡി.എ) കണക്കുകള്‍ പറയുന്നത്. 7,30,000 യൂണിറ്റുകളാണ് ഇത്തരത്തിലുള്ളത്. എന്നാല്‍ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ച്ചറേഴ്‌സിന്റെ (എസ്.ഐ.എ.എം) കണക്കനുസരിച്ച് നാല് ലക്ഷത്തോളം യൂണിറ്റുകളാണ് ഷോറൂമുകളിലുള്ളത്.
സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ വില്‍പ്പന കുറയുന്നത് സ്വാഭാവികമാണെന്നാണ് സുസുക്കി മോട്ടോര്‍ കോര്‍പറേഷന്റെ വിശദീകരണം. ഇത്തവണ ആദ്യ പാദത്തിലെ ഡിമാന്‍ഡ് പ്രതീക്ഷിച്ചതിനേക്കാള്‍ കുറവായിരുന്നു. പ്രതികൂല കാലാവസ്ഥയും ലോക്‌സഭാ തിരഞ്ഞെടുപ്പുമാണ് ഇതിന് കാരണമായത്. ഇത് സ്‌റ്റോക്ക് വര്‍ധിക്കാനും ഇടയാക്കി. എന്നാല്‍ ആഗസ്റ്റ് അവസാനത്തോടെ ഉത്സവ സീണണ്‍ ആരംഭിക്കുന്നത് വിപണിയില്‍ ഉണര്‍വുണ്ടാക്കുമെന്നും വില്‍പ്പന വര്‍ധിക്കുമെന്നും സുസുക്കി അധികൃതര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ഓഫറുകള്‍ക്ക് സാധ്യത

അതേസമയം, വില്‍പ്പന കുറയുകയും സ്‌റ്റോക്ക് വര്‍ധിക്കുകയും ചെയ്യുന്നത് മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കാന്‍ മാരുതി സുസുക്കി അടക്കമുള്ള വാഹന നിര്‍മാണ കമ്പനികള്‍ വന്‍ ഓഫറുകള്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഉത്സവ സീസണുകളില്‍ കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിന് സാധാരണ കമ്പനികള്‍ ഓഫറുകള്‍ നല്‍കാറുണ്ട്. ഇതിന് പുറമെ ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, കുറഞ്ഞ കാര്‍ വായ്പാ പലിശ നിരക്ക്, എക്സ്റ്റന്‍ഡഡ് വാറണ്ടി, സൗജന്യ സര്‍വീസ് എന്നിവ പോലുള്ള പ്രത്യേക ഓഫറുകളുമുണ്ടായേക്കാം.
Tags:    

Similar News