പുതിയ മോഡലുകൾ ഹിറ്റായി; എസ്.യു.വി വിപണിയിലും നായകനാകാൻ മാരുതി

കഴിഞ്ഞ രണ്ടു മാസത്തെ വില്‍പ്പന വളര്‍ച്ച സെപ്റ്റംബറിലും തുടര്‍ന്നേക്കും

Update:2023-09-27 18:52 IST

ചെറുകാര്‍ വില്‍പ്പനയില്‍ കുറവുണ്ടായതിനെ തുടര്‍ന്ന് വാഹന വിപണിയില്‍ പങ്കാളിത്തം നഷ്ടമായി തുടങ്ങിയ മാരുതി എസ്.യു.വികളിലൂടെ (sport utility vehicle /SUV) ശക്തമായി മടങ്ങി വരുന്നു. 2020ല്‍ ഡീസല്‍ എന്‍ജിന്‍ വിപണിയില്‍ നിന്ന് പിന്മാറിയതാണ് മാരുതിക്ക് മങ്ങലേല്‍പ്പിച്ചത്. കൂടാതെ, എതിരാളികള്‍ പുത്തന്‍ എസ്.യു.വികളുമായി വിപണി പിടിച്ചതും പുതിയ മോഡലുകള്‍ ഇല്ലാത്തതും മാരുതിയെ പിന്നോട്ട് വലിച്ചു.

ലക്ഷ്യത്തിലേക്ക്
2023 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ വിപണി വിഹിതം തീരെ കുറവായിരുന്നെങ്കിലും ഇപ്പോൾ അത് 25 ശതമാനത്തോളമായി. വൈകാതെ 30 ശതമാനമെന്ന ലക്ഷ്യം കൈവരിച്ചേക്കാം.
ജൂലൈ മുതല്‍ വില്‍പ്പനയില്‍ വര്‍ധന നേടുന്ന മാരുതിക്ക്  സെപ്റ്റംബറിലും അത് നിലനിര്‍ത്താനാകുമെന്നാണ് പ്രതീക്ഷ. ജൂലൈയിലും ഓഗസ്റ്റിലും കമ്പനിയുടെ എസ്.യു.വി വിഹിതം 24.5 ശതമാനത്തിലധികമാണ്.
ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള ഉത്പാദന കണക്കുകള്‍ പ്രകാരം മാരുതിക്ക് നേതൃസ്ഥാനം നേടാനായിട്ടുണ്ട്. ഓഗസ്റ്റിലേതിനു സമാനമായി 1,89,000 യൂണിറ്റ് മൊത്ത വിതരണം സെപ്റ്റംബറിലും പ്രതീക്ഷിക്കുന്നുണ്ട്.
2024 സാമ്പത്തിക വര്‍ഷത്തില്‍ ഇതു വരെയുള്ള  കണക്കനുസരിച്ച് മാരുതിയുടെ എസ്.യു.വി വിപണി വിഹിതം 22 ശതമാനമാണ്. 2030 ആകുമ്പോള്‍ എസ്.യു.വി വിപണിയുടെ മൂന്നിലൊന്നും യാത്രാ വാഹനങ്ങളുടെ 50 ശതമാനവും സ്വന്തമാക്കാനാണ് മാരുതി ലക്ഷ്യമിടുന്നത്.
പാസഞ്ചര്‍ കാറില്‍ മുന്നില്‍
യാത്രാ വാഹന വില്‍പ്പനയും സെപ്റ്റംബറില്‍ റെക്കോഡിലായിരിക്കുമെന്നാണ് സൂചന. ഒറ്റ മാസത്തില്‍ 3,61,000 യൂണിറ്റ് വില്‍പ്പനയാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ എസ്.യു.വി ഇതര വിപണിയില്‍ 55 ശതമാനം വിഹിതം മാരുതിക്കുണ്ട്. ബ്രെസ, ലൈഫ്‌സ്റ്റൈല്‍ ക്രോസോവര്‍ ഫ്രോന്‍ക്‌സ്, മിഡ് സൈസ് എസ്.യു.വി ഗ്രാന്‍ഡ് വിറ്റാറ, ഓഫ് റോഡര്‍ ജിംനി എന്നിങ്ങനെ പാസഞ്ചര്‍ വാഹനങ്ങളില്‍ മാരുതിയുടെ പോര്‍ട്ട്‌ഫോളിയോ ശക്തമാണ്. കൂടാതെ ഉത്സവകാലയളവില്‍ മെച്ചപ്പെട്ട വിതരണം നടത്താനായതും നേതൃസ്ഥാനത്തേക്ക് തിരിച്ചെത്താന്‍ മാരുതിയെ സഹായിച്ചു.
ഥാര്‍, എക്‌സ്.യു.വി300 എന്നിവയുമായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയാണ് മാരുതിക്ക് ശക്തമായ ഭീഷണി ഉയര്‍ത്തുന്നത്.
Tags:    

Similar News